മലക്കം മറിഞ്ഞ് ശിവഗിരിമഠം: മോദിയെ ക്ഷണിച്ചിരുന്നെന്ന് പുതിയ വിശദീകരണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലക്കം മറിഞ്ഞ് ശിവഗിരിമഠം. പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന പുതിയ നിലപാടുമായി മഠം അധികൃതര്‍ രംഗത്തെത്തി.
ഡിസംബര്‍ അവസാനം നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിനായിരുന്നു ക്ഷണിച്ചത്. അതിന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍, ഇന്നു നടക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മഠം പ്രത്യേകം ക്ഷണിച്ചിട്ടല്ല. കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് എത്തുന്ന പ്രധാനമന്ത്രി ശിവഗിരിയും സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും തയാറാക്കി മഠം സജ്ജമാണെന്ന വിശദീകരണവുമായി ശിവഗിരിമഠം ഭരണസമിതി അംഗങ്ങളായ സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനംകൊണ്ട് ശിവഗിരിമഠം കാവിവല്‍ക്കരിക്കുന്നു എന്ന പ്രചാരണം ശരിയല്ല. മഠത്തിന് പ്രത്യേക രാഷ്ട്രീയ ചായ്‌വില്ല. എസ്എന്‍ഡിപിയുടെ നിലപാടുകളുമായി ശിവഗിരിമഠത്തിന് പ്രതിബദ്ധതയില്ല. അത് ഒരു സാമുദായിക സംഘടനയാണ്. ശിവഗിരിമഠം ജാതിക്കും മതത്തിനും അതീതമാണ്. അതുകൊണ്ടുതന്നെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ശിവഗിരിമഠത്തിന്റേതല്ല എന്ന കാര്യം വ്യക്തമാണ്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടുകളില്‍ പ്രത്യേക അഭിപ്രായമില്ലെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു. ഇന്ന് വൈകിട്ട് 4.15ന് ശിവഗിരി മഹാസമാധിയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
Next Story

RELATED STORIES

Share it