മലബാര്‍ ലോബി പിടിമുറുക്കുന്നു; ബിജെപിയിലെ ഉള്‍പ്പോര്സങ്കീര്‍ണം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ബിജെപി സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം നടത്തിയ പരിഹാരക്രിയകള്‍ ഫലം കാണുന്നില്ലെന്നു സൂചന. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നേതാക്കളിലുണ്ടായ അസംതൃപ്തി പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. പാര്‍ട്ടിക്ക് ഏറെ സാധ്യത കല്‍പിക്കുന്ന തെക്കന്‍ കേരളത്തിലെ പ്രധാന മണ്ഡലങ്ങളില്‍ പുറത്തുനിന്നുള്ള നേതാക്കള്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നത് ഈ മേഖലയിലെ നേതാക്കളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
വിജയപ്രതീക്ഷയുള്ള നേമം, പാറശ്ശാല, തിരുവനന്തപുരം, ആറന്‍മുള മണ്ഡലങ്ങളില്‍ വടക്കുനിന്നുള്ള നേതാക്കളെയാണ് പരിഗണിക്കുന്നത്. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനും ആറന്‍മുളയില്‍ എം ടി രമേശുമാവും മല്‍സരിക്കുക. മുന്‍ അധ്യക്ഷന്‍ മുരളീധരനു തെക്കന്‍കേരളത്തില്‍ പാര്‍ട്ടിക്ക് ജയസാധ്യതയുള്ള ഒരു മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യം.
എന്നാല്‍, പ്രവര്‍ത്തക കണ്‍വന്‍ഷനും തെക്കന്‍ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായുള്ള സമ്പര്‍ക്കത്തിനും ശേഷം മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാവൂവെന്നാണ് തെക്കന്‍ജില്ലാ നേതൃത്വങ്ങളുടെ ആവശ്യം. സ്ഥാനാര്‍ഥികളെ മലബാര്‍ ലോബി തങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. ഈ മാസം 17നു ചേരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ ഇക്കാര്യം അറിയിക്കുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് വെളിപ്പെടുത്തി.
അതേസമയം, വെള്ളാപ്പള്ളിയുടെ ബിഡിജെഎസുമായി സീറ്റ് ചര്‍ച്ചകള്‍ ഈയാഴ്ച നടക്കുമെന്നാണു സൂചന. അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അന്തിമതീരുമാനത്തില്‍ എത്തിയില്ല. 65 സീറ്റുകള്‍ തങ്ങള്‍ക്കു വേണമെന്നാണ് ബിഡിജെഎസ് നിലപാട്. എന്നാല്‍, ഇതിന് ബിജെപി തയ്യാറായില്ല. തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. കേരള മോചനയാത്രയുടെ വിവിധ വേദികളില്‍ വെള്ളാപ്പള്ളിയടക്കമുള്ള ബിഡിജെഎസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് യാത്രയുടെ സമാപനത്തിലും പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വെള്ളാപ്പള്ളി അറിയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികള്‍ക്കിടയിലും ഉയര്‍ന്ന വിയോജിപ്പുകളാണ് വെള്ളാപ്പള്ളിയുടെ നിലപാടിന് പിന്നിലെന്നാണു സൂചന.
Next Story

RELATED STORIES

Share it