Fortnightly

മരണത്തോട് സല്ലപിച്ച വൈദ്യന്മാര്‍

മരണത്തോട് സല്ലപിച്ച വൈദ്യന്മാര്‍
X













1956 മേയ് മുപ്പതിലെ ആ നിര്‍ണ്ണായക ദിവസത്തില്‍ തന്റെ ആത്മാവിന്റെ യാത്രയ്ക്ക് സമയമായെന്ന് അഹ്മദ് വൈദ്യര്‍ തിരിച്ചറിഞ്ഞു. സുഖമില്ലാതെ കിടക്കുകയായിരുന്നു. ശിഷ്യന്‍ ഉമ്മര്‍ എവിടെയോ പോകാനിറങ്ങുമ്പോള്‍ അഹ്മദ് വൈദ്യര്‍ പറഞ്ഞു: “ബക്കം ബരണം കെട്ടാ, നാലുമണിക്ക് മൂപ്പരു വരും”. അസ്‌റാഈലിനെ കുറിച്ചാണു മാമ പറയുന്നതെന്ന് മനസ്സിലായെങ്കിലും ഉമ്മര്‍ ചിരിച്ചു പോയി.  നാലുമണിക്ക് മുറ്റത്തെ കുളത്തില്‍ കുളിച്ചു കയറി വന്ന ഭാര്യയെക്കൊണ്ട് ലേശം കഞ്ഞിയുണ്ടാക്കി അഹ്മദ് വൈദ്യര്‍ കലിമ ചൊല്ലികിടന്നു. കൃത്യ സമയത്ത് തന്നെ പ്രതീക്ഷിച്ച അതിഥിയെത്തി. ഉയിര്‍ ഉടലിനോട് യാത്രയോതി.






doctor

ഹൃദയപൂര്‍വ്വം/ജമാല്‍കൊച്ചങ്ങാടി

തുല്യതയില്ലാത്ത അവസാന യുദ്ധത്തില്‍ അവന്‍ (മരണം) നാശം വിതയ്ക്കുമ്പോള്‍ ഞാന്‍ ഒരു കാണിയെ പോലെ നിസ്സഹായനും നിര്‍വ്വികാരനുമായി നിന്നാല്‍ മതിയോ? സംസാര ശേഷി നഷ്ടപ്പെട്ട എന്റെ രോഗികളുടെ യാചിക്കുന്ന കണ്ണുകളില്‍ നിന്ന് മുഖം തിരിക്കയാണോ ഞാന്‍ വേണ്ടത്? ഞാന്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ആയുധമില്ലാത്തവനല്ല ഞാന്‍. ഇപ്പോഴും എന്റെ കയ്യില്‍ ശക്തമായ ഒരു ആയുധമുണ്ട്. അവന്റെ കയ്യില്‍ ശാശ്വതമായ നിദ്രയുടെ ആയുധമുണ്ടായിരിക്കാം. എന്നാല്‍, ദയാലുവായ പ്രകൃതി മാതാവ് വിശ്വാസത്തോടെ അര്‍പ്പിച്ച മരുന്ന് എന്റെ പക്കലുണ്ട്.'(ആക്‌സല്‍ മുന്‍തെ, സാന്‍ മിഷേലിന്റെ കഥ.)

രോഗത്തിന്റെയും മരണത്തിന്റെയും മുന്‍പില്‍ തോല്‍ക്കുവാന്‍ കൂട്ടാക്കാത്ത ഒരു ഭിഷഗ്വരന്റെ വാശിയാണു ആക്‌സല്‍ മുന്‍തെ എന്ന ഫ്രഞ്ചുകാരന്റെ വാക്കുകളില്‍ നിറയുന്നത്. ഈ നിരന്തരമായ തോല്‍വികളില്‍ പതറാതെ, ആത്മവീര്യത്തോടെ പൊരുതിയ ഒരു പാട് വൈദ്യന്മാരുടെ കഥകളുടെ സമാഹാരമാണ് എല്ലാത്തരം ചികിത്സയുടെയും ചരിത്രം. തീര്‍ച്ചയായും അവരുടെ കൂട്ടത്തില്‍ തീവെട്ടിക്കൊള്ളക്കാരും ആര്‍ത്തിപ്പണ്ടാരങ്ങളുമുണ്ടാവാം. എന്നാല്‍, അര്‍പ്പണ ബോധത്തോടെ ദൈവത്തിന്റെ വിരലുകളായി പ്രവര്‍ത്തിച്ച പരമസാത്വികരായ അപ്പോത്തിക്കിരിമാരും വൈദ്യന്മാരുമാണ് ഓര്‍മ്മിക്കപ്പെടുക.
എപ്പോഴും എന്റെ ഓര്‍മ്മയില്‍ വരുന്ന ഒരു കഥാപാത്രമുണ്ട് -ജീവന്‍ മശായ്. ഇന്ത്യയിലെ തന്നെ ഏറ്റവും മഹദ് നോവലായ ആരോഗ്യ നികേതനത്തിലെ കേന്ദ്രകഥാപാത്രം.

സര്‍ഗ്ഗധനനായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ ഈ ബംഗാളി ആഖ്യായികയില്‍ മരണത്തിന്റെ നിതാന്ത സാന്നിധ്യം നാമറിയുന്നു. ദേവീപുരം എന്ന വംഗ ഗ്രാമത്തിലെ പാരമ്പര്യ വൈദ്യന്മാരുടെ കുടുംബത്തില്‍ പിറന്ന ജീവന്‍ മശായിക്ക് തലമുറകളിലൂടെ പകര്‍ന്നു കിട്ടിയതാണ് നാഡി ചികിത്സാ പരിചയം. ഗംഗാ നദിയുടെ തീരത്തു കൂടി ഒന്നിച്ചു നടക്കുമ്പോള്‍ അച്ഛന്‍ ജഗദ് ബന്ധു മശായ് മകനോട് ചോദിക്കുന്നു:
ഇനിയെന്തെങ്കിലും എന്നില്‍ നിന്നും പഠിക്കാനുണ്ടോ, നിനക്ക്?' അപ്പോള്‍ ജീവന്‍ മശായ് തിരിച്ചറിയുന്നു; അച്ഛന്‍ വേര്‍പിരിയുകയാണ്; തരാനുള്ളതെല്ലാം അദ്ദേഹം തന്നു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ ഏറ്റവുമധികം വേട്ടയാടുന്നതും ആ അറിവിന്റെ വേദനയാണ്. ജീവന്‍ മശായ് ആരുടെയും മരണം ആഗ്രഹിക്കുന്നില്ല. പക്ഷേ, രോഗിയുടെ സിരകളിലൂടെ ഉടലിലേക്ക് അരിച്ചരിച്ചെത്തുന്ന മരണത്തിന്റെ കാലൊച്ച നാഡി സ്പര്‍ശത്തിലൂടെ അദ്ദേഹത്തിന് തിരിച്ചറിയാം.

