wayanad local

മലബാറിലെ ആദ്യ ഗ്രാമ കോടതി വൈത്തിരിയില്‍

കല്‍പ്പറ്റ: മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ (ഗ്രാമ കോടതി) വൈത്തിരിയില്‍ ജൂണ്‍ നാലിന് പ്രവര്‍ത്തനമാംരംഭിക്കും. ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്റ്റ് അനുസരിച്ചാണിത് സ്ഥാപിക്കുന്നത്.
2009 ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യമുള്ള ഈ നിയമമനുസരിച്ച് രാജ്യത്ത് 5,000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 200ല്‍ താഴെ മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളാണ് ഗ്രാമ കോടതിയുടെ അധികാര പരിധിയില്‍ വരുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് തുല്യമായ ന്യായാധികാരിയാണ് കോടതിയുടെ അധികാരി. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുമായി ആലോചിച്ചാണ് നിയമനം. വിപുലമായ പരസ്യം നല്‍കി അധികാര പരിധിയിലുള്ള ഏതു സ്ഥലത്തും ഒരു മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ ഈ കോടതിക്ക് സാധിക്കും.
സിവില്‍-ക്രിമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും ഗ്രാമ കോടതിക്കുണ്ട്.
ജില്ലാ കോടതി, ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എന്നിവ മുന്‍കൈയെടുത്താണ് ജില്ലയില്‍ ഗ്രാമ കോടതി സ്ഥാപിക്കുന്നത്. ഗ്രാമ കോടതി അധികാര പരിധിയില്‍ വരുന്ന വെങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തുകളും ഗ്രാമ കോടതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്.
ജൂണ്‍ നാലിനു നടക്കുന്ന ഗ്രാമ കോടതിയുടെ ഉദ്ഘാടനം സംബന്ധിച്ച യോഗത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, അഡീഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ്-1 എസ് എച്ച് പഞ്ചാപകേശന്‍, എംഎസിടി ജഡ്ജി ശശിധരന്‍, അഡീഷനല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ്- 2 ഇ അയൂബ് ഖാന്‍, കല്‍പ്പറ്റ മുന്‍സിഫ് ആര്‍ എം സല്‍മത്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ജെ അനസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it