kannur local

മലബാര്‍ വികസനത്തിനു ശ്രദ്ധ നല്‍കും: മുഖ്യമന്ത്രി

തലശ്ശേരി: കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം മലബാര്‍ മേഖലയുടെ വികസനത്തിനു പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജന്‍മനാടായ പിണറായിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിന്റെ വികസനമുരടിപ്പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കും. ക്രമസമാധാനപാലനം പ്രധാന കാര്യമാണ്. ഒരു ഡസന്‍ സീറ്റുകളെങ്കിലും ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു ആര്‍എസ്എസിന്റെ പ്രതീക്ഷ. ഒരു സീറ്റിലൊതുങ്ങിയതിന്റെ നിരാശയില്‍നിന്നാണ് അക്രമങ്ങള്‍ നടത്തുന്നത്. ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള പരസ്പരധാരണ കൊണ്ടാണ് എല്‍ഡിഎഫിന് സീറ്റ് കുറഞ്ഞത്. മോശമായതെല്ലാം ചാര്‍ത്തിക്കിട്ടിയ ഒരാളാണ് ഞാന്‍. കല്ലും നെല്ലും പതിരും തിരിച്ചറിയാനുള്ള അസാമാന്യബോധം ജനങ്ങള്‍ക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ ജനമനസ്സിനെ തെറ്റായ രീതിയില്‍ വലിയതോതിലൊന്നും സ്വാധീനിക്കാനാവില്ല. കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ കെ രാജേഷ് എംപി, പി ജയരാജന്‍, സി ടി മുരളി, എന്‍ ബാലന്‍, കക്കോത്ത് രാജന്‍, പി ലീല സംസാരിച്ചു.
കണ്ണൂര്‍: നാടിനെ പുതുക്കിപ്പണിയുക, നവകേരളം സൃഷ്ടിക്കുക എന്ന ദൗത്യമാണ് ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ ഏല്‍പ്പിച്ചിട്ടുള്ളതെന്നു പിണറായി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ജില്ലയിലെ മന്ത്രിമാര്‍ക്കും കണ്ണൂരില്‍ എല്‍ഡിഎഫ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കില്ല. ഓരോ പ്രശ്‌നത്തിലും ഇടപെട്ട് വ്യക്തമായ തീരുമാനമെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരസ്പര സഹകരണം ആവശ്യമാണ്. നാടിന്റെ വികസനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി സഹകരിക്കണം. ഇത് ഏതെങ്കിലും തരത്തിലുള്ള യാചനയല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കും എംഎല്‍എമാരായ സി കൃഷ്ണന്‍, ടി വി രാജേഷ്, ജയെിംസ് മാത്യു, എ എന്‍ ഷംസീര്‍, മാഹി എംഎല്‍എ ഡോ. വി രാമചന്ദ്രന്‍ എന്നിവര്‍ക്കുമാണ് സ്വീകരണം നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് മുനവീറിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it