malappuram local

മലപ്പുറത്ത് ഹര്‍ത്താലിനിടെ വ്യാപക അക്രമം; വാഹനങ്ങള്‍ തകര്‍ത്തു

പുത്തനത്താണി: മുസ്‌ലിംലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ ഹര്‍ത്താലില്‍ പലയിടത്തും അക്രമം.
വളവന്നൂര്‍, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളില്‍ നടത്തിയ ഹര്‍ത്താലിലാണ് പോലിസ് വാഹനമടക്കം മൂന്ന് കാറുകളും ബസ് വെയ്റ്റിങ് ഷെഡുകളും തകര്‍ത്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് കുറുക്കോളില്‍ നിന്നു കല്ലിങ്ങലിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കല്ലിങ്ങലില്‍ സിപിഎം നേതാവ് സംസാരിക്കുന്നതിനിടെ പുത്തനത്താണി ഭാഗത്തേക്ക് വന്ന കാര്‍ പ്രവര്‍ത്തകര്‍ തടയുകയും ഗ്ലാസ്സ് അടിച്ചുതകര്‍ക്കുകയും ചെയ്തു. കൂടാതെ കടുങ്ങാത്തുകുണ്ടില്‍വച്ച് മറ്റൊരു കാറിന്റെയും വളാഞ്ചേരി സിഐയുടെ കാറിന്റെയും ഗ്ലാസ്സുകളും തകര്‍ത്തു. സംഭവത്തില്‍ പോലിസ് കസ്റ്റസിയിലെടുത്ത ലീഗ് പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സ്റ്റേഷനു മുന്നില്‍ പോലിസ് വാഹനം തടഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മാമ്പ്രയിലെയും കല്‍പ്പകഞ്ചേരിയിലെയും മുസ്‌ലിംലീഗിന്റെ ബസ് വെയ്റ്റിങ് ഷെഡ്ഡുകളും പ്രചാരണ ബോര്‍ഡുകളും അടിച്ചുതകര്‍ത്തു.
നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളടക്കം തടയുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. രാവിലെ തിരൂര്‍-വളാഞ്ചേരി റൂട്ടില്‍ ബസ്സുകള്‍ ഓടിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞതുമൂലം സര്‍വീസ് നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ ഓടി തുടങ്ങിയത്. തിരൂര്‍, മലപ്പുറം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ നൂറോളം പോലിസുകാരും കേന്ദ്രസേനയും സംഭവ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് ഇപ്പോഴും പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it