wayanad local

മരണശേഷവും പകപോക്കല്‍ തുടരുന്നു: ജോണിനെയും കുടുംബത്തെയും അധിക്ഷേപിച്ച് പോസ്റ്റര്‍

മാനന്തവാടി: കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് ഇരയായി ആത്മഹത്യ ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിനെയും കുടുംബത്തെയും വീണ്ടും അപമാനിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റര്‍ പ്രചാരണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജോണിന്റെ വീട് സന്ദര്‍ശിച്ച ഇന്നലെ രാവിലെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോസ്റ്ററുകള്‍ പതിച്ചത്.മാനന്തവാടി, കല്‍പ്പറ്റ ടൗണുകളിലും ജോണിന്റെ വീടുള്ള പുതിയിടം സമീപ പ്രദേശങ്ങളായ പയ്യംപള്ളി, കുറുക്കന്‍മൂല എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു.
'ജോണ്‍-കര്‍മഫലത്തിന്റെ ഇര' എന്ന തലക്കെട്ടിലാണ് അതിരൂക്ഷമായും മോശമായും അപമാനിക്കുന്ന പോസ്റ്ററുള്ളത്. ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന പോസ്റ്റര്‍ പ്രചാരണം സംബന്ധിച്ച് പോലിസ് അന്വേഷിക്കുമെന്നു ജോണിന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജോണിനെ അപമാനിക്കുന്ന പോസ്റ്റര്‍ കുടുംബാംഗങ്ങള്‍ ചെന്നിത്തലയ്ക്ക് കൈമാറി.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണ് തങ്ങളെ അപമാനിക്കുന്ന പോസ്റ്ററിന് പിന്നിലെന്നു ജോണിന്റെ കുടുംബാംഗങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് പറഞ്ഞു. 40 വര്‍ഷം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ പിതാവ് ഒരിക്കല്‍പോലും പാര്‍ട്ടി നടപടിക്ക് വിധേയനായിട്ടില്ല. എന്നാല്‍, നേരത്തെ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിയാണ് ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റെന്നും ഇവര്‍ പറഞ്ഞു.
അതിനിടെ, ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തെ ന്യായീകരിച്ച് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത പ്രസ്താവന ഇറങ്ങിയതും വിവാദമായി. പല മണ്ഡലം പ്രസിഡന്റുമാരും അറിയാതെയാണ് പ്രസ്താവന ഇറക്കിയതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it