ഇത് എല്ലാ അിറവുകളെക്കാളും വേദനാജനകമായ അറിവാണ്. അനിവാര്യമായ വിധിയാണ്. മരണത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മനുഷ്യന്‍ ജീവിതത്തിന്റെ വിലയെയും വിലയില്ലായ്മയെയും അറിയുന്നത്. വാസ്തവത്തില്‍ ജീവിതത്തിന്റെ ഉടപ്പിറപ്പാണ് മരണം; രൂപത്തോടൊപ്പം നിഴലെന്നതുപോലെ ജനിച്ച നിമിഷം തൊട്ട് കൂടെ സഞ്ചരിക്കുന്ന സഹയാത്രികന്‍. എന്നാല്‍ ഈ അറിവിനെ വിഷാദാത്മകമായി കാണുന്ന ഒരു നോവലല്ല ആരോഗ്യനികേതന്‍. ഒരു ശാശ്വത സത്യം എന്ന നിലയില്‍ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സമഗ്രമായ ദര്‍ശനമാണ് അത് നല്‍കുന്നത്. ഒപ്പം പാരമ്പര്യ വൈദ്യവും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷവും ചിത്രീകരിക്കപ്പെടുന്നു. ജീവന്‍ മശായിയുടെ എതിര്‍ ദിശയില്‍ നില്‍ക്കുന്ന പ്രദ്യുത് ഡോക്ടര്‍ ആധുനികതയുടെ പ്രതിനിധിയാണ്. പാരമ്പര്യവൈദ്യം തീര്‍ത്തും അശാസ്ത്രീയമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസം ഒടുവില്‍ തകര്‍ന്നു വീഴുന്നു.
പിംഗള കേശിനിയായ മൃത്യുവിന്റെ കാലൊച്ചയ്ക്ക് കാതോര്‍ത്തിരിക്കുന്ന ജീവന്‍ മശായിയെപോലെ സ്വന്തം മരണത്തിന്റെ വരവ് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞ വൈദ്യന്മാര്‍ ബംഗാളില്‍ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിലും ജീവിച്ചിരുന്നു -കൊച്ചിയിലും ഉണ്ടായിരുന്നു ഒരു അഹമ്മദ് വൈദ്യര്‍. തുറമുഖ നഗരത്തിലെ ലജണ്ടായിരുന്നു അദ്ദേഹം. ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ചു കൊണ്ടിരിക്കുന്നു. കാതോട് കാതോരം, തലമുറകളിലൂടെ പകര്‍ന്നു വരുമ്പോള്‍ സത്യം അര്‍ദ്ധ സത്യവും, അര്‍ദ്ധ സത്യം അസത്യവുമായി മാറുന്നു. നെല്ലും പതിരും തിരിച്ചറിയേണ്ടതുണ്ട്.
ഒരു വെള്ളിയാഴ്ച പകല്‍ നാലുമണിക്ക് ജനിക്കുകയും മറ്റൊരു വെള്ളിയാഴ്ച അതേ സമയം മരിക്കുകയും ചെയ്ത അഹ്മദ് വൈദ്യര്‍ (1886-1956) അനുസ്യൂതമായ ഒരു വൈദ്യ സംസ്‌കൃതിയുടെ ഉല്‍പന്നമായിരുന്നു. എഴുപതാം വയസ്സിലായിരുന്നു മരണം. ജനനവും മരണവും ഒരു മെയ് മാസത്തില്‍. ജനന തിയ്യതി പന്ത്രണ്ടിനെങ്കില്‍ മരണം മുപ്പതിനെന്നു മാത്രം. ഒരു ഗണിത ശാസ്ത്ര സമവാക്യം പോലെ തോന്നുന്നു ജീവിതം, അല്ലേ? കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി പറമ്പില്‍ അദ്ദേഹം ശാശ്വതനിദ്രയിലാണ്.
അതി പ്രശസ്തനായിരുന്ന അറക്കല്‍ കൊച്ചമ്മണി വൈദ്യരും -കൊച്ചുണ്ണിയുടെ രൂപഭേദമാണ് കൊച്ചമ്മണി- കുടുംബവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ആലപ്പുഴയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയില്‍ ചേക്കേറുന്നത്. അവര്‍ കുന്നുംപുറത്ത് താമസമാക്കി. കൊച്ചമ്മണി വൈദ്യരുടെ ബാപ്പ അഹമ്മദ് പുലവര്‍. പ്രവാചക മഹാത്മ്യത്തെ കുറിച്ച് സീറാ പാരായണങ്ങള്‍ നടത്തുന്നവരാണ് തമിഴ് നാട്ടിലെ പുലവര്‍. അഹ്മദ് വൈദ്യരുടെ ജേഷ്ഠന്‍ അലി ബാവാ വൈദ്യര്‍, അഹ്മദ് വൈദ്യരുടെ മകന്ന് ജേഷ്ഠന്റെ പേരാണിട്ടത് -സീനിയര്‍ മെഡിക്കല്‍ ഓഫീസറായി ഈയിടെ റിട്ടയര്‍ ചെയ്ത ഡോ. അലിബാവ. അഹ്മദ് വൈദ്യര്‍ക്ക് രണ്ട് ശിഷ്യന്മാര്‍ -ജ്യേഷ്ഠന്റെ മകന്‍ യൂസഫും, പെങ്ങളുടെ മകന്‍ ഉമ്മറും. ഇവരെല്ലാം ജീവിച്ചിരിക്കുന്ന കാലത്ത് പ്രശസ്തരായിരുന്നു.

