മലപ്പുറത്ത് അഞ്ചു മണ്ഡലങ്ങളിലെ ചിഹ്നം ഓട്ടോറിക്ഷ; നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍... നാളും തെരിഞ്ച റൂട്ടുകാരന്‍

സമീര്‍ കല്ലായി

മലപ്പുറം: നാന്‍ ആട്ടോക്കാരന്‍ ആട്ടോക്കാരന്‍... നാളും തെരിഞ്ച റൂട്ടുകാരന്‍...ന്യായമുള്ള റൂട്ടുകാരന്‍... മലപ്പുറം ജില്ലയിലെത്തുന്നവര്‍ തമിഴ്‌നാട്ടിലാണോ താന്‍ ചെന്നുപെട്ടിരിക്കുന്നതെന്ന് സംശയിക്കും. രജനികാന്തിന്റെ ബാഷ എന്ന സിനിമയില്‍ എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച അതേ ഗാനമാണ് മലപ്പുറത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ മുഴങ്ങുന്നത്.
പാരഡി പോലും ആവശ്യമില്ലാത്ത ഈ ജനപ്രിയ ഗാനം ഇടതുസ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജില്ലയുടെ മുക്കിലും മൂലയിലും മുഴങ്ങിക്കേള്‍ക്കുന്നത്. തവനൂര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട്, നിലമ്പൂര്‍ മണ്ഡലങ്ങളിലെ ഇടതു സ്വതന്ത്രരുടെ ചിഹ്നം ഓട്ടോറിക്ഷയാണ്. ഇതാണ് ബാഷയിലെ ഗാനം പ്രിയപ്പെട്ടതാവാന്‍ കാരണം. സാധാരണക്കാര്‍ക്കൊപ്പമാണ് താനെന്ന് വിളിച്ചു പറയുന്ന ഗാനം പരിഭാഷ പോലും ആവശ്യമില്ലെന്നതും ഇടതു സ്ഥാനാര്‍ഥികള്‍ക്ക് ഗുണമായി.
മോഹന്‍ലാലിന്റെ ഏയ് ഓട്ടോയിലെ ഡയലോഗുകളും മണ്ഡലങ്ങളില്‍ മുഴങ്ങുന്നുണ്ട്. തവനൂരിലെ കെ ടി ജലീല്‍, കൊണ്ടോട്ടിയിലെ കെ പി ബീരാന്‍കുട്ടി, ഏറനാട്ടിലെ കെ ടി അബ്ദുറഹിമാന്‍, നിലമ്പൂരിലെ പി വി അന്‍വര്‍, തിരൂരങ്ങാടിയിലെ നിയാസ് പുളിക്കലകത്ത് എന്നീ ഇടതു സ്വതന്ത്രരാണ് ഓട്ടോചിഹ്നത്തില്‍ വോട്ട് തേടുന്നത്.
മറ്റു മൂന്നു മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കൂടി ഓട്ടോയില്‍ മല്‍സരിക്കുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ പാലത്തിങ്ങല്‍ അബൂബക്കര്‍, താനൂരില്‍ എന്‍ രാമകൃഷ്ണന്‍, പൊന്നാനിയി ല്‍ പി എസ് സിന്ധുകുമാരി എന്നിവര്‍ക്കാണ് ഓട്ടോ ചിഹ്നം ലഭിച്ചിട്ടുള്ളത്. തൊട്ടടുത്ത മണ്ഡലങ്ങളിലെ ഇടതു മുന്നണിയുടെ പ്രചാരണം ഇവര്‍ക്കു കൂടി ഗുണമായിരിക്കുകയാണ്. അഞ്ച് ഇടതുസ്ഥാനാര്‍ഥികളുടെ ചിഹ്നം ഓട്ടോറിക്ഷയായതോടെ ജില്ലയിലെ ഓട്ടോകാരും രക്ഷപ്പെട്ട അവസ്ഥയാണ്. ഡീസലുമടിച്ച് മണ്ഡലത്തില്‍ വെറുതെ കറങ്ങുന്നതിന് ഒരു ദിവസത്തെ ഫുള്‍ വാടകയാണ് സ്ഥാനാര്‍ഥികള്‍ നല്‍കുന്നത്. ഇനി ഓട്ടോ പോളിങ് ബൂത്തിലും പ്രശ്‌നക്കാരനാവുമോ എന്നേ അറിയേണ്ടതുള്ളു. കഴിഞ്ഞ തവണ സീലിങ് ഫാന്‍ എസ്ഡിപിഐയുടെ ചിഹ്നമായതോടെ എതിര്‍പാര്‍ട്ടിക്കാരുടെ പരാതിയില്‍ ബൂത്തിലെ ഫാന്‍ അഴിച്ചുവയ്‌ക്കേണ്ട സ്ഥിതിയായിരുന്നു. ഇത്തവണ ബൂത്തില്‍ ആളെ എത്തിക്കുന്ന ഓട്ടോയ്ക്കും ഇതുപോലെ വിലക്കു വീണേക്കും.
Next Story

RELATED STORIES

Share it