Idukki local

മയക്കുമരുന്നുവിരുദ്ധദിനം; ജില്ലാ തല പരിപാടി കുമളിയില്‍

കുമളി: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ജില്ലാതല ദിനാചരണം കുമളിയില്‍ നടത്തി. കുമളി പൊതുവേദിയില്‍ ചേര്‍ന്ന ദിനാചരണ സമ്മേളനം ഇ എസ് ബിജിമോള്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു. കുമളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എ നെല്‍സണ്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുല്‍ റസാക്ക്, എം എസ് മധു സംസാരിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലിം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തോട്ടം മേഖലയിലെ എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ സര്‍വെ റിപോര്‍ട്ട് മരിയന്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജോബി ബാബു ചടങ്ങില്‍ വിശകലനം ചെയ്തു. പരിപാടിയുടെ ഭാഗമായി മരിയന്‍ കോളജ് വിദ്യാര്‍ഥികളുടെ തെരുവ് നാടകവും സഹ്യജ്യോതി കോളജിന്റെ ഫഌഷ് മോബും സൗഹൃദ ഫുട്‌ബോള്‍ മല്‍സരവും സംഘടിപ്പിക്കും.
രാവിലെ വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്ക് നടത്തിയ ഇരുചക്ര വാഹന റാലിയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. റാലി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എ നെല്‍സണ്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവര്‍ ഫഌഗ് ഓഫ് ചെയ്തു.
കുമളി ടൗണിനു സമീപത്തു നിന്നും കുട്ടിക്കാനം മരിയന്‍ കോളജ്, പാമ്പനാര്‍ എസ്എന്‍ കോളജ്, കുമളി ഒന്നാം മൈല്‍ സഹ്യജ്യോതി കോളജ് എന്നിവയിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ചെളിമടയില്‍ നിന്നും മാസ്റ്റര്‍പീസ് ഫുട്‌ബോള്‍ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിലും സംഘടിപ്പിച്ച കൂട്ട ഓട്ടത്തോടെയാണ് ഇരുചക്രവാഹന റാലി സമാപിച്ചത്.
Next Story

RELATED STORIES

Share it