കാല്‍ നൂറ്റാണ്ടു കാലം അഹ്മദ് വൈദ്യരുടെ നിഴലായി നടന്നാണ് ഉമ്മര്‍ വൈദ്യര്‍ വൈദ്യം പഠിച്ചത്. ഉമ്മര്‍ വൈദ്യരുടെ കീഴില്‍ ഏതാണ്ട് അത്ര തന്നെ കാലം പഠിച്ചാണ് അസീസ് വൈദ്യര്‍ ഇന്നത്തെ നിലയിലെത്തുന്നത്.അഹ്മദ് വൈദ്യര്‍ മരിക്കുമ്പോള്‍ അസീസ് വൈദ്യര്‍ക്ക് വയസ്സ് പന്ത്രണ്ട്. സംഗീത പ്രിയനും സഹൃദയനുമായ വൈദ്യരുടെ കയ്യില്‍ ആരോഗ്യനികേതന്റെ രണ്ടു കോപ്പികളുണ്ട്. അത്രയേറെ ഇഷ്ടമാണ് ആ നോവല്‍, കാരണം അത് തന്റെ കുടുംബത്തിന്റെ കഥകൂടിയാണെന്നദ്ദേഹം തിരിച്ചറിയുന്നു. ബഹുഭാഷാജ്ഞാനിയായ വൈദ്യര്‍ നല്ലൊരു വായനക്കാരനാണ്. ഭാര്യ ഖദീജ സംസ്‌കൃതാധ്യാപികയായിരുന്നു.
മരണ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന അത്ഭുത സിദ്ധി അഹ്മദ് വൈദ്യരെ പോലുള്ളവര്‍ക്ക് അനുഭവജ്ഞാനത്തിലൂടെയാണ് ലഭിക്കുന്നതെന്ന് ഈയിടെ കണ്ടപ്പോള്‍ അസീസ് വൈദ്യര്‍ പറഞ്ഞു.
1956 മേയ് മുപ്പതിലെ ആ നിര്‍ണ്ണായക ദിവസത്തില്‍ തന്റെ ആത്മാവിന്റെ യാത്രയ്ക്ക് സമയമായെന്ന് അഹ്മദ് വൈദ്യര്‍ തിരിച്ചറിഞ്ഞു. സുഖമില്ലാതെ കിടക്കുകയായിരുന്നു. ശിഷ്യന്‍ ഉമ്മര്‍ എവിടെയോ പോകാനിറങ്ങുമ്പോള്‍ അഹ്മദ് വൈദ്യര്‍ പറഞ്ഞു: ബെക്കം ബരണം കെട്ടാ, നാലുമണിക്ക് മൂപ്പരു വരും. അസ്‌റാഈലിനെ കുറിച്ചാണു മാമ പറയുന്നതെന്ന് മനസ്സിലായെങ്കിലും ഉമ്മര്‍ ചിരിച്ചു പോയി.
നാലുമണിക്ക്, മുറ്റത്തെ കുളത്തില്‍ കുളിച്ചു കയറി വന്ന ഭാര്യയെക്കൊണ്ട് ലേശം കഞ്ഞിയുണ്ടാക്കി അഹ്മദ് വൈദ്യര്‍ കലിമ ചൊല്ലികിടന്നു. കൃത്യ സമയത്ത് തന്നെ പ്രതീക്ഷിച്ച അതിഥിയെത്തി. ഉയിര്‍ ഉടലിനോട് യാത്രയോതി.രണ്ടു ദിവസം മുമ്പ് അടുത്ത പലചരക്കു കടക്കാരന്‍ മണി, കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ തന്നെ അഹ്മദ് വൈദ്യര്‍ പറഞ്ഞു: ഇവന്‍ നാളെ പോകും; ഇവന്റെ പിന്നാലെ വെള്ളിയാഴ്ച ഞാനും പോകുന്നുണ്ട്.
എത്ര കൃത്യം കൃത്യമായിരുന്നു, ആ പ്രവചനം! നിത്യേന മരണവുമായി ഇടപഴകിയ അവര്‍ മൃത്യു സല്ലാപം നടത്താന്‍ കഴിയുന്ന സന്തുലിത മനസ്‌ക്കരായിരുന്നു.
അഹ്മദ് വൈദ്യര്‍ക്ക് എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് ഒരു കൈലിമുണ്ടുമുടുത്ത്, വഴിയില്‍ മറ്റു കുട്ടികളോടൊപ്പം ഗോട്ടി കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. അന്നേരം ഒരു പുലയനെ മഞ്ചലില്‍ കൊണ്ടുപോകുന്നത് കണ്ടു; വഴിനീളെ നിലവിളിച്ചു കൊണ്ട് ബന്ധുക്കള്‍. ചികിത്സകര്‍ കയ്യൊഴിഞ്ഞ രോഗിയാണ്. അഹ്മദ് തടഞ്ഞു നിര്‍ത്തി എന്തോ മരുന്നു കൊടുത്തു. കുറേ കഴിഞ്ഞ് ബന്ധുക്കള്‍ ആ പയ്യനെ അന്വേഷിച്ചു വന്നു; രോഗി രക്ഷപ്പെട്ടിരിക്കുന്നു.
മറ്റൊരു സംഭവം. കരിപ്പറമ്പിലെ അദ്രമാന്‍ കുട്ടിഹാജിയുടെ  അമ്മായിയമ്മയ്ക്ക് ഗുരുതരമായ രോഗം. പാതിരായ്ക്ക് അഹ്മദ് വൈദ്യരെ കൂട്ടി വന്നു.

