മറുപടി പറയാന്‍ സഭയില്‍ മന്ത്രിമാരില്ല; സര്‍ക്കാര്‍ വെട്ടിലായി

ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ട സമയത്ത് ബന്ധപ്പെട്ട മന്ത്രിമാര്‍ ലോക്‌സഭയില്‍ ഹാജരില്ലാത്തത് സര്‍ക്കാരിനെ വെട്ടിലാക്കി. ചോദ്യോത്തരവേളയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍, റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട 'ഗോ ഇന്ത്യ സ്മാര്‍ട്ട് കാര്‍ഡ്' പദ്ധതിയെക്കുറിച്ച ചോദ്യങ്ങള്‍ ക്ഷണിച്ചപ്പോഴാണ് മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി മനോജ് സിന്‍ഹയും സഭയിലില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരേ ശക്തിയായി പ്രതിഷേധിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ മന്ത്രിമാര്‍ ഹാജരാവാത്തത് ഇതാദ്യമല്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ഇത് സ്പീക്കറുടെ പ്രതിച്ഛായയെയാണു ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ അഭാവത്തെ കോണ്‍ഗ്രസ് ചീഫ്‌വിപ്പ് ജ്യോതിരാദിത്യ സിന്ധ്യയും വിമര്‍ശിച്ചു.
മന്ത്രി മറ്റു പരിപാടിയുമായി തിരക്കിലാണെന്ന് അറിയിച്ചിരുന്നെന്നും ഇവിടെയുണ്ടായിരുന്ന സഹമന്ത്രി സ്ഥലംവിട്ടതാവാമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. സഹമന്ത്രി ഹാജരാവാത്തതില്‍ സ്പീക്കര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ച പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു മേലില്‍ ഇതാവര്‍ത്തിക്കുകയില്ലെന്നു വ്യക്തമാക്കി. റെയില്‍വേ മന്ത്രാലയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it