മമതാ ബാനര്‍ജി അധികാരമേറ്റു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള 42 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാംതവണയാണു മമത ബംഗാള്‍ മുഖ്യമന്ത്രിയാവുന്നത്. കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാല്‍, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, അശോക് ഗജപതി, ബാബുല്‍ സുപ്രിയോ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി മമതയ്ക്കും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. 42 മന്ത്രിമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 29 പേര്‍ക്ക് കാബിനറ്റ് പദവിയും അഞ്ചുപേര്‍ക്ക് സ്വതന്ത്ര ചുമതലയുമാണുള്ളത്. എട്ടുപേര്‍ സഹമന്ത്രിമാരാണ്. 294 അംഗ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 211 അംഗങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it