ചെന്നു കയറുമ്പോള്‍ ഇറയത്ത് ഒരാള്‍ തൂങ്ങിപ്പിടിച്ചിരിക്കുന്നു. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൈദ്യര്‍ അകത്ത് കിടന്നിരുന്ന രോഗിയെ കണ്ട് തിരിച്ചു വരുമ്പോള്‍ പറഞ്ഞു: ഉമ്മയുടെ അസുഖം സാരമില്ല. ജ്വരം മൂര്‍ച്ഛിച്ചതാണ്. എന്നാല്‍ ഈ ഇരിക്കുന്നയാളുടെ കാര്യം പോക്കാണ്. നാളെ പുലരില്ല.അഴീക്കോട്ട് കാരനായ അയാള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നതിന് മുമ്പ് പരലോകത്തെത്തി.
തന്റെ ഗുരുനാഥനായ ഉമ്മര്‍ വൈദ്യര്‍ സ്വന്തം മരണം പ്രവചിച്ചയാളായിരുന്നുവെന്ന് അസീസ് വൈദ്യര്‍ പറഞ്ഞു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മഹാരാജാ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞു: നാളെ വെളുപ്പിന് തന്നെ നീയെത്തണം.
പുലരും മുമ്പ് തന്നെ അസീസ് കോമ്പാറ ജംഗ്ഷനില്‍ നിന്നു, രണ്ടു മൈലോളം ദൂരം സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ വൈദ്യരെ കുത്തിവയ്ക്കാനുള്ള തയ്യാറെട്ടുപ്പിലാണ്. രോഗിയായ വൈദ്യര്‍ പറഞ്ഞു: എന്താ കാര്യം, ഡാക്ടറേ. ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയല്ലേ?...
ചെറുപ്പത്തില്‍ ജീവിക്കാന്‍ വേണ്ടി ബീഡി തെറുത്തിരുന്ന അഹ്മദ് വൈദ്യര്‍ മരിക്കുമ്പോള്‍ അതിസമ്പന്നനായിരുന്നു. കൊച്ചിയിലും പരിസരത്തുമായി 24 വീടുകള്‍. എല്ലാം ചികിത്സയിലൂടെ നേടിയതാണ.് ആറു ഭാര്യമാര്‍. ഗാംഭീര്യമുള്ള രൂപം. പിരിച്ചു വെച്ച മീശ. കോട്ടും മുണ്ടുമാണ് വേഷം. പള്ളുരുത്തിയില്‍ അഹ്മദ് വൈദ്യരുടെ തറവാട് വീടിന്നടുത്താണ് അസീസ് വൈദ്യര്‍ താമസിക്കുന്നത്. പക്ഷേ, അഹ്മദ് വൈദ്യരെ കുറിച്ച് പ്രചരിക്കപ്പെടുന്ന എല്ലാ കഥകളും സത്യമല്ലെന്ന് അസീസ് വൈദ്യര്‍ പറയുന്നു. പ്രത്യേകിച്ച് രാജകൊട്ടാരത്തില്‍ ചികിത്സിക്കാന്‍ പോയ കഥ.

രാജ്ഞിയോ, രാജകുമാരിയോ ആണ് രോഗി. സ്പര്‍ശിക്കാന്‍ പാടില്ല. രോഗിയുടെ കാലില്‍ ചരട് കെട്ടിയാല്‍, അതിലൂടെ നാഡി സ്പര്‍ശമറിഞ്ഞ് രോഗം നിര്‍ണ്ണയിക്കാമോ എന്നായിരുന്നു ചോദ്യം. ചരടില്‍ തൊട്ട് വൈദ്യര്‍ പറഞ്ഞത്രെ: ജീവനില്ലാത്തതിന് മരുന്നില്ല. രോഗി മരിച്ചിരുന്നു എന്നു ചുരുക്കം. പക്ഷേ; ഈ കഥ ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണെന്നാണ് അസീസ് വൈദ്യരുടെ അഭിപ്രായം.
യന്ത്രസാമഗ്രികളെ മാത്രം ആശ്രയിച്ച് രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്ന ആധുനിക അപ്പോത്തിരിമാര്‍ക്ക് ഈ പാരമ്പര്യ വൈദ്യന്മാരെ അപരിഷ്‌കൃതരായി തോന്നാം. പക്ഷേ; ആധുനിക വൈദ്യശാസ്ത്രം പടികയറി വരുന്നതിന് മുമ്പ് രോഗങ്ങളെയും, മരണത്തെയും ചെറുത്തുനിന്നത് ഇവരൊക്കെയാണെന്ന് ഓര്‍മ്മ വേണം.



ummer vaidyer dr alibava
ഒരു കാലത്ത് ആയുര്‍വേദം ബ്രാഹ്മണരുടെ കുത്തകയായിരുന്നു. പിന്നീട് എപ്പോഴാണ് അത് മറ്റു മതസമുദായങ്ങളിലേക്ക് വ്യാപിച്ചത്? അറിയില്ല... കീഴാള സമുദായങ്ങളില്‍ പണ്ഡിതന്മാരായ വൈദ്യ വിചക്ഷണരുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍, ബോട്ടണിയിലെ ക്ലാസിക്ക് കൃതിയായ ഹോര്‍ത്തസ് മലബാറിക്കസ് എന്ന ബൃഹദ്ഗ്രന്ഥം തയ്യാറാക്കാന്‍ കൊച്ചിയിലെ ഡച്ചു ഗവര്‍ണറായ ഹെന്റിച്ച് വാന്റീസ് ഇരുപത്തഞ്ച് മൈലകലെ ചേര്‍ത്തലയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന ഇട്ടിയച്ചുതന്‍ വൈദ്യര്‍ ഈഴവനായിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ കൊച്ചിയിലെ മൂന്നു കൊങ്കിണികളുണ്ടായിരുന്നുവെന്ന് മാത്രം -രംഗഭട്ട്, അപ്പു ഭട്ട്, വിനായക് പണ്ഡിറ്റ്.
കൊല്ലാട്ടു വൈദ്യന്മാരുടെ കുടുംബത്തില്‍, ഈഴവ ചേകവര്‍ വിഭാഗത്തില്‍പ്പെട്ട ഇട്ടിയച്ചുതന്ന് നൂറ്റാണ്ടുകളിലൂടെ കിട്ടിയ പൈതൃകമായിരുന്നു, ആയുര്‍വേദജ്ഞാനം. ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചാണ് വാന്റീസ്, ഈ ഗവേഷണ ഗ്രന്ഥം തയ്യാറാക്കിയത്. അക്കൂട്ടത്തില്‍ വൈദ്യന്മാര്‍ മാത്രമല്ല ബഹുഭാഷാ ജ്ഞാനികളും വിവര്‍ത്തകരും ചിത്രകാരന്മാരുമുണ്ടായിരുന്നു. ahmed vaidyerകേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും സമൃദ്ധമായുണ്ടായിരുന്ന ഔഷധ സസ്യങ്ങള്‍ കണ്ടെത്തി കൊണ്ടുവരാന്‍ പരിചയ സമ്പന്നരായ ആളുകളെ അദ്ദേഹം അയച്ചു. അവര്‍ മലയും കുന്നും കാടും കയറി പറിച്ചു കൊണ്ടുവന്ന സസ്യങ്ങളുടെ ചിത്രം ഫാദര്‍ മാത്യൂസിനെപ്പോലുള്ള ചിത്രകാരന്മാര്‍ വരച്ചു. ഓരോ പേരിലും സസ്യത്തിന്റെ സ്വഭാവവും ചരിത്രവും അടങ്ങിയിരുന്നു. ഇമ്മാനുവല്‍ കാര്‍നീറോ എന്ന പറങ്കി തൊപാസിയാണ് മലയാളത്തില്‍ നിന്നു വിവരങ്ങള്‍ പോര്‍ച്ചുഗീസിലേക്ക് പകര്‍ത്തിയത്. കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന കാര്‍നീറോ ഇവിടെ നിന്നു തന്നെയാണ് വിവാഹം ചെയ്തതും; ഹെര്‍മന്‍ വാന്‍ഡ്യൂപ് അത് ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തു.
അന്നത്തെ നമ്പൂതിരി വൈദ്യന്മാരെക്കാള്‍ വാന്റീഡ്‌നു വിശ്വാസം ഇട്ടിയച്ചുതനിലായിരുന്നു. പന്ത്രണ്ട് വാള്യങ്ങളുള്ള ഹോര്‍ത്തസ് മലബാറിക്കസ് പൂര്‍ത്തിയാക്കാന്‍ ഒന്നര പതിറ്റാണ്ടെടുത്തു. ഇട്ടിയച്ചുതന്‍ വൈദ്യര്‍ക്ക് അല്‍പമൊക്കെ പറങ്കിഭാഷയുമറിയുമായിരുന്നു. ഒടുവിലത്തെ വാള്യം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തെ വാന്റീഡ് ആംസ്റ്റര്‍ഡാമിലേക്ക് കൊണ്ടു പോയി എന്ന് കേട്ടിട്ടുണ്ട്. സത്യമാണോ എന്നു നിശ്ചയമില്ല. മലബാറിനെ ഔഷധ സസ്യങ്ങളുടെ ഒരുദ്യാനമായാണ് വാന്റീഡ് സങ്കല്പിച്ചത്.

