wayanad local

മന്ത്രി ജയലക്ഷ്മിയുടെ ബിരുദ വിവാദം; മാനന്തവാടി സബ് കലക്ടര്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി

മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മി 2011-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബത്തേരി സ്വദേശി കെ പി ജീവന്‍ നല്‍കിയ പരാതിയില്‍ മാനന്തവാടി സബ്ബ് കലക്ടര്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി.
ഇന്നലെ നടന്ന വിചാരണയില്‍ മന്ത്രിയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറും, പരാതിക്കാരന് വേണ്ടി അഡ്വ. ഋത്വിക്കും ഹാജരായി. ഈ മാസം നാലിന് നടന്ന വിചാരണയില്‍ മന്ത്രിയും പരാതിക്കാരനും നേരിട്ട് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ വിചാരണ നടത്തിയ ശേഷം കൂടുതല്‍ രേഖകളും തെളിവുകളും ഹാജരാക്കാനായി ഇന്നലത്തേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. കേസ് കാലാവധി കഴിഞ്ഞതിനാല്‍ നിയമപ്രകാരം പരാതി നിലനില്‍ക്കില്ലെന്ന് അഡ്വ. രാംകുമാര്‍ വാദിച്ചു.
ഹൈക്കോടതി ഈ കേസ് പരിഗണിച്ച് തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമാക്കാത്തത് മന്ത്രിയുടെ വീഴ്ച്ചയല്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിലെത്തുന്ന കേസിന് കാലാവധിയില്ലെന്നാണ് പരാതിക്കാരന്റെ വക്കീലിന്റെ വാദം. ഇരുവരുടെയും വാദങ്ങള്‍ കേട്ടശേഷമാണ് ഇതു സംബന്ധിച്ച വിചാരണ പൂര്‍ത്തിയാക്കിയതായി വരണാധികാരി കൂടിയായ സബ്ബ് കലക്ടര്‍ സാംബശിവറാവു അറിയിച്ചത്. തുടര്‍നടപടികള്‍ക്കായി റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
അതേസമയം ആസന്നമായ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പായി കേസില്‍ തീര്‍പ്പു കല്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതായി പരാതിക്കാരന്‍ ജീവന്‍ പീന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത ബിഎ ഡിഗ്രിയായി തെറ്റിദ്ധരിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താതെ 10 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചതായും കാണിച്ചായിരുന്നു ജീവന്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it