മരുന്നുകളുടെ ദുരുപയോഗം; ബോധവല്‍ക്കരണ പദ്ധതിയുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

അഹ്മദാബാദ്: മയക്കുമരുന്ന് നിര്‍മാണത്തിനു വേണ്ടി ചില രാസസംയുക്തങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ മരുന്നുല്‍പാദകര്‍ക്ക് അവബോധം നല്‍കാന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) പദ്ധതി തയ്യാറാക്കി. ഹെറോയിന്‍, മീത്താം ഫിറ്റാമിന്‍ തുടങ്ങിയ മയക്കുമരുന്നു നിര്‍മാണത്തിനാണ് നിയമവിരുദ്ധമായി ചില രാസസംയുക്തങ്ങള്‍ ഉപയോഗിക്കുന്നത്. മാനസികരോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ മയക്കുമരുന്ന് മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്.
ഇത്തരം മരുന്നുകള്‍ ഫാര്‍മസികളിലൂടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വില്‍ക്കുന്നത്. ഹെറോയിന്‍, മിത്താം ഫെറ്റാമിന്‍ എന്നിവയുടെ നിര്‍മാണത്തിന് ചില രാസസംയുക്തങ്ങള്‍ ഉപയോഗിക്കുന്നത് ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതാണ് മരുന്നു വ്യവസായത്തിന് അവബോധം നല്‍കാന്‍ പ്രേരിപ്പിച്ചത്. നിയമവിരുദ്ധമായ ഇത്തരം ചേരുവകളുടെ ഉപയോഗം തടയുന്നതില്‍ മരുന്നുകമ്പനികള്‍ക്ക് കാര്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അഹ്മദാബാദ് മേഖലാ ഡയറക്ടര്‍ ഹരി ഓം ഗാന്ധി പറഞ്ഞു.
ചുമ മരുന്നു പോലെയുള്ളവ നിഷ്പ്രയാസം ഫാര്‍മസികളില്‍ നിന്നു വാങ്ങാന്‍ കിട്ടുന്നതാണ് പ്രശ്‌നമാവുന്നത്. ഈ മരുന്നുകള്‍ അമേരിക്കയിലെന്ന പോലെ ഇന്ത്യയിലും ചിലര്‍ മയക്കുമരുന്നിനായി ഉപയോഗിക്കുന്നുണ്ട്.
ഇതിന് നിയന്ത്രണം വേണം. ഇത്തരം മരുന്നുകള്‍ ആരാണ്, എന്തിനാണ് വാങ്ങുന്നതെന്നുള്ള രേഖകളൊന്നും ഇപ്പോള്‍ സൂക്ഷിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
അതേപോലെ അസെറ്റിക് അന്‍ഹൈഡ്രിഡ്, ഇഫഡ്രിന്‍ എന്നിവയുടെയും ദുരുപയോഗം നടക്കുന്നുണ്ട്. അസെറ്റിക് അന്‍ഹൈഡ്രിഡ് ഹെറോയിന്‍ നിര്‍മാണത്തിനും ഇഫ്രഡിന്‍ മീത്താം ഫെറ്റാമിന്‍ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിയമംവഴി ഇവയുടെ വില്‍പന നിയന്ത്രിക്കുന്നുണ്ടെങ്കിലും വേണ്ടത്ര കാര്യക്ഷമമല്ല. കമ്പനികളെ ബോധവല്‍ക്കരിക്കാന്‍ അവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it