Kollam Local

മരച്ചീനി കര്‍ഷകര്‍ പ്രതിസന്ധിയില്‍

പത്തനാപുരം: മരച്ചീനി കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുടക്കുമുതല്‍ പോലും ലഭിക്കാത്തതിനാല്‍ വിളവെടുക്കാതെ ലക്ഷക്കണക്കിന് രൂപയുടെ മരച്ചീനി നശിക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉത്പാദിപ്പിക്കുന്ന പത്തനാപുരം മേഖലയിലാണ് കര്‍ഷകര്‍ക്ക് ഈ ദുര്യോഗം. മേഖലയിലെ കര്‍ഷകരെ ഹോര്‍ട്ടികോര്‍പ്പുംകൈയൊഴിഞ്ഞ സ്ഥിതിയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മരച്ചീനി സംസ്‌ക്കരണശാലയും ചുവപ്പ് നാടയ്ക്കുള്ളില്‍കുരുങ്ങി. ഇതോടെ കനത്ത നഷ്ടം സഹിച്ചും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നൂറുകണക്കിന് കര്‍ഷകര്‍. പത്തനാപുരം,തലവൂര്‍,വിളക്കുടി,പട്ടാഴി,മേലില,വെട്ടിക്കവല പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചീനിയാണ് പ്രധാന കൃഷി. 2012 ല്‍ വില കുറഞ്ഞപ്പോള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി സര്‍ക്കാര്‍ മരച്ചീനി സംഭരണം ആരംഭിച്ചിരുന്നു. എന്നാല്‍ അതിന് വലിയ ആയുസ് ഉണ്ടായിരുന്നില്ല. പിന്നാലെ സംസ്ഥാന കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പത്തനാപുരം മണ്ഡലത്തിലെ ചെങ്ങമനാട് കേന്ദ്രമാക്കി മരച്ചീനി സംസ്‌ക്കരണഫാക്ടറി സ്ഥാപിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി.

കര്‍ഷകരില്‍ നിന്നും നേരിട്ട് മരച്ചീനിശേഖരിച്ച് സംസ്‌ക്കരിച്ച് വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഫാക്ടറിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ വെളിച്ചം കണ്ടില്ല. ഇതിനിടെ കുറച്ചുകാലം അന്യസംസ്ഥാനങ്ങളിലേക്ക് മരച്ചീനി കയറ്റുമതി ചെയ്തിരുന്നു. ഒരുകാലത്ത് മലയാളികളുടെ പ്രധാന ഭക്ഷ്യവിഭവം ആയിരുന്ന മരച്ചീനിക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതിനിടെ മരച്ചീനി വില ഇരുപത്തിയഞ്ച് പിന്നിട്ടെങ്കിലും കര്‍ഷകര്‍ക്ക് അതും ആശ്വാസത്തിന് വകനല്‍കിയില്ല. മൊത്തത്തില്‍ ചീനി എടുക്കാന്‍ അളില്ലാഞ്ഞത് തന്നെയായിരുന്നു പ്രധാനകാരണം. ഏക്കറുകണക്കിന് സ്ഥലത്ത് കൃഷി ചെയ്യുന്ന കര്‍ഷകന് ചില്ലറ വില്‍പ്പന നടത്താനാവാത്ത അവസ്ഥയാണ്. ഇത് തന്നെയാണ് മൊത്തകച്ചവടക്കാര്‍ക്കായി കാത്തിരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതും. ഇവരാകട്ടെ കിലോയ്ക്ക് രണ്ടോ,മൂന്നോ രൂപ മാത്രമാണ് കര്‍ഷകന് നല്‍കുന്നത്. ഇതോടെപാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് കാരണം ഏക്കര്‍കണക്കിന് സ്ഥലത്തെ മരച്ചീനി നശിക്കുകയാണ്.
വേനല്‍മഴശക്തമായതോടെ മിക്കസ്ഥലങ്ങളിലും പാകമെത്തിയ വിളവുകള്‍ നശിക്കാനും തുടങ്ങി. വായ്പയെടുത്തുംകടംവാങ്ങിയും കൃഷിചെയ്തവരാണ് ദുരിതത്തിലായത്.
Next Story

RELATED STORIES

Share it