മറ്റുസംസ്ഥാനക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; നിര്‍ദേശങ്ങളുമായി ബാലാവകാശ കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു വന്ന് പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരുടെ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശിയും അംഗങ്ങളായ കെ നസീറും മീന കുരുവിളയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെരുമ്പാവൂരില്‍ അന്യസംസ്ഥാനക്കാരുടെ വീടുകളും അവരുടെ കുട്ടികളും പഠിക്കുന്ന സ്‌കൂളുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ പ്രതികരണം.
പെരുമ്പാവൂരിലെ അല്ലപ്രയിലുള്ള കണ്ടത്തറ ഗവ. യുപി സ്‌കൂളിലാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്. സ്‌കൂളിലെ ഇരുനൂറോളം കുട്ടികളില്‍ നൂറിലേറെപ്പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടെ കൂടുതലും ബംഗാളില്‍ നിന്നുള്ള കുട്ടികളാണുള്ളത്. ഇവരുടെ പഠിത്തം മിക്കപ്പോഴും പല കാരണങ്ങളാല്‍ മുടങ്ങുന്നതായി കമ്മീഷനു ബോധ്യപ്പെട്ടുവെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭ കോശി പറഞ്ഞു. മാത്രമല്ല, ഈ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നാട്ടുകാരുടെ കുട്ടികളെ ചേര്‍ക്കാന്‍ മടികാണിക്കുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ഇവര്‍ക്കു പങ്കെടുക്കാനും കഴിയുന്നില്ല. ശരിയായ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നതാണ് ഇതിനു കാരണം. കായിക മല്‍സരങ്ങള്‍ക്കും ഇതേ സ്ഥിതിയാണ്. പലപ്പോഴും ആധാര്‍ പോലെയുള്ള രേഖകള്‍ മാത്രമാണ് ഇവര്‍ ആശ്രയിക്കുന്നത്. മിക്ക കുട്ടികളും പഠിത്തത്തിലും കായിക, കലാ മല്‍സരങ്ങളിലും മിടുക്കരാണ്. കുട്ടികള്‍ ഭൂരിഭാഗത്തിനും മലയാളം നന്നായി കൈകാര്യം ചെയ്യാനറിയാം. ഈ കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനം ആവിഷ്‌കരിക്കണമെന്നു കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രായം തികയാത്ത കുട്ടികള്‍ പലപ്പോഴും പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി കമ്മീഷനു ബോധ്യപ്പെട്ടു. എന്നാല്‍, മിക്ക സ്‌കൂളുകളിലും കുട്ടികളെ തങ്ങളുടെ മാതൃഭാഷ പഠിപ്പിക്കാന്‍ ശ്രദ്ധിക്കുന്നതു വളരെ നല്ലകാര്യമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെയാണെന്ന ബോധത്തോടെ പൊതുസമൂഹം പെരുമാറണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളില്‍ ജീവനക്കാരും ഒരു വിഭാഗം യാത്രക്കാരും കുട്ടികളോടു മോശമായി പെരുമാറുന്നതു സംബന്ധിച്ച് ഇപ്പോഴും അനവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നു ബാലാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ചു കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സ്‌കൂള്‍ അവധിക്കാലത്ത് ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം വര്‍ധിപ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും വ്യവസ്ഥ ചെയ്യണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it