മരിയ ചാടുമ്പോള്‍ ഉയരം വഴിമാറും

മുജീബ് പുള്ളിച്ചോല

കോഴിക്കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ തന്റെ തന്നെ റെക്കോഡ് തിരുത്തി മരിയ ജെയ്‌സണ്‍ കേരളത്തിന്റെ സുവര്‍ണതാരമായി. റാഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം കുറിച്ച 3.40 മീറ്ററിന്റെ ഉയരം ഇക്കുറി 3.50ലെത്തിച്ച് പുതിയ റെക്കോഡുമിട്ടു. പഞ്ചാബിന്റെ രേണു റാണി മൂന്നുമീറ്റര്‍ ഉയരത്തില്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ കേരളത്തിന്റെ തന്നെ അഞ്ജലി ഫ്രാന്‍സിസ് 2.90 മീറ്റര്‍ മറികടന്ന് വെങ്കലത്തിലൊതുങ്ങി.
സംസ്ഥാന മീറ്റില്‍ വെള്ളി നേടിയ അഞ്ജലിക്ക് ഉറപ്പിച്ച വെള്ളിയാണ് നഷ്ടമായത്. തിരുവനന്തപുരം സായിയുടെ താരമായ അഞ്ജലി 3.20 മീറ്റര്‍ മറികടന്നാണ് അന്ന് രണ്ടാംസ്ഥാനത്തെത്തിയത്.
മരിയയുടെ അവസാന സ്‌കൂള്‍ മീറ്റ് കൂടിയാണ് ഇത്തവണത്തേത്. ദേശീയ മീറ്റിലെ അഞ്ചാമത്തെ സ്വര്‍ണപതക്കം സ്വന്തമാക്കിയാണ് ഈ അഞ്ചടി എട്ടിഞ്ചുകാരി സ്‌കൂള്‍ മീറ്റില്‍ നിന്നും വിടവാങ്ങുന്നത്.
സ്വര്‍ണമുറപ്പിച്ചാണ് മരിയ ഇക്കുറി പിറ്റിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ റാഞ്ചിയിലെ മീറ്റിനുശേഷമാണ് ഈ കോട്ടയംകാരി തന്റെ മികച്ച ഉയരംകണ്ടെത്തിയത്. റാഞ്ചിയില്‍തന്നെ നടന്ന 2015 ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 3.70 മറികടന്നായിരുന്നു സ്വര്‍ണനേട്ടം. അതുകൊണ്ടുതന്നെ ഉത്തരേന്ത്യന്‍ താരങ്ങളുടെ വെല്ലുവിളിയുണ്ടാവില്ലെന്ന് ഉറപ്പായിരുന്നു.
അവസാന മൂന്നുപേരില്‍ ശേഷിച്ച രണ്ട് കേരളതാരങ്ങളെക്കാള്‍ ഉയരംകുറഞ്ഞ രേണു ഒപ്പത്തിനൊപ്പംനിന്നത് കൂടുതല്‍ നല്ല പ്രകടനം പുറത്തെടുക്കാന്‍ മരിയയെ സഹായിച്ചു. അത് ഒടുവില്‍ റെക്കോഡ് തകര്‍ക്കുന്ന മികവിലുമെത്തി. മൂന്നു മീറ്ററില്‍ രേണു ഒതുങ്ങിയശേഷം മരിയയുടെ പോരാട്ടം തനിച്ചായി.
തന്റെ തന്നെ പേരിലുള്ള ഉയരം ചാടിക്കടക്കാനായി പിന്നീട് ശ്രമം. 3.36നുശേഷം 3.41 ഉയരംഒറ്റ ചാട്ടത്തില്‍ കീഴടക്കി റെക്കോഡ് തന്റെ പേരില്‍തന്നെ പുതുക്കിചേര്‍ത്തു. 3.50ഉം ആദ്യ ശ്രമത്തില്‍തന്നെ കീഴി ല്‍. മരിയയുടെ തന്നെ മികച്ച പ്രകടനം വഴിമാറുമെന്ന് തോന്നിക്കുന്ന മട്ടിലായിരുന്നു ആ ചാട്ടം. ട്രാക്കിനപ്പുറത്ത് ഗുരു കെ പി സതീഷ് കുമാറിനടുത്ത് ചെന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തിരിച്ച് റണ്‍വേയിലെത്തി. എന്നാല്‍ 3.60 മീറ്ററില്‍ മൂന്നു ശ്രമവും പാഴാവുകയായിരുന്നു.
കോട്ടയം സെന്റ്‌മേരീസ് ഗേള്‍സ് എച്ച്എസ്എസിലെ 12ാംക്ലാസുകാരിയാണ് മരിയ. പാലാ ഏഴാച്ചേരിയില്‍ നൈസിയുടെയും ജെയ്‌സണിന്റെയും മകള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂ ള്‍ അത്‌ലറ്റിക് മീറ്റില്‍ വെള്ളിയും ഗോവയിലെ ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സീനിയര്‍ ഓപണ്‍ ചാംപ്യന്‍ഷിപ്പിലും 3.70 ന്റെ മികച്ച പ്രകടനം പുറത്തെടുത്തു.
Next Story

RELATED STORIES

Share it