മറച്ചുവയ്ക്കുന്നത് 2.5 ലക്ഷം കോടിയുടെ പ്രകൃതിവാതക കുംഭകോണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് എംപി

എം പി വിനോദ്

കേരളത്തിന്റെ വികസന പദ്ധതിയായി ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വാഴ്ത്തുന്നവര്‍, പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് പാചകവാതകം എത്തുമെന്ന മോഹനവഗ്ദാനം നല്‍കി ജനങ്ങളുടെ പിന്തുണ തേടുന്നവര്‍ മറച്ചുവയ്ക്കുന്നത് ഖത്തറിലെ റാസ് ഗ്യാസില്‍നിന്നു പ്രകൃതിവാതകം ഇറക്കുമതി ചെയ്തതിലെ 2.5 ലക്ഷം കോടി രൂപയുടെ അഴിമതി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കിയ 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്‌പെക്ട്രം അഴിമതിയെ തോല്‍പ്പിക്കുന്ന പ്രകൃതിവാതക ഇറക്കുമതിയിലെ കുംഭകോണം 2011ല്‍ പുറത്തുകൊണ്ടുവന്നത് പെട്രോളിയം പ്രകൃതിവാതകം പര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് എംപി മുകേഷ് ബി ഗദ്ദാവിയായിരുന്നു.
രാജ്യത്തെ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് ഇന്ത്യയിലേക്ക്- കൊച്ചി പുതുവൈപ്പിന്‍ ടെര്‍മിനലിലേക്കും ഗുജറാത്തിലെ ദാഹോജിലെ ടെര്‍മിനലിലേക്കും- പ്രകൃതിവാതകം ഖത്തറിലെ റാസ് ഗ്യാസ് വഴി ഇറക്കുമതി ചെയ്യുന്നത്. ഗെയില്‍, ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ ചേര്‍ന്നാണ് പെട്രോളിയം പ്രകൃതിവാതകം സെക്രട്ടറി ചെയര്‍മാനായി പെട്രോനെറ്റ് എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നത്. പെട്രോളിയം സെക്രട്ടറി ചെയര്‍മാനായിട്ടും രാജ്യതാല്‍പര്യം സംരക്ഷിക്കാതെയാണ് റാസ് ഗ്യാസുമായി പ്രകൃതിവാതക ഇറക്കുമതി കരാറുണ്ടാക്കിയത്.
1999ല്‍ ക്ഷണിച്ച ടെന്‍ഡറില്‍ ഒരു യൂണിറ്റ് (പെര്‍ മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) ദ്രവീകൃത പ്രകൃതിവാതകം 3.04 ഡോളര്‍ നിരക്കില്‍ 7.5 മില്യന്‍ ടണ്‍ 25 വര്‍ഷത്തേക്ക് നല്‍കാന്‍ തയ്യാറാണെന്നാണ് ഖത്തറിലെ റാസ് ഗ്യാസ് അറിയിച്ചത്. എന്നാല്‍, ഈ കരാര്‍ ഒപ്പിടാതെ പൊതുമേഖലാ എണ്ണ കമ്പനികളുടെ സംയുക്ത സംരംഭമായ പെട്രോനെറ്റ് റാസ് ഗ്യാസിന് കൂടിയ വില നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 3.04 ഡോളറിനു പകരം 12.66 ഡോളര്‍ നിരക്കില്‍ 15 വര്‍ഷം പ്രകൃതിവാതകം ഇറക്കുമതി ചെയ്യാനാണ് റാസ് ഗ്യാസുമായി കരാര്‍ ഒപ്പിട്ടത്. ഇതുവഴി പ്രതിവര്‍ഷം 3.7 ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. 2014 മുതല്‍ പ്രാബല്യത്തിലുള്ള കരാര്‍പ്രകാരം 15 വര്‍ഷത്തേക്ക് 55.5 ബില്യന്‍ ഡോളറിന്റെ ഏതാണ്ട് 2.55 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യവും ഇറക്കുമതി പ്രകൃതിവാതകം ഉപയോഗിക്കുന്ന ഇവിടത്തെ വ്യവസായികളും വഹിക്കേണ്ടി വരിക. മുന്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ബി കെ ഗദ്ദാവിയുടെ മകന്‍ മുകേഷ് ബി ഗദ്ദാവി ഉന്നയിച്ചത് ഇതാണ്.
പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭമായ പെട്രോനെറ്റിനെ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിന് വിധേയമാക്കണമെന്നും പ്രകൃതിവാതക ഇറക്കുമതി അഴിമതിയില്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് 2011ല്‍ മുകേഷ് ബി ഗദ്ദാവി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്ത് നല്‍കി. എന്നാല്‍, പെട്രോളിയം മന്ത്രാലയം അന്വേഷിക്കുന്നു എന്ന ഒഴുക്കന്‍ മറുപടിയല്ലാതെ സിബിഐക്കു വിടാനോ കാര്യമായ അന്വേഷണം നടത്താനോ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രകൃതിവാതകം ഇറക്കുമതിയിലെ അഴിമതി അന്വേഷിക്കണമെന്ന