ഹോര്‍ത്ത എന്നാല്‍ ഉദ്യാനമെന്നര്‍ത്ഥം. ഹോര്‍ത്തസ് മലബാറിക്കസ് എന്നാല്‍ മലബാറെന്ന ഉദ്യാനം. വാന്റീഡിന്റെ ഉദ്യാനം നിലനിന്ന ഫോര്‍ട്ട് കൊച്ചിയിലെ സ്ഥലം ഇന്നറിയപ്പെടുന്നത് ഓടത്തയെന്നാണ്. ഹോര്‍ത്തയുടെ മലയാള രൂപാന്തരം. തൃപ്പൂണിത്തുറയിലെ ഹില്‍പാലസ് മ്യൂസിയത്തില്‍ ഹോര്‍ത്തസ് മലബാറിക്കസിന്റെ ഒരു ആര്‍ട്ട് ഗ്യാലറി തന്നെ ഉണ്ട്.
ഈ മഹാഗ്രന്ഥം ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്ത ഡോ. മണിലാലിനെ ഡച്ച് ഗവണ്‍മെന്റ് ആദരിച്ചിട്ടും നമ്മുടെ സര്‍ക്കാരറിഞ്ഞമട്ടില്ല. ഒരായുഷ്‌ക്കാലമുപയോഗിച്ച് അദ്ദേഹം ഭാഷാന്തരം ചെയ്ത ഗ്രന്ഥത്തെ പത്തു രൂപ കൊടുക്കാതെയാണ് കേരള സര്‍വ്വകലാശാല ഏറ്റെടുത്തു പ്രസിദ്ധീകരിച്ചത്. ശാരീരികമായ അവശതയുണ്ടായിട്ടും, ആരോടും പരാതിപ്പെടാതെ കഴിയുന്ന ഡോ. മണിലാലിനെ നേരില്‍ കണ്ടപ്പോള്‍ വേദന തോന്നി; നമ്മുടെ സമൂഹം പണ്ഡിതന്മാരെ ഇങ്ങനെയാണല്ലൊ ആദരിക്കുന്നത്!

azeez vaidyerരോഗിയുടെ മുഖത്തേക്ക് പോലും നോക്കാതെ കുറിപ്പടിയെഴുതി, മേശവലിപ്പ് തുറന്ന് പൈസ കാത്തിരിക്കുന്ന ഇന്നത്തെ സ്‌പെഷ്യലിസ്റ്റുകളെപോലെയായിരുന്നില്ല പഴയ അപ്പോത്തിക്കിരിമാര്‍. ഡോ. ഉസ്മന്‍ഖാനെ ഓര്‍മ്മവരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം പിടിപ്പെട്ട്, വിറയ്ക്കുന്ന വലതുകൈകൊണ്ട് സിറിഞ്ച് പിടിച്ച് അദ്ദേഹം കുത്തിവെയ്ക്കുമ്പോള്‍ കുട്ടികളായിരുന്നിട്ടുപോലും ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല. വസൂരിയും കോളറയുമെല്ലാം കൊച്ചിയില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ അറപ്പും മുഷിപ്പുമില്ലാതെ, വൃത്തിക്കെട്ട ചേരികളില്‍ ചെന്ന് പാവപ്പെട്ട രോഗികള്‍ക്ക് സാന്ത്വനം നല്‍കിയ ഡോക്ടര്‍ ഉസ്മാന്‍ഖാനെപോലുള്ളവരുടെ ജീവിതം എഴുതപ്പെടേണ്ടതായിരുന്നു. എറണാകുളത്തെ മഹാധനികനായ ഒരു കച്ചീമേമന്‍ സേട്ടു അപൂര്‍വ്വരോഗം ചികിത്സിച്ചു ഭേദപ്പെടുത്തിയതിന് പ്രതിഫലമായി ഡോ. ഉസ്മാന്‍ഖാനു നിര്‍മ്മിച്ചു കൊടുത്ത ബംഗ്ലാവ്, മട്ടാഞ്ചേരിയിലെ ചരിത്രപരമായ ഡച്ചുപാലസില്‍ നിന്നധികം അകലെയല്ലാതെയായി ഇന്നുമുണ്ട്.

