മലപ്പുറം ജില്ലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ച തുടരുന്നു

സമീര്‍ കല്ലായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പൊന്നാനിയും തവനൂരും സിറ്റിങ് എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണനും കെ ടി ജലീലും മല്‍സരിക്കും. മുന്‍ ഡിവൈഎഫ്‌ഐ നേതാവും വ്യവസായിയുമായ ഗഫൂര്‍ ലില്ലീസിനാണു തിരൂരില്‍ മുന്‍ഗണന.
താനൂരില്‍ മുന്‍ കെപിസിസി മെംബറും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന വി അബ്ദുറഹ്മാന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറച്ചമട്ടാണ്. വള്ളിക്കുന്നില്‍ ലീഗ് വിമതന്‍ കെ സി സൈതലവിയാണു പട്ടികയിലുള്ളത്. നേരത്തെ ലീഗ് വിമതന്‍ സി പി ഷബീറലി ചേലേമ്പ്ര പട്ടികയിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം ലീഗിലേക്കു മടങ്ങിയതോടെയാണ് കെ സി സൈതലവിയുടെ പേരുയര്‍ന്ന കെ സി സൈതലവി മല്‍സരിച്ചാല്‍ ലീഗ് വിമത വിഭാഗത്തിന്റെയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിലെയും കാന്തപുരം വിഭാഗത്തിന്റെയും വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന പ്രതീക്ഷ ഇടതിനുണ്ട്.
മൂന്നിയൂര്‍ പഞ്ചായത്ത് മെംബര്‍ അഡ്വ. മുസ്തഫയും പട്ടികയിലുണ്ട്. തിരൂരങ്ങാടിയില്‍ പരപ്പനങ്ങാടി ജനകീയ മുന്നണി ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് മല്‍സരിച്ചേക്കും. കോട്ടക്കലില്‍ ലീഗ് വിമതനായ ഒരു തങ്ങളെയും വേങ്ങരയില്‍ കാന്തപുരം സുന്നി വിഭാഗത്തില്‍പ്പെട്ട വ്യവസായിയെയും പരിഗണിക്കുന്നുണ്ടെന്നാണു സൂചന. പെരിന്തല്‍മണ്ണയില്‍ പ്രവാസി വ്യവസായിയെ നോട്ടമിട്ടിട്ടുണ്ടെങ്കിലും അവസാനം വി ശശികുമാര്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത.
മങ്കടയില്‍ ലീഗ് കുടുംബാംഗമായ പ്രവാസി വ്യവസായി അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തംഗം ടി കെ റഷീദലി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ് എന്നിവരാണു പട്ടികയിലുള്ളത്.
ഏറനാട് സിപിഐയില്‍നിന്നു വിട്ടുകിട്ടിയാല്‍ വ്യവസായി പി വി അന്‍വര്‍ സ്ഥാനാര്‍ഥിയാവും. നിലമ്പൂരില്‍ കഴിഞ്ഞതവണ മല്‍സരിച്ച പ്രഫ. എം തോമസ് മാത്യുവിനു തന്നെയാണു മുന്‍ഗണന. പി വി അന്‍വറിന്റെ പേരും പട്ടികയിലുണ്ട്. വണ്ടൂരില്‍ തുവ്വൂര്‍ ലോക്കല്‍ സെക്രട്ടറി കെ നിഷാന്തിന്റെ പേര് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ. മഞ്ചേരി സീറ്റ് സിപിഐക്ക് ലഭിക്കുന്ന പക്ഷം എഐവൈഎഫ് നേതാവ് അഡ്വ. കെ കെ അബ്ദുല്‍സമദ് മല്‍സരിച്ചേക്കും.
Next Story

RELATED STORIES

Share it