നിലപാടെടുത്ത അന്നത്തെ പെട്രോളിയം മന്ത്രി എസ് ജയ്പാല്‍റെഡ്ഡിയെ മന്ത്രി സ്ഥാനത്തുനിന്നുതന്നെ നീക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പെട്രോളിയം സെക്രട്ടറി ചെയര്‍മാനായ പെട്രോനെറ്റിന്റെ അഴിമതി അദ്ദേഹത്തോടുതന്നെ അന്വേഷിക്കുന്ന വിചിത്രമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെയോ (സിവിസി), സിബിഐയെയോ അന്വേഷണം ഏല്‍പ്പിക്കാന്‍ തയ്യാറായതുമില്ല. അന്നത്തെ പ്രതിപക്ഷമായ ബിജെപി ഈ വിഷയം ഏറ്റെടുത്തതേയില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകൃതിവാതക ഇറക്കുമതിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നത്. ഗുജറാത്തിലെ ദാഹോജിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അമിത താല്‍പര്യം കാണിക്കുകയും പെട്രോനെറ്റിന് അനുകൂല നിലപാടെടുക്കുകയുമായിരുന്നു മോദി. ആരോപണം ഉന്നയിച്ച മുകേഷ് ബി ഗദ്ദാവി 2013ല്‍ മരണപ്പെട്ടതോടെ 2.5 ലക്ഷം കോടിയുടെ അഴിമതി ആരോപണം കോള്‍ഡ് സ്‌റ്റോറേജിലായി.
പ്രകൃതിവാതകം ഇറക്കുമതിയിലെ അഴിമതി വ്യക്തമാക്കി മുന്‍ ധനകാര്യ സെക്രട്ടറി 2013 ജനുവരി 13ന് പ്രധാനമന്ത്രിക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിലും ഒരു നടപടിയുമുണ്ടായില്ല. പെട്രോളിയം മേഖലയിലെ ചലനങ്ങളും വാര്‍ത്തകളും നല്‍കുന്ന ഇന്ത്യന്‍ ഓയില്‍ ആന്റ് ഗ്യാസിന്റെ പെട്രോ ഇന്റലിജന്‍സ് എന്ന പ്രസിദ്ധീകരണം പ്രകൃതിവാതക ഇറക്കുമതി കരാറില്‍ ഇന്ത്യക്ക് 27,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പെട്രോളിയം പ്രകൃതിവാതകം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പെട്രോനെറ്റ് -റാസ് ഗ്യാസുമായുണ്ടാക്കിയ കരാറിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സ്ഥിരീകരിച്ചിരുന്നു.
ലോകത്ത് പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ ആകെ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 77 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കൂടിയ വില നല്‍കിയതിനു പുറമെ കരാറില്‍ പറഞ്ഞതിനെക്കാള്‍ വളരെ സാന്ദ്രത കുറഞ്ഞ പ്രകൃതിവാതകം ഇറക്കുമതി ചെയ്ത് റാസ് ഗ്യാസ് കബളിപ്പിക്കുകയും ചെയ്തു. കരാര്‍പ്രകാരം വര്‍ഷം 7.5 മില്യന്‍ മെട്രിക് ടണ്‍ (എംഎംടി) റിച്ച് എല്‍എന്‍ജി (ഉയര്‍ന്ന തോതില്‍ ഹൈഡ്രോ കാര്‍ബണ്‍സ് പ്രൊപൈന്‍, ബ്യൂട്ടെയിന്‍ അടങ്ങിയത്) പകരം 2.5 എംഎംടി നേര്‍പ്പിച്ച വിലകുറഞ്ഞ എല്‍എന്‍ജിയാണ് ഇറക്കുമതി ചെയ്തത്. വിലയില്‍ കിഴിവു നല്‍കിയില്ലെന്ന് മാത്രമല്ല; കൂടിയ വില ഈടാക്കുകയും ചെയ്തു. പെട്രോനെറ്റും ഗെയിലും ഈ തട്ടിപ്പിനു കൂട്ടുനിന്നു. കൂടിയ വിലയ്ക്ക് പ്രകൃതിവാതകം ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. റാസ് ഗ്യാസിനോട് നേര്‍പ്പിച്ച എല്‍എന്‍ജിക്ക് വിലകുറയ്ക്കാന്‍ ആവശ്യപ്പെടാതെ സംസ്ഥാന സര്‍ക്കാരിനോട് വാറ്റ് നികുതി ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്. എണ്ണ കമ്പനികള്‍ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിനു വിധേയമാക്കാത്തതിനാലാണ് ഈ അഴിമതിയും 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതി എന്നിവ പോലെ ഇത്‌ പുറത്തുവരാത്തത്. രാജ്യം കണ്ട വലിയ അഴിമതി മറച്ചു വച്ചാണ് പെട്രോനെറ്റും ഗെയിലും കേരളത്തിന്റെ വ്യവസായ വികസനത്തിനുള്ള പദ്ധതിയായി പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വാഴ്ത്തുന്നത്.

( നാളെ: ഇതാണോ ചെലവു കുറഞ്ഞ ഇന്ധനം: ഉത്തരേന്ത്യയില്‍ 2.52 ഡോളര്‍, കേരളത്തില്‍ 24.35 ഡോളര്‍)
Next Story

RELATED STORIES

Share it