ernakulam local

മരട് രാജ്യാന്തര മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നം: കൂട്ടയോട്ടം സംഘടിപ്പിച്ചു

മരട്: മരട് രാജ്യാന്തര മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിനവ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. മരട് രാജ്യാന്തര മാര്‍ക്കറ്റില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന മാലിന്യക്കൂമ്പാരത്തില്‍നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
സമീപവാസികള്‍ക്ക് ദുര്‍ഗന്ധം മൂലം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിനെതുടര്‍ന്നു നിരവധി നിവേദനങ്ങളും മറ്റും റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കൊടുത്തിട്ടും ഫലമുണ്ടായില്ല. അതോടെ ജില്ലാ കലക്ടര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. കലക്ടര്‍ നേരിട്ട് മരട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ബോദ്ധ്യപ്പെടുകയും നടപടിയെടുക്കാന്‍ നിര്‍ദേശവും നല്‍കി.
എന്നാല്‍ നിലവിലുള്ള മാലിന്യം മാര്‍ക്കറ്റില്‍ കുഴിയെടുത്ത് മൂടാനുള്ള നടപടിയാണ് സ്വീകരിച്ചത്. അതിലുപരി പൂര്‍ണമായി മാലിന്യ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു നിനവ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 7 മണിയോടെ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി കൂട്ടയോട്ടം സംഘടിപ്പിച്ചത്. നെട്ടൂര്‍ ജൂബിലി റോഡില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം ടൊയോട്ട ഷോറൂമിന് സമീപം സമാപിച്ചു. ദിനംപ്രതി 12 ടണ്‍ മാലിന്യമാണ് മാര്‍ക്കറ്റ് പരിസരത്ത് തള്ളുന്നത്. ഇത് പരിഹരിക്കാന്‍വേണ്ടി ട്രീറ്റ്‌മെന്റ് പ്ലാന്റ് മാര്‍ക്കറ്റില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും 3 വര്‍ഷമായിട്ടും പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
കൂടാതെ ഈ പ്ലാന്റില്‍ 3 ടണ്‍ മാലിന്യം മാത്രമേ സംസ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ മാര്‍ക്കറ്റില്‍നിന്നും ദിനംപ്രതി 12 ടണ്‍ മാലിന്യമാണ് പുറംതള്ളപ്പെടുന്നത്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയ മാലിന്യം സംസ്‌കരിക്കാന്‍ ഈ പ്ലാന്റില്‍ സാധിക്കുകയുമില്ല.
മാര്‍ക്കറ്റിലെ തകര്‍ന്നു കിടക്കുന്ന റോഡിനു പരിഹാരം കാണണമെന്നും മാര്‍ക്കറ്റിനു പുറത്തുനിന്നും ലോറിയില്‍ മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് തടയുക, അനധികൃതമായുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസം, ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍, മാര്‍ക്കറ്റിനകത്തെ തെളിയാത്ത വിളക്കുകള്‍ തുടങ്ങി മാര്‍ക്കറ്റിന്റെ പ്രശ്‌നങ്ങളെല്ലാം പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ സൂചിപ്പിച്ചു. ഇതൊരു സൂചനയായിട്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് നിനവ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ അജിത മധുസൂദനന്‍, ജബ്ബാര്‍ പാപ്പന, നിനവ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി, സെക്രട്ടറി ഫാത്വിമ ഷെരീഫ്, വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മോഹനചന്ദ്രന്‍, ഷംസുദ്ദീന്‍, ഭാരവാഹികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it