malappuram local

മലപ്പുറം ഗവ.കോളജ്; കായിക പരിശീലനത്തിന്റെ പേരില്‍ തിരിമറി നടന്നതായി പരാതി

മലപ്പുറം: കായിക പരിശീലനത്തിന്റെ പേരില്‍ മലപ്പുറം ഗവ. കോളജില്‍ ഫണ്ട് തിരിമറി നടന്നതായി പരാതി. 2014-15 അധ്യയന വര്‍ഷത്തില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി എന്നീയിനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയ ഇനത്തില്‍ വെട്ടിപ്പ് നടന്നതായി മുന്‍ യൂനിയന്‍ ഭാരവാഹികളായ എ എം സുഹൈല്‍ (യുയുസി), വി പി ജസീം (ചെയര്‍മാന്‍), അബ്ദുല്‍റാഷിദ് (ജനറല്‍ ക്യാപ്റ്റന്‍), അബ്ദുന്നാസര്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കുട്ടികളുടെ കായിക പരിശീലനത്തിനായി സര്‍ക്കാര്‍ അനുവദിച്ച 1,60,000 രൂപയും തിരിമറി നടന്നുവെന്ന് മുന്‍ യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ ഫണ്ട് ചെലവഴിച്ചതിന് കൃത്യമായ കണക്കുകളില്ല. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവായതിന്റെ ബാക്കി എന്ന നിലയില്‍ 15,000 ത്തോളം രൂപ മാത്രമാണ് തിരിച്ചടച്ചത്. ബാക്കി ലഭിച്ച തുക എങ്ങനെ ചെലവഴിച്ചുവെന്നതില്‍ ദുരൂഹതകളുണ്ട്.
കുട്ടികള്‍ക്ക് നടത്തിയ ക്യാംപിന്റെ ചെലവില്‍ മൂന്ന് കോച്ചുകള്‍ക്ക് പണം നല്‍കിയതായി വിവരാവകാശ നിയമപ്രകാരം കോടതിയില്‍ നിന്നു ലഭിച്ച മറുപടിയിലുണ്ട്. ഈ മൂന്നു പേരിലൊരാളായ എന്‍ഐഎസ് കോച്ച് ഷറഫുദ്ദീന്‍ റിസ്‌വി താന്‍ അങ്ങനെയൊരു ക്യാംപില്‍ പങ്കെടുത്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ പോളി ടെക്‌നിക്കിലെ മറ്റൊരു കായികാധ്യാപകനും ക്യാംപില്‍ പങ്കെടുത്തിട്ടില്ല.
ക്യാംപില്‍ ആരെയും പരിശീലനത്തിനു ലഭിച്ചിട്ടില്ലെന്നും അന്ന് ക്യാംപിലുണ്ടായിരുന്ന വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു. ക്യാംപിലുണ്ടെന്നു പറയുന്ന മൂന്നു പേരിലൊരാള്‍ ആരാണെന്നു പോലും വ്യക്തമല്ല. ഷൗക്കത്ത് എന്ന പേരു മാത്രമാണ് വിവരാവകാശ രേഖയിലുമുള്ളത്.
ഇതൊക്കെ സൂചിപ്പിക്കുന്നത് ചെലവുകളുടെ പേരില്‍ വന്‍ വെട്ടിപ്പ് നടന്നുവെന്നാണ്.
ക്യാംപുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it