kannur local

മലപ്പട്ടത്തെ നാലുവാര്‍ഡുകളില്‍ കടുത്ത മല്‍സരം

ഇരിക്കൂര്‍: ജില്ലയിലെ പ്രതിപക്ഷരഹിത പഞ്ചായത്തുകളില്‍ ഒന്നായ മലപ്പട്ടത്ത് ഇക്കുറി ചരിത്രം തിരുത്താന്‍പൊരിഞ്ഞ പോരാട്ടം. എതിരില്ലാത്ത ജയത്തിലൂടെ കളംവാഴുന്ന സിപിഎമ്മിനെതിരേ ഇക്കുറി പൊരുതാനുറച്ചിരിക്കുകയാണ് യുഡിഎഫ്.
നാലു വാര്‍ഡുകളില്‍ ശക്തമായ മല്‍സരത്തിനാണ് മലപ്പട്ടം സാക്ഷ്യംവഹിക്കുന്നത്. കൊളന്ത, അഡൂര്‍, കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളിലെ ജനവിധിയാണ് ശ്രദ്ധേയം. കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളില്‍ ജനതാദള്‍ (യു) സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
കൊളന്തയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി പി പ്രഭാകരനും സിപിഎം ബ്രാഞ്ച് സെക്രട്ടറി വി വി മോഹനനും അഡൂരില്‍ കോണ്‍ഗ്രസിന്റെ സജിനയും സിപിഎമ്മിന്റെ രാധയും തമ്മിലാണ് മല്‍സരം. അടിച്ചേരിയില്‍ ജനതാദള്‍ (യു)വിലെ ടി പി ശാരദയും സിപിഎമ്മിലെ ടി പി ജലജയും കൊവ്വുന്തലയില്‍ ജനതാദള്‍ (യു)വിലെ എന്‍ കെ നാരായണനും സിപിഎമ്മിലെ കെ വി സുരേന്ദ്രനും ഏറ്റുമുട്ടുന്നു.
ആകെ 13 വാര്‍ഡുകളില്‍ ഒരെണ്ണത്തില്‍ സിപിഎം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. മലപ്പട്ടം പഞ്ചായത്ത് രൂപീകരിച്ച ശേഷം 1986ല്‍ കോണ്‍ഗ്രസ്സിലെ ഒരംഗം ജയിച്ചതൊഴിച്ചാല്‍ ഇക്കാലമത്രയും ഇടതുപക്ഷ ഭരണത്തിലായിരുന്നു മലപ്പട്ടം.
പ്രതിപക്ഷത്തിരിക്കാന്‍ ഇതുവരെയും ആളെക്കിട്ടിയില്ല. എന്നാല്‍, ഇക്കുറി സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
Next Story

RELATED STORIES

Share it