thrissur local

മരിച്ച ഭര്‍ത്താവിന്റെ കുടുംബസ്വത്ത് വിട്ടുനല്‍കിയില്ല; യുവതി വീണ്ടും വനിതാ കമ്മീഷനില്‍

തൃശൂര്‍: പരിഹരിച്ചയച്ച പരാതിയുമായി യുവതി വീണ്ടും വനിതാക്കമ്മീഷന്‍ സിറ്റിങ്ങിലെത്തി. മരിച്ചുപോയ ഭര്‍ത്താവിന്റെ കുടുംബസ്വത്തില്‍ തനിക്കും കുട്ടിക്കും അവകാശം നല്‍കണമെന്ന പരാതിയുമായാണ് തൃശൂര്‍ സ്വദേശിനിയായ യുവതി ആദ്യം വനിതാക്കമ്മീഷനെ സമീപിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ കുടുംബസ്വത്ത് നല്‍കാന്‍ ഇതുവരേയും തയ്യാറാകാത്ത സാഹചര്യത്തിലാണ് യുവതി കമ്മീഷനെ വീണ്ടും സമീപിച്ചത്. ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്കെതിരെ ആവശ്യമായ പൊലിസ് നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാക്കമ്മീഷന്‍ അംഗം കെ എ തുളസി പറഞ്ഞു.
വ്യത്യസ്ത മതവിഭാഗത്തിലുള്ള യുവാവുമായി വിവാഹബന്ധം നടത്തിത്തരണമെന്ന ആവശ്യവുമായാണ് മറ്റൊരുയുവതി കമ്മീഷന്‍ സിറ്റിങ്ങിലെത്തിയത്. ചെറുതുരുത്തി സ്വദേശിനിയായിരുന്നു പരാതിക്കാരി. ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെ രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച ഇവര്‍ക്ക് നാലു വയസ്സുകാരിയായ ഒരു മകളുമുണ്ട്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അടുത്ത മാസം ഇവര്‍ വിവാഹിതരായിക്കൊള്ളാമെന്ന ഉറപ്പില്‍ കമ്മീഷന്‍ ഈ പരാതി തീര്‍പ്പാക്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 68 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 37 കേസുകള്‍ തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ ജാഗ്രതാസമിതിയുടെ റിപ്പോര്‍ട്ടിനായും ഒരെണ്ണം പൊലീസ് റിപ്പോര്‍ട്ടിനായും അയച്ചുകൊടുത്തു. വനിതാക്കമ്മീഷന്‍ അംഗം കെ.എ തുളസി, അഡ്വക്കേറ്റുമാരായ എല്‍ദോ പൂക്കുന്നേല്‍, ബൂണി, വനിതാസെല്‍ എ.എസ്.ഐ. ഉദയചന്ദ്രിക ,സിവില്‍ പൊലിസ് ഓഫിസര്‍ അലീമ ,വനിതാക്കമ്മീഷന്‍ ഉദ്യോഗസ്ഥരായ ശ്രീകുമാര്‍ ,ലേഖ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it