malappuram local

മലപ്പുറം നഗരസഭാ ബജറ്റ്:  ഭവന നിര്‍മാണത്തിനും പ്രവാസികളെ സഹായിക്കുന്നതിനും മുഖ്യ പരിഗണന

മലപ്പുറം: 2016-17 വര്‍ഷത്തെ മലപ്പുറം നഗരസഭാ ബജറ്റില്‍ ഭവന,റോഡ് നിര്‍മാണത്തിനും പ്രവാസികളെ സഹായിക്കുന്നതിനും മുഖ്യപരിഗണന. 46,75,45,000 രൂപ വരവും 45,08,66,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈതാണ് അവതരിപ്പിച്ചത്. 13,97,75,367 രൂപയാണ് നീക്കിയിരുപ്പ്. കുടിവെള്ളമെത്താത്ത സ്ഥലങ്ങളിലേക്ക് പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ എല്ലാവര്‍ക്കും വീട് നിര്‍മിക്കാന്‍ ഒരു കോടി രൂപയും റോഡ് നിര്‍മാണത്തിനായി നാല് കോടി രൂപയും വിനിയോഗിക്കും. നഗരസഭയിലെ തെരുവുവിളക്കുകള്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിപ്പിക്കുന്നതിന് 30 ലക്ഷം രൂപ മാറ്റിവയ്ക്കും. മലപ്പുറം ടൗണ്‍ഹാള്‍ നവീകരണം, ടൗണ്‍ഹാളിന് പുറത്ത് ഓപണ്‍ സ്റ്റേജ് നിര്‍മാണം എന്നീ ആവശ്യങ്ങള്‍ക്കായി 40 ലക്ഷം രൂപ, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് നവീകണത്തിനായി പത്ത് ലക്ഷം രൂപ, കുന്നുമ്മലിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണത്തിന് 10 ലക്ഷം രൂപയും എന്നിങ്ങനെ ലഭ്യമാക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള അറവ് ശാല നിര്‍മാണത്തിന് 50 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. മേല്‍മുറിയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ, കിഡ്‌നി രോഗികളെ സഹായിക്കാന്‍ വെല്‍ഫെയര്‍ സൊസൈറ്റി ആരംഭിക്കുകയും ഇതിലേക്കായി അഞ്ച് ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്യും. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ എന്റെ ബസ് സംവിധാനം ഏര്‍പ്പെടുത്തും. എംപി, എംഎല്‍എ ഫണ്ട് കൂടി ഉപയോഗിച്ചായിരിക്കും പദ്ധതി ആരംഭിക്കുക.
ഇതിലേക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറി നവീകരണത്തിനായി അഞ്ച് ലക്ഷം, ഡയാലിസിസ് മുറിക്കായി അഞ്ച് ലക്ഷം, ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങാന്‍ രണ്ടര ലക്ഷം എന്നിങ്ങനെയും വകയിരുത്തി. വിവിധ സ്‌കൂളുകളുടെ നവീകരണത്തിനും പഠന പരിശീലനത്തിനും തുക മാറ്റിവച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും 25 ലക്ഷം രൂപ നല്‍കും. പ്രവാസികളെ സഹായിക്കാന്‍ പ്രവാസി സ്‌നേഹ പദ്ധതി നടപ്പാക്കും. ഇതിനായി 10ലക്ഷം രൂപ മാറ്റിവയ്ക്കുകയു പ്രവാസികളുടെ സമഗ്ര സര്‍വേ നടത്തുകയും ചെയ്യും. സിവില്‍ സര്‍വീസ് പരിശീലനത്തിന് അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കും.
മേല്‍മുറിയില്‍ പകല്‍വീട് നിര്‍മാണത്തിനായി പത്ത് ലക്ഷം, വൈ ഫൈ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് 25 ലക്ഷം രൂപ, വിശപ്പ് രഹിത പദ്ധതിക്ക് പത്ത് ലക്ഷം, പാണക്കാട്ടും മേല്‍മുറിയിലും ഹെല്‍ത്ത് സെന്ററിന് സ്ഥലമേറ്റെടുക്കാന്‍ 25 ലക്ഷം രൂപയും അനുവദിക്കും. ബജറ്റിന്‍ മേലുള്ള ചര്‍ച്ച ഇന്ന് രാവിലെ പത്തിന് നഗരസഭയില്‍ നടക്കും.
Next Story

RELATED STORIES

Share it