dr usmankhanഅഫ്ഗാന്‍ അതിര്‍ത്തിയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലെവിടെയോ നിന്നു വന്നവരായിരുന്നു ഡോ. ഉസ്മാന്‍ഖാന്റെ പൂര്‍വികര്‍. പിതാവ് മഹര്‍ മുഹമ്മദ് ഖാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ സര്‍വീസിലായിരുന്നു. വസൂരിക്കെതിരായ കുത്തിവയ്പ് പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുഹമ്മദ്ഖാന്‍-ആമിനാബി ദമ്പതികള്‍ക്ക് ഏഴു മക്കള്‍. മൂന്ന് ആണും നാലുപെണ്ണും. ഏറ്റവും ഇളയ സന്തതിയായിരുന്നു ഡോ. ഉസ്മാന്‍ ഖാന്‍.
മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്നാണ് അദ്ദേഹം മെഡിക്കല്‍ ബിരുദം നേടുന്നത്. കോളജ് ഫുട്‌ബോള്‍ ടീം കാപ്റ്റനായിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റ് ഡോ. ഉസ്മാന്‍ഖാനില്‍ പൂര്‍ണവിശ്വാസമുള്ളതുകൊണ്ടാണ് കൊച്ചി ഹെല്‍ത്ത് അഥോറിറ്റിയുടെ കീഴിലുള്ള ആശുപത്രിയുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്. അദ്ദേഹത്തിനും ഏഴു മക്കളായിരുന്നു.
മൂത്തമകള്‍ അമീനയെ മെഡിക്കല്‍ കോളജില്‍ അയച്ചുപഠിപ്പിച്ചപ്പോള്‍ അന്നത്തെ യാഥാസ്ഥിതിക സമൂഹം വളരെ എതിര്‍ത്തെങ്കിലും ഡോ. ഉസ്മാന്‍ ഖാന്‍ വകവച്ചില്ല. ഘോഷാ ഹോസ്പിറ്റലിലെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ. അമീന, വിഭജനത്തിനു ശേഷം കിഴക്കന്‍ പാകിസ്താനിലെ ചിറ്റഗോഗില്‍ സകുടുംബം സ്ഥിരതാമസമാക്കുകയായിരുന്നു. ബ്രിട്ടനില്‍ ഇപ്പോഴുള്ള നാലാമത്തെ മകന്‍ ഡോ. അബ്ദുല്‍ മജീദ് ഖാന്‍ കുടുംബ ചരിത്രമെഴുതുകയാണ്.
ഡോ. ഉസ്മാന്‍ഖാന്റെ വീട്ടിനടുത്തുതന്നെ ഫാര്‍മക്കോളജിക്കല്‍ കമ്പനി നടത്തിയിരുന്ന അസീസ് ഖാനെ പലപ്പോഴും പിതാവിന്റെ ഡിസ്‌പെന്‍സറിയില്‍ കാണാമായിരുന്നു. കമ്പൗണ്ടര്‍ ഷാജഹാനും ഞങ്ങള്‍ക്ക് സുപരിചിതന്‍. കോര്‍ണോസോള്‍ പോലുള്ള ചില ഔഷധങ്ങളുണ്ടാക്കി അദ്ദേഹം മാര്‍ക്കറ്റിങ് ചെയ്തു. പഴയ ഡോക്ടര്‍മാരുടെയും വൈദ്യന്മാരുടെയും ക്ലിനിക്കുകളും വൈദ്യശാലകളും സാമൂഹ്യ സംഗമ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. കെപി തയ്യിലിന്റെ പാലസ് റോഡിലുള്ള ക്ലിനിക്ക് ഇതുപോലൊരു സങ്കേതമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഇവിടെ കമ്പൗണ്ടറായിരുന്നു. അതെ കുറിച്ചെല്ലാം ബഷീര്‍ എഴുതിയിട്ടുണ്ട്. കോട്ടില്‍ നെഹ്‌റുവിനെ പോലെ എപ്പോഴും പനിനീര്‍പ്പൂ ചൂടിയ, തുടുത്ത മുഖമുള്ള ഡോ. തയ്യിലിനെ ചെറുപ്പത്തിലെന്നോ കണ്ട ഒരു ഓര്‍മ്മയുണ്ട്. ജയിലില്‍ കിടന്നപ്പോള്‍പോലും ആ പനിനീര്‍പൂവുണ്ടായിരുന്നത്രെ. ഡോ. കെപി തയ്യില്‍ ഇസ്‌ലാമിലേക്ക് മതം മാറിയപ്പോഴും ഘര്‍വാപസിയായി തിരിച്ച് ഹിന്ദുമതത്തിലേക്ക് പോയപ്പോഴും കെപി തയ്യില്‍ തന്നെയായിരുന്നു.

കെ പത്മനാഭന്‍ തയ്യില്‍ കമാല്‍ പാഷയായി മാറിയിരുന്നുവെങ്കിലും അറിയപ്പെട്ടത് ഇനീഷ്യലായിരുന്നു. ഇതുപോലെത്തന്നെയാണ് കെഎല്‍ ഗൗബ ഇസ്‌ലാമതമാശ്ലേഷിച്ചപ്പോഴും. ഖാലിദ് ലത്തീഫ് ഗൗബ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്; അറിയപ്പെട്ടത് പഴയ പേരില്‍തന്നെ -കെഎല്‍ ഗൗബ. (ഇദ്ദേഹത്തിന്റെ പ്രവാചക ചരിത്രം മരുഭൂമിയിലെ പ്രവാചകന്‍ എന്ന പേരില്‍ ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്)ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ജനശക്തി വാരിക പ്രസിദ്ധീകരിച്ചിരുന്ന കാലത്ത്, അമരാവതിയിലെ അനന്തന്‍ വൈദ്യരുടെ വൈദ്യശാലയിലാണ് എഴുത്തുകാരും മറ്റും ഒത്തുകൂടുക. ജ്യൂ ടൗണില്‍ ഒരു രാമന്‍ വൈദ്യര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വൈദ്യശാലയില്‍ സഹോദരന്‍ അയ്യപ്പന്‍, ബഷീര്‍, കേശവദേവ് തുടങ്ങിയവര്‍ നിത്യസന്ദര്‍ശകരായിരുന്നത്രെ.

