Most commented

മന്ത്രി കെ ബാബുവിനെതിരായ കോഴ ആരോപണം; മൂന്നാംദിനവും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബാബുവിനെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയില്‍ ബഹളംവച്ച പ്രതിപക്ഷം വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന്‍മേലുള്ള മന്ത്രിയുടെ മറുപടി പ്രസംഗവും തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ പാക്കേജിലെ അനിശ്ചിതത്വം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് കെ ബാബു മറുപടി പറയുന്നതിനിടെയായിരുന്നു ബഹളം. പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, വകുപ്പ്മന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും പ്രതിപക്ഷം പറയുന്നതുപോലെ പ്രവര്‍ത്തിക്കാനാവില്ലെന്നും മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.
വിഴിഞ്ഞം പുനരധിവാസ പാക്കേജ് പര്യാപ്തമല്ലെന്നാരോപിച്ച് പ്രതിപക്ഷത്തുനിന്ന് ജമീലാ പ്രകാശമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഴിഞ്ഞം പുനരധിവാസ പാക്കേജില്‍ ആശങ്കയുണ്ടെന്ന വിമര്‍ശനം പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി കെ ബാബു മറുപടി നല്‍കി.
പദ്ധതി നടപ്പാക്കുന്നതുമൂലം ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്താന്‍ തുറന്ന മനസ്സാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലമേറ്റെടുത്തവര്‍ക്കെല്ലാം ന്യായമായ വില നല്‍കി. വീട് നഷ്ടപ്പെടുന്ന 67 പേര്‍ക്കും പുനരധിവാസം നല്‍കി. ഇവര്‍ക്ക് ആറുമാസത്തെ വാടകയും നല്‍കി. പദ്ധതി നടപ്പാക്കുമ്പോള്‍ 500 പേരെ നേരിട്ടും 2,000 പേരെ പരോക്ഷമായും ബാധിക്കുമെന്നാണ് പരിസ്ഥിതി ആഘാത പഠനറിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍, അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ 18,800 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 20,714 പേരാണ് വിഴിഞ്ഞം വില്ലേജിലെ ആകെ ജനസംഖ്യ. മേഖലയിലെ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളപദ്ധതികളെല്ലാം ഉള്‍പ്പെടുത്തി സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഒരാളുടെപോലും കണ്ണീര് വീഴാതെ പദ്ധതി നടപ്പാക്കും. ആറായിരം കോടിയുടെ അഴിമതി ആരോപിച്ചവരാണ് ഇപ്പോള്‍ ആശങ്കയുമായി വന്നിരിക്കുന്നത്. ഇതെല്ലാം പദ്ധതി അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ബാബു കൂട്ടിച്ചേര്‍ത്തു. നിര്‍മാണം തുടങ്ങുംമുമ്പ് പുനരധിവാസം നടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ജമീല പ്രകാശം ആരോപിച്ചു. മോദിയുടെ ഉറ്റ തോഴനായ അദാനിയുമായുള്ള അവിഹിത ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it