മറയൂരില്‍ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് ഭൂമി കുംഭകോണത്തിനു നീക്കം

സി എ സജീവന്‍

തൊടുപുഴ: പട്ടികജാതി വിഭാഗങ്ങളുടെ ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി മറയാക്കി ഭൂമി കുംഭകോണത്തിനു നീക്കം. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഭൂമിവില്‍പന നടത്താനാണ് ജില്ലയിലെ ഒരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഢശ്രമം നടക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് ഭൂമിവാങ്ങി പട്ടികജാതിക്കാര്‍ക്കായി കോളനി സ്ഥാപിക്കാനാണു നീക്കം. പട്ടികജാതി വിഭാഗങ്ങളെ ഇനിയും കോളനിവല്‍ക്കരിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് അഴിമതി ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയെ എതിര്‍ത്ത ഉദ്യോഗസ്ഥര്‍ ഭീഷണി നേരിടുകയാണ്.
ദേവികുളം താലൂക്കിലാണ് ലക്ഷങ്ങളുടെ തട്ടിപ്പിനു കളമൊരുങ്ങുന്നത്. മറയൂര്‍ വില്ലേജിലെ 277ാം സര്‍വേ നമ്പരില്‍പ്പെട്ട മൂന്ന് ഏക്കര്‍ ഭൂമിയാണ് പട്ടികജാതി വികസന വകുപ്പിനുവേണ്ടി വാങ്ങുന്നത്. ഏക്കറിന് 36 ലക്ഷം രൂപ പ്രകാരം വില ഉറപ്പിച്ചതായാണു വിവരം. എന്നാല്‍, ഇവിടെ ഇത്രയും വിലയില്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചും തര്‍ക്കമുണ്ട്. ഭവനപദ്ധതിക്കായി നിവേദനം നല്‍കിയയാള്‍ പട്ടികജാതി വിഭാഗക്കാരനല്ലെന്നും എസ്റ്റേറ്റ് ജീവനക്കാരനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂമി വില്‍പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഇയാ ള്‍ മുന്‍ എംഎല്‍എയുടെ ഉറ്റ അനുയായിയാണ്. 2015 ജനുവരി 21ന് 50 ഭൂരഹിത ഭവനരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുന്നതോടെയാണ് തട്ടിപ്പിനു തുടക്കം. ഇതിനു മുമ്പായി ദേവികുളം താലൂക്കിലെ ഭൂരഹിത ഭവനരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങി പദ്ധതി നടപ്പാക്കണമെന്ന് ബ്‌ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.
50 പേര്‍ക്ക് ഭൂമിയും വീടും ന ല്‍കാനാണ് റിപോര്‍ട്ട് തയ്യറാക്കിയതെങ്കിലും 30 പേര്‍ക്കുവേണ്ടി തുക അനുവദിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥര്‍ മാറിയതിനെത്തുടര്‍ന്ന് ഫയല്‍ വിശദമായ പരിശോധനയ്ക്ക് വിധേയമായതോടെയാണ് പല തട്ടിപ്പുകളും പുറത്തു വന്നത്. പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് ഭാര്യക്കും ഭര്‍ത്താവിനും സ്വന്തമായി ഭൂമി ഉണ്ടായിരിക്കരുതെന്നും കുടുംബവിഹിതമായി ഭൂമി കിട്ടാന്‍ സാധ്യത ഉണ്ടായിരിക്കരുതെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, പദ്ധതിയിലെ ഗുണഭോക്താക്കള്‍ ഹാജരാക്കിയത് കണ്ണന്‍ദേവന്‍ വില്ലേജില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളാണ്. ഭാര്യക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഈ വില്ലേജില്‍ ഭൂമിയില്ലെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണന്‍ദേവന്‍ വില്ലേജില്‍ സ്വകാര്യഭൂമി ഇല്ലെന്നിരിക്കെ ഈ സര്‍ട്ടിഫിക്കറ്റിനു സ്വീകാര്യതയില്ല.
ഗുണഭോക്താക്കളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പട്ടികജാതി വികസന ഓഫിസില്‍ നിന്നയച്ച കത്തുകള്‍ക്കും മറുപടി ലഭിച്ചില്ല. ഇതോടെ ഗുണഭോക്താക്കള്‍ തന്നെ വ്യാജമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വകുപ്പ് ആവശ്യപ്പെട്ട നിര്‍ദിഷ്ട മാതൃകയിലുള്ള ജാതി സര്‍ട്ടിഫിക്കറ്റല്ല ഹാജരാക്കിയത്. ഇത് ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്നും വിവരമുണ്ട്. ഇതിനിടെയാണ് ഭൂമി സംബന്ധിച്ചും സംശയങ്ങ ള്‍ ഉയര്‍ന്നത്. 2009ല്‍ പതിച്ചു നല്‍കിയതാണ് നിര്‍ദിഷ്ട ഭൂമിയെങ്കിലും ഉടമകളാരും സ്ഥലത്തില്ല. പട്ടയത്തിന്റെ പകര്‍പ്പ് 15 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയൊന്നും ഹാജരാക്കിയിട്ടില്ല. വസ്തുവിന്റെ വിലയും മറ്റു വിവരങ്ങളും രേഖപ്പെടുത്താത്ത വസ്തു ഉടമയെന്ന് അവകാശപ്പെടുന്നയാള്‍ ഒപ്പിട്ട സമ്മതപത്രമാണു ഹാജരാക്കിയിട്ടുള്ളത്. ആവശ്യപ്പെട്ടിട്ടും വസ്തു ഉടമകള്‍ പട്ടികജാതി വികസന ഓഫിസില്‍ ഹാജരായിട്ടുമില്ല. പകരം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉ ള്‍പ്പെടുന്ന ഇടനിലക്കാരാണ് നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങുന്നത്.
Next Story

RELATED STORIES

Share it