malappuram local

മരുതയില്‍ വന്യമൃഗശല്യം: സര്‍വകക്ഷി യോഗത്തില്‍ കര്‍ഷക പ്രതിഷേധമിരമ്പി

എടക്കര: വഴിക്കടവ് പഞ്ചായത്തിലെ മരുതയില്‍ വന്യമൃഗശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കര്‍ഷക പ്രതിഷേധമിരമ്പി. കാലങ്ങളായി കര്‍ഷകര്‍ അനുഭവിക്കുന്ന വന്യമൃഗശല്ല്യത്തിന് പരിഹാരം കാണാന്‍ തയ്യാറാവാത്ത വനം വകുപ്പിന്റെ നിലപാട് വന്‍ പ്രതിഷേധത്തിനിടയാക്കി. കാട്ടാനകള്‍, കാട്ടുപന്നികള്‍ തുടങ്ങിയവ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതുമൂലം കൃഷി അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. മുന്‍പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ വന്യമൃഗശല്ല്യം പരിഹരിക്കുന്നതിന് സമിതി രൂപീകരിച്ചുവെങ്കിലും വകുപ്പുകളുടെ നിസ്സഹകരണംമൂലം പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. ഇപ്പോള്‍ ജനങ്ങളുടെ ജീവന് വരെ ഭീഷണിയായ രൂപത്തിലാണ് വന്യമൃഗങ്ങളുടെ വിളയാട്ടം. വായ്പയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വന്യമൃഗശല്ല്യംമൂലം കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞദിവസം സര്‍ക്കാര്‍ പതിച്ച് നല്‍കിയ വനത്തോട് ചേര്‍ന്ന ഭൂമിയില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ മേഖലയിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. ബുധനാഴ്ച പാലുണ്ടയിലുള്ള വഴിക്കടവ് റെയ്ഞ്ച് ഓഫിസ് ഉപരോധിക്കാനുള്ള തീരുമാനത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം പിരിഞ്ഞു. രാവിലെ പത്തിന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി ഓഫിസ് ഉപരോധിക്കും. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി കെ സക്കീര്‍ ഹുസൈന്‍, ഫിറോസ് തോട്ടേക്കാട്, ടി കെ അസൈനാര്‍, അന്‍വര്‍ ആനപ്പട്ടത്ത്, വാര്‍ഡ്ംഗം സക്കീര്‍ പോക്കാവില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it