മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി എന്തു നടപടി സ്വീകരിച്ചു?

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി. പരാതി ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്തെന്നും മന്ത്രിക്കെതിരായ ആരോപണത്തെത്തുടര്‍ന്നു നടത്തിയ ദ്രുതപരിശോധനാ റിപോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടിയെന്തെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതെന്തെന്നും കോടതി ചോദിച്ചു.
റിപോര്‍ട്ട് ലഭിച്ച ശേഷം വിജിലന്‍സ് അതിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അടക്കം ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ്ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
മന്ത്രിക്കെതിരേ ലഭിച്ച പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടി, പരാതി ലഭിച്ച ശേഷം വിജിലന്‍സ് ഡയറക്ടറില്‍ നിന്ന് ഉണ്ടായ ഉത്തരവെന്ത്, ദ്രുതപരിശോധനാ റിപോര്‍ട്ട് ഡയറക്ടര്‍ക്കു ലഭിച്ച ശേഷം ഇതിന്‍മേല്‍ സ്വീകരിച്ച നടപടികളെന്ത്, റിപോര്‍ട്ട് വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിലെന്തു നടപടികളെടുത്തു തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കി സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം.
ആറു മാസം മുമ്പ് ദ്രുതപരിശോധനാ റിപോര്‍ട്ട് സമര്‍പ്പിച്ചതാണെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയുടെ ലളിതകുമാരി കേസിലെ ഉത്തരവ് പ്രകാരം പരാതി ലഭിച്ച് 45 ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍, ബാര്‍ കേസില്‍ ഇതു പാലിച്ചില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സിനെ നിയന്ത്രിച്ച് അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.
എന്നാല്‍, പ്രാഥമികാന്വേഷണം നടത്തിയതാണെന്നും തുടരന്വേഷണം വേണ്ടതില്ലെന്നു കണ്ടെത്തിയതാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ തീരുമാനം അതാണെങ്കിലും റിപോര്‍ട്ട് നല്‍കി ആറു മാസത്തിലേറെ കഴിഞ്ഞിട്ടും വിജിലന്‍സ് കോടതിക്കു കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. കേസുകളുടെ ബാഹുല്യം മൂലമാണ് വൈകിയതെന്നും വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
മന്ത്രിമാരായ കെ എം മാണി, കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേ ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയിട്ടും മാണിക്കെതിരേ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഈ ആവശ്യങ്ങള്‍ നേരത്തേയും കോടതി പരിശോധിച്ചു തീര്‍പ്പാക്കിയതാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. മാറിയ സാഹചര്യത്തിനനുസരിച്ച് പുതിയ ആവശ്യമാണ് ഹരജിയില്‍ ഉള്ളതെന്നു വ്യക്തമാക്കിയ കോടതി, സര്‍ക്കാര്‍ വാദം തള്ളി.
Next Story

RELATED STORIES

Share it