മരണത്തിന്റെ പാളത്തില്‍ നിന്ന് പിതാവിനെ രക്ഷപ്പെടുത്തി ആറു വയസ്സുകാരന്‍

കഴക്കൂട്ടം: പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുമ്പോള്‍ കാല്‍വഴുതി റെയില്‍വേ ട്രാക്കില്‍ നടുവിടിച്ചു വീണ് അനങ്ങാന്‍ കഴിയാതെ കിടന്ന പിതാവിനെ ആറു വയസ്സുകാരനായ മകന്‍ മരണത്തില്‍ നിന്നു രക്ഷപ്പെടുത്തി. കണിയാപുരം റെയില്‍വേ സ്‌റ്റേഷനു സമീപം പി വി ഹൗസില്‍ ആദില്‍ മുഹമ്മദാണ് പിതാവായ നജീബിന്റെ രക്ഷകനായത്.
കണിയാപുരം റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുവരുമ്പോഴാണ് കാല്‍വഴുതി നജീബ് പാളത്തില്‍ നടുവിടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റത്. പ്ലാറ്റ്‌ഫോമിനും പാളത്തിനുമിടയില്‍ കുടുങ്ങിപ്പോയ നജീബിന് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍പോലും പറ്റാത്ത അവസ്ഥയിലായി. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിനിന് സിഗ്നല്‍ ലഭിച്ചിരുന്നു. പിതാവിന് അനങ്ങാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ ആദില്‍ നിലവിളിച്ചുകൊണ്ട് 200 മീറ്ററോളം ദൂരത്തില്‍ ഓടി തൊട്ടടുത്ത ചായക്കടയിലെത്തി വിവരം പറഞ്ഞു. ആദില്‍ അവിടെയുണ്ടായിരുന്നവരെ കൂട്ടി പാളത്തില്‍ എത്തുമ്പോള്‍ നജീബ് പാളത്തില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു. നാട്ടുകാര്‍ നജീബിനെ മാറ്റുന്ന സമയത്ത് ട്രെയിനുമെത്തിയിരുന്നു. അല്‍പം വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലാവുമായിരുന്ന സ്ഥിതിയാണ് കുട്ടിയുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത്.
കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ആദില്‍. ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആലിയ നസ്‌റിന്‍ സഹോദരിയാണ്. ഇരുവരും ഇരട്ടകളാണ്.
Next Story

RELATED STORIES

Share it