മര്‍ദ്ദിച്ചെന്ന് യുവതിയുടെ പരാതി: ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ഹോട്ടല്‍മുറിയില്‍ വച്ച് കായികമായി ആക്രമിച്ചെന്ന് ആരോപിച്ച് ബംഗളൂരു സ്വദേശിനിയും ഹിന്ദി ചലച്ചിത്ര നിര്‍മാതാവുമായ വന്ദന നല്‍കിയ പരാതിയിലാണ് താരത്തെ ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. മിശ്രയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അശോക് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്ന് ഡിസിപി സന്ദീപ് പട്ടേല്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഏഴു ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലിസ് നേരത്തേ മിശ്രയ്ക്ക് സമന്‍സ് അയച്ചിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്തപ്പോഴും മിശ്ര ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിരുന്നു. തന്നെ ശാരീരികമായി കൈയേറ്റം ചെയ്യാന്‍ മിശ്ര ശ്രമിച്ചെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് യുവതി പരാതി നല്‍കിയത്. ബംഗളൂരുവില്‍ പരിശീലനത്തിനെത്തിയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. സപ്തംബര്‍ 25നു ഹോട്ടലില്‍ ഉണ്ടായ കൈയാങ്കളിയില്‍ മിശ്ര തന്റെ കഴുത്തിനു പിടിച്ചുവെന്നും കൈ പിടിച്ചു തിരിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം, അമിത് മിശ്രക്കെതിരായ കേസ് വിശദമായി പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാനും ബിസിസിഐ അംഗവുമായ രാജീവ് ശുക്ല പ്രതികരിച്ചു.
Next Story

RELATED STORIES

Share it