മന്ത്രി കെ സി ജോസഫിനെതിരായ കോടതി നടപടി അവസാനിപ്പിച്ചു

കൊച്ചി: ഫേസ്ബുക്ക് പേജില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് മന്ത്രി കെ സി ജോസഫിനെതിരേ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഫേസ്ബുക്കിലൂടെയും കോടതിയില്‍ സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളിലൂടെയും മന്ത്രി ഖേദം പ്രകടിപ്പിച്ചത് അംഗീകരിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഭാവിയില്‍ മന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നു കരുതുന്നതായും ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. പൊതുപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളുടെ സ്വാധീനം അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ത്യയില്‍ എന്നല്ല ലോകത്തു മുഴുവന്‍ എത്തുന്നതാണ് ഇത്തരം സംവിധാനങ്ങള്‍. ഭാവി തലമുറയ്ക്ക് ശരിയായ ദിശാബോധം കിട്ടേണ്ടതിനാല്‍ പൊതുപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കെ സി ജോസഫിന്റെ പോസ്റ്റ് ആകസ്മികമായി സംഭവിച്ചതാണെന്നു പറയാനാവില്ല. വൈകാരികമായി ഇത്തരം പ്രസ്താവനകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 68 വയസ്സായ മന്ത്രി നിരന്തരം ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന വ്യക്തിയാണ്. ജനസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയെന്നനിലയില്‍ അദ്ദേഹം നടത്തിയ ക്ഷമാപണം അവിശ്വസിക്കേണ്ടതില്ല. ക്ഷമാപണം താന്‍ ചെയ്ത തെറ്റ് മനസ്സിലാക്കിയും ഉത്തമബോധ്യത്തോടെയുമാണെന്നു കോടതി വിശ്വസിക്കുന്നു. അതിനാല്‍ കേസിലെ എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
Next Story

RELATED STORIES

Share it