Idukki local

മരങ്ങള്‍ കടപുഴകി വീണു; തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

മൂലമറ്റം: തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കരിപ്പിലങ്ങാടിന് സമീപം റോഡില്‍ കാറ്റത്ത് വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകിയും മൂലമറ്റം ഫയര്‍ഫോഴ്‌സെിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നൂറുകണക്കിന് വാഹനങ്ങള്‍ ഇരുവശവുമായി കുടുങ്ങിക്കിടക്കുകയാണ്. റോഡരികിലുള്ള നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് ലൈനുകള്‍ പൊട്ടി റോഡില്‍ വീണതിനാല്‍ മരം മുറിച്ച് മാറ്റുന്ന പ്രവൃത്തി വൈകുന്നുണ്ട്.
മൂലമറ്റം-അറക്കുളം-കാഞ്ഞാര്‍- കുടയത്തൂര്‍ പ്രദേശങ്ങളില്‍ പൂര്‍ണമായും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്.
കുടയത്തൂര്‍,കാഞ്ഞാര്‍ മേഖലകളിലും ചൊവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ വീശിയടിച്ച കാറ്റില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. കുടയത്തൂരില്‍ നിന്നും ആനക്കയത്തിനുള്ള റോഡില്‍ മരം വീണ് ഇവിടെയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
നിരവധി റബര്‍ മരങ്ങളാണ് ഈ മേഖലയില്‍ ഒടിഞ്ഞു വീണത്.ഏക്കറുകണക്കിന് വാഴതോട്ടങ്ങളില്‍ കാറ്റ് വലിയ നാശമാണ് വിതച്ചത്.
കാറ്റ് തുടങ്ങിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ച അവസ്ഥയിലാണ്. രാത്രിയിലും ശക്തമായ മഴ പ്രദേശത്ത് തുടരുകയാണ്.
Next Story

RELATED STORIES

Share it