Districts

മന്ത്രി ബാബുവിനെതിരേ ആറു ബാര്‍ ഉടമകള്‍ നല്‍കിയ മൊഴികള്‍ വിജിലന്‍സ് അവഗണിച്ചു

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ വാദം പൊളിയുന്നു. പണം പിരിച്ചുനല്‍കിയെന്ന ബാര്‍ ഉടമകളുടെ മൊഴികള്‍ പുറത്തുവന്നു. കോഴ ഇടപാട് ശരിവയ്ക്കുന്ന തരത്തില്‍ ബാര്‍ ഉടമകള്‍ വിജിലന്‍സിനു നല്‍കിയ മൊഴികള്‍ പരിഗണിക്കാതെയാണ് മന്ത്രി ബാബുവിനെതിരേ കേസെടുക്കാതെ അന്വേഷണം അവസാനിപ്പിച്ചത്. 10 കോടി രൂപ മന്ത്രി കെ ബാബുവിനു നല്‍കിയിട്ടുണ്ടെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതപരിശോധനാ റിപോര്‍ട്ടിലെ മൊഴികളാണ് പുറത്തുവന്നത്.

ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് പണം പിരിച്ചതെന്ന് ബാര്‍ അസോസിയേഷന്റെ ആറു ഭാരവാഹികളാണ് വിജിലന്‍സിനു മൊഴി നല്‍കിയിരുന്നത്. ബാര്‍ ഉടമകളും അസോസിയേഷന്‍ ഭാരവാഹികളുമായ എ ജയറാം (ഇടുക്കി), സി ഡി ജോഷി (തൃശൂര്‍), എം അനില്‍ (മലപ്പുറം), പി സതീഷ് (പാലക്കാട്), എസ് ഷൈന്‍ (കൊല്ലം), എ കാര്‍ത്തികേയന്‍ (തിരുവനന്തപുരം) എന്നിവരാണ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തില്‍ കോഴയിടപാട് സ്ഥിരീകരിച്ച് വിജിലന്‍സിനു മൊഴി നല്‍കിയത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി തൃശൂരില്‍ നിന്നുള്ള ബാര്‍ ഉടമകളില്‍ നിന്ന് 10 ലക്ഷം രൂപ പിരിച്ചെടുത്ത് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയെന്നാണ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി സി ഡി ജോഷിയുടെ മൊഴി. ലൈസന്‍സ് ഫീസ് കുറച്ചുകിട്ടാന്‍ പണം പിരിച്ചുനല്‍കണമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി രാജ്കുമാര്‍ പറഞ്ഞതായി ഇടുക്കിയിലെ അസോസിയേഷന്‍ സെക്രട്ടറി ജയറാം മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് 75,000 രൂപ വീതം പിരിച്ച് അസോസിയേഷനു നല്‍കിയിരുന്നു. പണമിടപാടുകള്‍ക്ക് തന്റെ കൈവശം തെളിവുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹിയായ എലഗന്‍സ് ബിനോയി പറഞ്ഞതായും ജയറാമിന്റെ മൊഴിയിലുണ്ട്. ലീഗല്‍ ഫണ്ടും പൊളിറ്റിക്കല്‍ ഫണ്ടുമായി പണം പിരിച്ചിട്ടുണ്ടെന്ന് ബാര്‍ ഉടമകളായ പി സതീഷും എ കാര്‍ത്തികേയനും മൊഴി നല്‍കിയിട്ടുണ്ട്. അസോസിയേഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈക്കൂലി കൊടുക്കുന്നതായി അറിയാമെന്നാണ് കൊല്ലത്തെ ബാര്‍ ഉടമ എസ് ഷൈനിന്റെ മൊഴി. 2013 മാര്‍ച്ചില്‍ എറണാകുളത്ത് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നതായും ഒന്നര ലക്ഷം രൂപ വീതം പിരിക്കാന്‍ തീരുമാനമെടുത്തിരുന്നതായും തിരുവനന്തപുരത്തെ ബാര്‍ ഉടമയും അസോസിയേഷന്‍ ഭാരവാഹിയുമായ എ കാര്‍ത്തികേയനും മൊഴി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it