കോലോത്തു മുക്കിലെ കൊച്ചാശാന്‍ വൈദ്യരുടെ വീട്ടില്‍ പലപ്പോഴും ശ്രീനാരായണ ഗുരു വന്നു താമസിച്ചിരുന്നതായും ചിലര്‍ പറഞ്ഞറിയാം. മട്ടാഞ്ചേരി നഴ്‌സിംഗ് ഹോം നടത്തിയിരുന്ന ഡോ. എന്‍വി ഷേണായിക്ക് എഴുത്തുകാരോടും പത്രപ്രവര്‍ത്തകരോടും താല്‍പര്യമുണ്ടായിരുന്നതുകൊണ്ട് ഞാനും അവിടെ പോയിട്ടുണ്ട്. ഇന്‍ ഡോ-സോവിയറ്റ് സാംസ്‌കാരിക സംഘടനയുടെ നേതാവായിരുന്ന ഷേണായിയില്‍ നിന്നും പലപ്പോഴും സോവിയറ്റ് പുസ്തകങ്ങള്‍ വാങ്ങി വായിക്കും. ഡോ. ഷേണായി മുസ്‌ലിംകുട്ടികളുടെ ചേലാകര്‍മ്മം നടത്തുമായിരുന്നു. അതിന് അദ്ദേഹത്തെ സഹായിച്ചിരുന്നത് കമ്പൗണ്ടര്‍ മുഹമ്മദാണ്. ഷേണായി മുഹമ്മദെന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്.
ഞരമ്പുരോഗങ്ങള്‍ക്ക് സ്വന്തമായ ഒരു തൈലമുണ്ടാക്കി രോഗികള്‍ക്കു നല്‍കിയിരുന്ന മോസസ് എന്ന ഒരു യഹൂദ വൈദ്യന്‍ ജ്യൂ ടൗണില്‍ താമസിച്ചിരുന്നു.
ഞങ്ങളുടെയൊക്കെ വീടുകളില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ആദ്യം പോയി കാണുക കാദര്‍ വൈദ്യരെയാണ്. കുടുംബ വിവരങ്ങളൊക്കെ ചോദിക്കുന്നതിനിടയില്‍ അദ്ദേഹം നാഡി പിടിച്ചു നോക്കും.

പിന്നെ, അടുത്തമുറിയിലെ അന്തപ്പനെ വിളിച്ച്, അവ്യക്തമായ പതിഞ്ഞ ശബ്ദത്തില്‍ എന്തോ പറയും. പറയുന്നതെന്തായിരുന്നാലും കിട്ടുന്നത് ശര്‍ക്കരമധുരമുള്ള, ഒരേ സ്വാദുള്ള അരിഷ്ടമായിരിക്കും. എഴുത്തുകാരനായ എന്‍കെഎ ലത്തീഫിന്റെ ഭാര്യാപിതാവാണു കാദര്‍ വൈദ്യര്‍. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദാലി വൈദ്യര്‍ ജ്യൂടൗണില്‍, അതേ സ്ഥലത്ത് ഇപ്പോഴും രോഗികളെ ചികിത്സിച്ചു കഴിയുന്നു. ജ്യൂടൗണില്‍ ഈയിടെ പോയപ്പോള്‍ കാണാനായ ഏക സ്ഥാപനം അത് മാത്രമാണ്.
ഏത് പാതിരാത്രിക്കും ഡോക്ടറായാലും വൈദ്യരായാലും വാതില്‍ക്കല്‍ മുട്ടിയാല്‍, രോഗിയെ കാണാനിറങ്ങിവന്നിരുന്ന ആ കാലം ഇന്നാര്‍ക്കെങ്കിലും സങ്കല്‍പിക്കുവാനാകുമോ? അങ്ങനെ ഇറങ്ങിപോന്ന ഒരു വര്‍ഗ്ഗീസു ഡോക്ടറെ ഏതോ കശ്മലന്മാര്‍ അടിച്ചുവീഴ്ത്തി വീടുകവര്‍ന്നതിനു ശേഷമാണെന്ന് തോന്നുന്നു, ആ കലാപരിപാടിക്ക് തിരശ്ശീല വീഴുന്നത്.
സ്‌പെഷ്യലിസ്റ്റുകള്‍ പിറന്നു വീഴുന്നതിനു മുന്‍പേ തന്നെ ചില രോഗങ്ങളുടെ ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ കൊച്ചിയിലുമുണ്ടായിരുന്നു. വസൂരി പടര്‍ന്ന കാലത്ത് മാധവന്‍ ഡോക്ടറായിരുന്നു വിശ്വസ്തന്‍. കൊച്ചിയില്‍ ഹോമിയോപതിക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത കുടുംബമായിരുന്നു കൂവപ്പാടത്തെ ഡോക്ടര്‍ പടിയാരുടേത്. രഹസ്യരോഗങ്ങള്‍ പിടിപെട്ടവര്‍ ഡോ. പൊന്നപ്പനെ തേടിയാണ് ചെല്ലുക. തുറമുഖ നഗരിയില്‍ കപ്പലിറങ്ങി വരുന്ന വിദേശ സഞ്ചാരികളില്‍ നിന്ന് വേശ്യകളിലേക്കും അവരില്‍ നിന്ന് നാട്ടുകാരായ ഇടപാടുകാരിലേക്കും പകരുന്ന ലൈംഗിക രോഗങ്ങള്‍ പറങ്കിപുണ്ണെന്ന് വിളിക്കപ്പെട്ടത് അതുകൊണ്ടായിരുന്നു.

ചിലപ്പോള്‍, 'കപ്പല്‍ പിടിച്ചു''വെന്നും കൊച്ചിക്കാര്‍ സ്വകാര്യമായി പറയും. അമരാവതിയില്‍ ദേവദാസികള്‍, ജ്യൂടൗണിലും ചക്കാമ്മാടത്തും ക്രിസ്ത്യാനി പെണ്ണുങ്ങള്‍ - അമ്പതുകള്‍ക്കപ്പുറം 'കപ്പല്‍' വിതയ്ക്കാന്‍ തയ്യാറായി നിന്നത് ഇക്കൂട്ടരാണെന്ന് കേട്ടിട്ടുണ്ട്.
വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ എല്ലാ മതങ്ങളില്‍ പെട്ടവരും രാത്രികാലങ്ങളില്‍ പെട്രോമാക്‌സും കുന്തിരിക്കവും സാമ്പ്രാണിയുമായി ഇടവഴികള്‍ തോറും കൂട്ടത്തോടെ ഇറങ്ങി നടക്കും -മന്ത്രോച്ചാരണങ്ങളുമായി. ചെകുത്താനെ ഓടിക്കാന്‍. വസൂരി ബാധിച്ചവരെ പ്രത്യേക ആതുരാലയത്തില്‍ പാര്‍പ്പിച്ചു.

