മറിയാമ്മയ്ക്കും ഖസാക്കിനും പുതിയ രംഗാവിഷ്‌കാരം

തൃശൂര്‍: മലയാള സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായ രണ്ട് രചനകളുടെ രംഗാവിഷ്‌കാരത്തോടെ എട്ടാമത് അന്താരാഷ്ട്ര നാടകോല്‍സവത്തിന് ജനുവരിയില്‍ തൃശൂരില്‍ തുടക്കമാവും. മലയാളത്തിലെ ആദ്യത്തെ സ്ത്രീ നാടകമായ 'മറിയാമ്മ—യുടെയും നോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയ രചനയായ ഖസാക്കിന്റെ ഇതിഹാസത്തിന്റെയും നവ രംഗാവിഷ്‌കാര—മാണ് എട്ടാമത് ഇറ്റ്‌ഫോക്കിന്റെ ശ്രദ്ധേയ മലയാള സാന്നിധ്യങ്ങള്‍. സ്ത്രീനാടകങ്ങളിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന മറിയാമ്മയെ ശ്രീനാഥ് നായരാണ് അരങ്ങിലെത്തിക്കുന്നത്. ജനവരി 11ന് നാലിന് നാടകോല്‍സവത്തിന്റെ പ്രധാന വേദിയില്‍ മറിയാമ്മ അവതരിപ്പിക്കപ്പെടും. 1878ല്‍ കൊച്ചീപ്പന്‍ തരകന്‍ രചിച്ച മറിയാമ്മ എന്ന നാടകത്തെ വിസ്മൃതിയില്‍നിന്ന് വീണ്ടെടുക്കുകയാണ് ശ്രീനാഥ് നായര്‍.
നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനും സ്‌പൈനല്‍ കോഡ് എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ ദീപന്‍ ശിവരാമനാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന് പുതിയ രംഗഭാഷ്യം ചമയ്ക്കുന്നത്. തൃക്കരിപ്പൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ദീപന്‍ നാടകത്തിന് രംഗാവിഷ്‌കാരം ഒരുക്കിയത്. ജനവരി 10 മുതല്‍ 16 വരെ ഏഴ് ദിവസങ്ങളിലായി 25ഓളം നാടകങ്ങളാണ് കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ അരങ്ങേറുക. ജനവരി 10ന് 7 മണിക്കാണ് ഉദ്ഘാടന സമ്മേളനം. സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് എട്ടാമത് ഇറ്റ്‌ഫോക് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it