മന്‍ കി ബാത്തിന് ആസ്വാദനക്കുറിപ്പ്; ശ്രദ്ധയ്ക്കും കണ്ണൂര്‍ ആകാശവാണിക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിനെക്കുറിച്ച് ക്രിയാത്മകമായി വിലയിരുത്തിയ വിദ്യാര്‍ഥിനിക്കും ഇവരെ പരിചയപ്പെടുത്തിയ കണ്ണൂര്‍ ആകാശവാണി നിലയത്തിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം.
ഇന്നലെ മന്‍ കി ബാത്ത് പരിപാടിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂര്‍ ആകാശവാണിയെയും കാസര്‍കോട് രാജപുരം കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനി ശ്രദ്ധ തമ്പാനെയും പേരെടുത്തു പറഞ്ഞു പ്രശംസിച്ചത്. സ്ഥിരമായി മന്‍ കി ബാത്ത് പ്രഭാഷണം ശ്രവിക്കുന്ന ശ്രദ്ധ ഇതുസംബന്ധിച്ച് ഹിന്ദി-ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പും നിര്‍ദേശങ്ങളും കണ്ണൂര്‍ ആകാശവാണിക്ക് അയച്ചുകൊടുത്തിരുന്നു. മുതിര്‍ന്ന പൗരന്മാരോട് ആദരവോടെ പെരുമാറാന്‍ പുതുതലമുറയെ പ്രധാനമന്ത്രി ഉപദേശിക്കണമെന്നതായിരുന്നു പ്രധാന അഭിപ്രായം.
കുട്ടിയുടെ നിരീക്ഷണപാടവം വിലയിരുത്തിയ ആകാശവാണി അധികൃതര്‍ രണ്ടാഴ്ച മുമ്പ് കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ശ്രദ്ധയ്ക്ക് ശ്രാവ്യ പുരസ്‌കാരം സമ്മാനിക്കുകയുണ്ടായി. ഇതുസംബന്ധിച്ച റിപോര്‍ട്ട് ആകാശവാണി കണ്ണൂര്‍ നിലയം അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബാലചന്ദ്രന്‍ പ്രധാനമന്ത്രിക്ക് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റായ ാ്യഴീ്‌.േശില്‍ അയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് ആകാശവാണി അധികൃതരെ വിളിച്ച് വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. ഇത്തരം പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന നിര്‍ദേശം പരിഗണിച്ച പ്രധാനമന്ത്രി, മുഴുവന്‍ ആകാശവാണി നിലയങ്ങളും കണ്ണൂര്‍ നിലയത്തെ മാതൃകയാക്കണമെന്ന് ആഹ്വാനം ചെയ്തു.
മുംബൈ ബുര്‍ഹാനി കോളജിലെ കായികാധ്യാപകന്‍ തമ്പാന്‍ നായരുടെയും മുന്നാട് പീപ്പിള്‍സ് കോളജിലെ ഹിന്ദി അധ്യാപിക ജയശ്രീയുടെയും മകളാണ് കൊട്ടോടി അടുക്കത്തില്‍ ഹൗസില്‍ ശ്രദ്ധ. പ്രണവ് സഹോദരനാണ്. പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറെ സന്തോഷം പകരുന്നതായി ശ്രദ്ധ തേജസിനോടു പറഞ്ഞു. അധ്യാപകന്‍ സുകുമാരന്‍ പെരിയച്ചൂരും പ്രോല്‍സാഹനം നല്‍കി.
Next Story

RELATED STORIES

Share it