kozhikode local

മരുതേരി റോഡില്‍ വീടിനു നേരെ അക്രമണം; ജില്ലയില്‍ അക്രമം തുടരുന്നു

വടകര: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന ആഹ്ലാദ പ്രകടനങ്ങള്‍ അക്രമാസക്തമായയി. അഴിയൂര്‍, മുക്കാളി ടൗണിലെ വ്യാപര സ്ഥാപനങ്ങള്‍ക്ക് നേരെയും, വ്യാപാരികള്‍ക്ക് നേരെയും കയ്യേറ്റം നടന്നു. മുക്കാളിയിലെ എ.ടി മെഡിക്കല്‍ ഷോപ്പ് ഉടമ എ.ടി ബാബുരാജ്, എ.ടി ഹാര്‍ഡ്‌വെര്‍സ് ഉടമ എ.ടി സുകുമാരന്‍, സെന്‍ട്രല്‍ മുക്കാളിയിലെ പലചരക്ക് വ്യാപാരി കെ നാസര്‍ എന്നിവരെയാണ് ഒരു സംഘമാളുകള്‍ കൈയേറ്റം ചെയ്തത്. മുക്കാളിയിലെ കേരള ഭവന്‍ ഹോട്ടല്‍, അഴിയൂര്‍ സ്റ്റാര്‍ ഹോട്ടല്‍ എന്നിവയ്ക്ക് നേരെ കല്ലേറും നടത്തിയിരുന്നു. കല്ലേറില്‍ ഹോട്ടലിന്റെ ഗ്ലാസുകള്‍ മുഴുവനായി തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മുക്കാളി ടൗണില്‍ വ്യാപാരികള്‍ ഹാര്‍ത്താല്‍ നടത്തി. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യാപാരി സംയുക്ത സമിതി യോഗം ആവശ്യപ്പെട്ടു.
പേരാമ്പ്ര: മരുതേരി റോഡില്‍ ഞെരവത്ത് പൊയില്‍ എന്‍ പി ബാബുവിന്റെ വീടിനു നേരെ വെള്ളിയാഴ്ച രാത്രി അജ്ഞാതര്‍ അക്രമണം നടത്തി. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിനു നേരെ അക്രമണം നടത്തിയതെന്ന് പറയുന്നു. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ജനതാദള്‍ (എസ്) പ്രവര്‍ത്തകനായിരുന്ന ബാബു അടുത്തിടെ ജനതാദള്‍ യുണൈറ്റഡിലേക്ക് മാറിയിരുന്നു.

സമാധാനം ആഹ്വാനംചെയ്ത് സര്‍വകക്ഷിയോഗം
വടകര: തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം വടകര മേഖലയിലുണ്ടായ അക്രമസംഭങ്ങളെ അപലപിച്ച് സര്‍വകക്ഷിയോഗം നടന്നു. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 19ന് നടന്ന അക്രമങ്ങളെ യോഗം അപലപിച്ചു. ഇനി ഇത്തരത്തില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് തലത്തില്‍ സമിതികള്‍ ചേരും. ഇതുവരെ നടന്ന അക്രമസംഭവങ്ങളില്‍ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ എം കെ ഭാസ്‌കരന്‍(ഏറാമല), എ മോഹനന്‍(വില്ല്യാപ്പള്ളി), പി മോഹനന്‍(തിരുവള്ളൂര്‍), എം എം ലസിന(ആയഞ്ചേരി) രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി കെ ദിവാകരന്‍, പുത്തൂര്‍ അസീസ്, ഇ എം ദയാനന്ദന്‍, പുറന്തോട്ടത്ത് സുകുമാരന്‍, പ്രഭാത് വടകര, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍, എസ്‌ഐ ചിത്തരഞ്ജന്‍ എന്നിവര്‍ പങ്കെടുത്തു.
കൊയിലാണ്ടിയില്‍
നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊയിലാണ്ടി: സിപിഎം- ബിജെപി അക്രമങ്ങളെ തുടര്‍ന്ന് കൊയിലാണ്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങള്‍ നടത്തുന്നതും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും കുറ്റകരമാണ്.
Next Story

RELATED STORIES

Share it