മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ ഷാര്‍ജയില്‍ പിടിയില്‍

ഷാര്‍ജ: മലബാര്‍ ഗോള്‍ഡ് ആന്റ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതികളെയും ആഭരണങ്ങളും ഷാര്‍ജ പോലിസ് പിടികൂടി. വെള്ളിയാഴ്ച വെളുപ്പിന് നാലു മണിക്കാണ് റോളയിലെ ഗുവൈര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടന്നത്. പാകിസ്താനികളായ മൂന്നു പ്രതികളാണ് പോലിസിന്റെ പിടിയിലായത്.
പാകിസ്താനിലേക്ക് രക്ഷപ്പെട്ട രണ്ടു പ്രതികളെ പിടികൂടാനായി ഷാര്‍ജ പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടിയതായി ഷാര്‍ജ പോലിസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ സാരിയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ ഇബ്രാഹീം അല്‍ ഹാജിരിയും ഷാര്‍ജ പോലിസ് ആസ്ഥാനത്തു വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിമൂന്നര ലക്ഷം ദിര്‍ഹം വില മതിക്കുന്ന ഏഴു കിലോ സ്വര്‍ണവും ഒന്നര ലക്ഷം ദിര്‍ഹമിന്റെ വജ്രാഭരണങ്ങളുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഒരാള്‍ കവര്‍ച്ച നടത്തുമ്പോള്‍ മറ്റു നാലു പ്രതികള്‍ കാവല്‍ നില്‍ക്കുകയായിരുന്നു. സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പോലിസ് വിവരം അറിയിക്കുമ്പോഴാണ് കവര്‍ച്ച നടന്നവിവരം ജ്വല്ലറി ജീവനക്കാര്‍ അറിയുന്നത്.
ആഭരണങ്ങള്‍ പാകിസ്താനിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഷാര്‍ജ പോലിസ് മുന്നറിയിപ്പ് നല്‍കി. പ്രതികളെ പിടിക്കാനും ആഭരണങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിച്ച ഷാര്‍ജ പോലിസിന്റെ നീക്കത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it