Citizen journalism

മറ്റു മനുഷ്യര്‍ക്ക് മാര്‍ഗദീപമായി നൗഷാദ്

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും തമ്മില്‍ത്തല്ലിക്കാനും സമുദായ-രാഷ്ട്രീയ നേതാക്കള്‍ യാത്രകളും റാലികളും നടത്തുമ്പോള്‍ കേരളത്തിലെ സാധാരണക്കാരന്റെ പ്രതിനിധിയായ നൗഷാദിനെ നാം നെഞ്ചിലേറ്റിയേ തീരൂ. ശ്രീനാരായണ ഗുരുവിന്റെ പേരു പറഞ്ഞ് കേരളമണ്ണില്‍ വര്‍ഗീയവിഷം വമിപ്പിക്കുന്ന നടേശനെ അറസ്റ്റ് ചെയ്യാന്‍ ഇവിടെ നിയമങ്ങളില്ലേ? ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ ആമിര്‍ഖാനെതിരേ നാല് കേസുകള്‍. വ്യക്തമായി വര്‍ഗീയവിഷം ചീറ്റിനടക്കുന്ന ശശികലകളും മറ്റു കലകളും ഇവിടെ നിര്‍ബാധം വിഐപികളായി വിലസുന്നു. ഇവര്‍ വിതയ്ക്കുന്നത് ഇവരുടെ മക്കള്‍ ഉള്‍പ്പെടെ കൊയ്യേണ്ടിവരുമെന്ന് ഈ വിവരമില്ലാത്തവര്‍ ചിന്തിക്കുന്നില്ല. ഇതുകൊണ്ടൊക്കെയാണ് അവിവേകികളായ ചെറുപ്പക്കാര്‍ തീവ്രവാദികളായി മാറുന്നത്. അപകടമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പലരും തടയാന്‍ ശ്രമിച്ചിട്ടും രണ്ടു ജീവന്‍ രക്ഷിക്കാനുള്ള അടങ്ങാത്ത അഭിനിവേശത്താല്‍ മരണത്തിലേക്ക് എടുത്തുചാടുകയായിരുന്നു നൗഷാദ് എന്ന മനുഷ്യസ്‌നേഹി. മരണത്തോട് മല്ലടിക്കുന്നത് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്‌ലിമാണോ എന്ന് അദ്ദേഹം തിരക്കിയില്ല. കോഴിക്കോട്ടുള്ള നല്ല മനുഷ്യരുടെ, പ്രത്യേകിച്ച് ഓട്ടോ തൊഴിലാളികളുടെ മാതൃകാപരമായ ഒരുപാട് സംഭവങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത് ശരിക്കും അദ്ഭുതപ്പെടുത്തി. ഏതു മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് മനുഷ്യരെ സ്‌നേഹിക്കാനാണ്. നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണകാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും എന്നാണ് ഖുര്‍ആന്‍ പറയുന്നത്. നൗഷാദിനെപ്പോലുള്ളവര്‍ മറ്റു മനുഷ്യര്‍ക്ക് മാര്‍ഗദീപമായി എന്നെന്നും ജീവിക്കും.

ബഷീര്‍ വാണിയക്കാട്

വസ്തുതാപരമല്ല സംഘപരിവാരത്തിന് കേരളത്തില്‍ തങ്ങളുടെ വര്‍ഗീയ അജണ്ട പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ സാധിക്കാത്തതിലുള്ള രോഷം 'കരഞ്ഞുതീര്‍ത്ത' ഓര്‍ഗനൈസര്‍ ലേഖനവുമായി ബന്ധപ്പെട്ട് 'ഓര്‍ഗനൈസര്‍ മാപ്പുപറയണം' എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേജസില്‍ (നവം: 25) എഴുതിയ ലേഖനം ശ്രദ്ധേയമായി. കേരളത്തിന്റെ സാമൂഹികഘടന സംഘപരിവാര വിത്ത് വിളയിക്കാന്‍ അനുയോജ്യമായ നിലമല്ല എന്ന് ചരിത്രപരമായ വസ്തുതകള്‍ നിരത്തി ലേഖകന്‍ സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍, വസ്തുതാപരമായ ചില പിശകുകളും ലേഖനത്തിലുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ലേഖനത്തില്‍ പറയുംപ്രകാരം ഇന്ത്യയുടെ പല ഭാഗത്തും അന്നു പ്രശ്‌നങ്ങളുണ്ടായിട്ടില്ല. മുംബൈയിലാണ് മസ്ജിദ് ധ്വംസനത്തോടനുബന്ധിച്ച് ഗുരുതരമായ കലാപമുണ്ടായത്. പാണക്കാട് തങ്ങളുടെ ആഹ്വാനം കാരണമാണ് കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാവാതിരുന്നത് എന്നു പറയുമ്പോള്‍, കലാപമുണ്ടാക്കാന്‍ തുനിഞ്ഞവര്‍ മുസ്‌ലിം ലീഗുകാരാണ് എന്ന ഒരു ധ്വനിയാണ് അതിലുള്ളത്. കാരണം, പാണക്കാട്ടു നിന്നുള്ള ആഹ്വാനം അനുസരിക്കുന്നവര്‍ ലീഗുകാര്‍ മാത്രമാണ്. സത്യത്തില്‍ ലേഖനത്തില്‍ തന്നെ പറയുംപ്രകാരം, കേരളത്തിന്റെ പ്രത്യേക സാംസ്‌കാരിക, സാമൂഹിക സാഹചര്യം കലാപത്തിന് അനുഗുണമല്ല എന്നതാണ് അന്നും പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ കാരണം. അതിന്റെ ക്രെഡിറ്റ് പാണക്കാട് തങ്ങള്‍ക്ക് കൊടുക്കുന്നത് വസ്തുതാപരമല്ല.
ബെന്‍ മമ്മുട്ടി സുല്‍ത്താന്‍ ബത്തേരി

പശു, നായനാടുമുഴുവനും ഇപ്പോള്‍ പശുക്കളുടെയും തെരുവുനായ്ക്കളുടെയും കാലമാണ്. പുറമെ, കടിച്ചുകീറാനും വലിച്ചുചീന്താനും തലങ്ങും വിലങ്ങും വേട്ടക്കാരും. ഇരുകാലികള്‍ക്കാണ്് ജീവിതം ദുസ്സഹം.

കെ കെ സഫീറാബാനുകൊണ്ടോട്ടി
Next Story

RELATED STORIES

Share it