kannur local

മയ്യിലിനെ കടുംചുവപ്പാക്കാന്‍ എല്‍ഡിഎഫ്

മയ്യില്‍: ചെങ്കൊടി മാത്രം ജയിച്ചുകയറിയ പാരമ്പര്യമാണ് മയ്യിലിനു പറയാനുള്ളത്. കവലകള്‍ മുതല്‍ പള്ളിക്കൂടങ്ങള്‍ വരെ. വിവാഹം മുതല്‍ മരണാനന്തര ചടങ്ങുകള്‍ വരെ. എല്ലായിടത്തും ഇവിടെ സിപിഎമ്മിന്റെ കൈയ്യൊപ്പുണ്ടാവും. ഇടക്കാലത്ത് അക്രമരാഷ്ട്രീയത്തിനു നേരിയ തിരിച്ചടി നേരിട്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ഈസി വാക്കോവര്‍ തന്നെയാണെന്ന് ഇടതുമുന്നണിക്കറിയാം.
നിലവിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പ്രഫ. കെ എ സരളയുടെ ഡിവിഷനാണു മയ്യില്‍. 11,874 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ നേടിയത്. വാര്‍ഡ് വിഭജിച്ച് ഇടതിന്റെ ഭൂരിപക്ഷം കുറയ്ക്കാനാവുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. സിപിഎമ്മിലെ കെ നാണു ആണ് എല്‍ഡിഎഫ് സാരഥി. ആര്‍എസ്പിയിലെ ലതീഷ് വേലിക്കാത്ത് യുഡിഎഫിനും ബേബി സുനാഗര്‍ ബിജെപിക്കും വേണ്ടിയും മാറ്റുരയ്ക്കുന്നു.
ചട്ടുകപ്പാറ സ്വദേശിയായ നാണു സിപിഎം മയ്യില്‍ ഏരിയാ കമ്മിറ്റിയംഗവും കരിങ്കല്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാ കമ്മിറ്റിയംഗവുമാണ്. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ലതീഷ് വേലിക്കാത്ത് ആര്‍എസ്പി ജില്ലാകമ്മിറ്റി അംഗവും യുടിയുസി ജില്ലാ സെക്രട്ടറിയുമാണ്. ആര്‍വൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം, കേരള ടൈലേഴ്‌സ് യൂനിയന്‍ ജില്ലാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പട്ടാന്നൂര്‍ നിടുകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ കന്നിയങ്കമാണ്.
ബിജെപി തളിപ്പറമ്പ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായ ബേബി സുനാഗര്‍ പെരുമാച്ചേരി സ്വദേശിയാണ്. മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മയ്യില്‍ ഡിവിഷനില്‍നിന്ന് എടക്കാട് ബ്ലോക്കിന്റെ ഭാഗമായിരുന്ന കൊളച്ചേരി, ചേലേരി ഡിവിഷനുകള്‍ ഒഴിവാക്കുകയും മലപ്പട്ടവും പട്ടാന്നൂരും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കയരളം, മയ്യില്‍, കുറ്റിയാട്ടൂര്‍, ചട്ടുകപ്പാറ, മലപ്പട്ടം(ഇരിക്കൂര്‍), പട്ടാന്നൂര്‍(ഇരിട്ടി) എന്നിവയാണ് മയ്യില്‍ ഡിവിഷനില്‍ വരുന്നത്.
Next Story

RELATED STORIES

Share it