അത്തരമൊരു ഐസലേഷന്‍ ഹോസ്പിറ്റലാണ് ഇപ്പോള്‍ ചുള്ളിക്കല്‍ പബ്ലിക് ലൈബ്രറി. അതിന്റെ ഉദ്ഘാടനവേളയില്‍ ഒരു മന്ത്രി പറഞ്ഞു: 'ചേട്ടയിരുന്നിടത്ത് സരസ്വതിയെ വാഴിക്കുന്ന ചടങ്ങാണിത്.' എത്രശരി!
ക്ഷയരോഗമായിരുന്നു എന്റെ ചെറുപ്പകാലത്തെ ഒരു വില്ലന്‍. ഒരു വീട്ടില്‍ തന്നെ പലരെയും, അന്നു മാരകമായിരുന്ന ഈ രോഗം അടിച്ചു വീഴ്ത്തി. പഴയ മലയാള നാടകങ്ങളില്‍ ചുമച്ചു ചുമച്ച് തളര്‍ന്നു വീഴുന്ന ഒരു ക്ഷയരോഗിയുണ്ടാവും. പിന്നീട് ഈ സ്ഥാനത്ത് ഭ്രാന്തനായി. മാനസിക രോഗങ്ങള്‍ പെരുകുന്ന കാലമായിരുന്നു, അത്. പിന്നീട് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അവതരിക്കപ്പെട്ടു- കേട്ടാല്‍ തിരിയാത്ത പേരുകളുള്ള ഉഗ്രന്‍ രോഗങ്ങള്‍ നാടകചരിത്രത്തിലേക്ക് കാതോര്‍ത്തിരുന്നാല്‍ സമൂഹത്തില്‍ അതതു കാലത്ത് പിടിപെടുന്ന രോഗങ്ങളുടെ ചരിത്രവും അറിയാന്‍ കഴിഞ്ഞേക്കും.
എഴുപത് വര്‍ഷം മുമ്പാണ് ബഷീര്‍ ഐഷുകുട്ടി എന്ന രസികന്‍ കഥയെഴുതുന്നത്. 'ന്റെ മുത്തുനബിയേ! ദാക്കിത്തറ കൊണ്ടുവാ' എന്ന് പേറ്റ് നോവിനോടൊപ്പം നിലവിളിക്കുന്ന ഐഷുക്കുട്ടി. അവള്‍ പ്രസവിക്കണമെങ്കില്‍ ഡോക്ടര്‍തന്നെ വരണം. പേറ്റിച്ചി പോരാ. ഇന്ന് ആശുപത്രിയിലല്ലാതെ എവിടെയെങ്കിലും പ്രസവം നടന്നിട്ടുണ്ടോ? ഒരു ബൈപാസ് സര്‍ജറിയുടെ പകുതിയെങ്കിലും ചെലവു വരും പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും വീട്ടില്‍ പോകുമ്പോള്‍. പ്രസവിക്കാന്‍ മാത്രമുള്ള ലക്ഷ്വറി ഹോസ്പിറ്റലുകളുണ്ട്. പലര്‍ക്കും സിസേറിയന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമാണ്. ആശുപത്രിയുടെ പെരുമയനുസരിച്ച് പുതിയാപ്ലയുടെ സ്റ്റാറ്റസും കൂടും.
എന്റെ ജേഷ്ഠന്റെ ഭാര്യ (ഇത്ത) ഏഴ് പെറ്റതാണ്. ഡോ. അന്ന വര്‍ഗ്ഗീസിനെ വിളിക്കാന്‍ പോകുന്ന ജോലി മിക്കവാറും എനിക്കായിരിക്കും. അഞ്ച് രൂപയാണ് ഫീസ്. റിക്ഷാവണ്ടിക്ക് നാലണയും. യശോധ, വിലാസിനി തുടങ്ങിയ പേറ്റിച്ചികളുമുണ്ടാകും. അവരാണ് പേറെടുക്കുക. ഗര്‍ഭം അന്ന് രോഗമോ, പ്രസവം ചികിത്സയോ ആയിരുന്നില്ല. സ്വാഭാവിക പ്രക്രിയയായിരുന്നു.
ഇന്നു നമ്മുടെയൊക്കെ ആരോഗ്യവും ജീവിതവും ജീവനും ആശുപത്രികളുടെ കൈകളിലാണ്. വരുമാനത്തിന്റെ നല്ലൊരുഭാഗം ചികിത്സയ്ക്കായി ചിലവാകുന്നു. ധര്‍മ്മാശുപത്രികളായിരുന്ന സര്‍ക്കാരാശുപത്രികളിലെ കമ്പൗണ്ടര്‍മാര്‍ നല്‍കുന്ന മിക്‌സ്ചര്‍ എന്ന കലക്കവെള്ളം ആര്‍ക്കും വേണ്ട. എല്ലാവരും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്ക് കുതിക്കുന്നു. നാഡിപിടിച്ച് മൃത്യുസഞ്ചാരമറിയാവുന്ന, മരണത്തോട് സല്ലപിക്കുന്ന പഴയ വൈദ്യന്മാരുടെ വംശം കുറ്റിയറ്റുകൊണ്ടിരിക്കുന്നു. അവരെ ആര്‍ക്കും വേണ്ട. കോടിക്കണക്കിന് രൂപ വിലവരുന്ന സ്‌കാനിംഗ് യന്ത്രങ്ങളിലാണ് വിശ്വാസം. നാം പുരോഗമിക്കുകയാണല്ലൊ.



1956 മേയ് മുപ്പതിലെ ആ നിര്‍ണ്ണായക ദിവസത്തില്‍ തന്റെ ആത്മാവിന്റെ യാത്രയ്ക്ക് സമയമായെന്ന് അഹ്മദ് വൈദ്യര്‍ തിരിച്ചറിഞ്ഞു. സുഖമില്ലാതെ കിടക്കുകയായിരുന്നു. ശിഷ്യന്‍ ഉമ്മര്‍ എവിടെയോ പോകാനിറങ്ങുമ്പോള്‍ അഹ്മദ് വൈദ്യര്‍ പറഞ്ഞു: 'ബക്കം ബരണം കെട്ടാ, നാലുമണിക്ക് മൂപ്പരു വരും'. അസ്‌റാഈലിനെ കുറിച്ചാണു മാമ പറയുന്നതെന്ന് മനസ്സിലായെങ്കിലും ഉമ്മര്‍ ചിരിച്ചു പോയി.  നാലുമണിക്ക് മുറ്റത്തെ കുളത്തില്‍ കുളിച്ചു കയറി വന്ന ഭാര്യയെക്കൊണ്ട് ലേശം കഞ്ഞിയുണ്ടാക്കി അഹ്മദ് വൈദ്യര്‍ കലിമ ചൊല്ലികിടന്നു. കൃത്യ സമയത്ത് തന്നെ പ്രതീക്ഷിച്ച അതിഥിയെത്തി. ഉയിര്‍ ഉടലിനോട് യാത്രയോതി.

Next Story

RELATED STORIES

Share it