മന്ത്രി ഉള്‍പ്പെടെ യുഡിഎഫിന്റെ വനിതകള്‍ക്കെല്ലാം തോല്‍വി; 14ാം നിയമസഭയിലേക്ക് എട്ടു വനിതകള്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എട്ട് വനിതാ സ്ഥാനാര്‍ഥികളാണ്. പലരും വ ന്‍ ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത്. വിജയികള്‍ എല്ലാവരും ഇടതുപാളയത്തില്‍ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. കെ കെ ശൈലജ(കൂത്തുപറമ്പ്), പ്രതിഭ ഹരി(കായംകുളം), വീണ ജോര്‍ജ്(ആറന്മുള), ജെ മേഴ്‌സിക്കുട്ടിയമ്മ(കുണ്ടറ), അയിഷ പോറ്റി(കൊട്ടാരക്കര)-എല്ലാവരും സിപിഎം, ഗീതാ ഗോപി(നാട്ടിക), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ(വൈക്കം)-എല്ലാവരും സിപിഐ, എന്നിവരാണ് വിജയിച്ച വനിതകള്‍. ഇവരില്‍ അയിഷ പോറ്റി, ഗീതാ ഗോപി, ഇ എസ് ബിജിമോള്‍ എന്നിവര്‍ സിറ്റിങ് എംഎല്‍എമാര്‍ കൂടിയാണ്. അയിഷ പോറ്റിയാണ് ഏറ്റവുമധികം ഭൂരിപക്ഷത്തോടെ വിജയിച്ച വനിതാ സ്ഥാനാര്‍ഥി. 42,632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയില്‍ വീണ്ടും അവര്‍ വിജയം ആവര്‍ത്തിച്ചത്.
അതേസമയം, യുഡിഎഫ് പാളയത്തില്‍നിന്ന് വനിതകള്‍ ആരും തന്നെ ഇക്കുറി നിയമസഭയിലെത്തിയില്ല. കഴിഞ്ഞ തവണ ഭരണപക്ഷത്തെ ഏക സ്ത്രീ സാന്നിധ്യമായിരുന്ന മന്ത്രി പി കെ ജയലക്ഷ്മിക്കുപോലും വിജയിക്കാനായില്ല എന്നത് യുഡിഎഫിന്റെ പരാജയമാണ്. ഷാനിമോള്‍ ഉസ്മാന്‍, പദ്മജ വേണുഗോപാല്‍, കെ എ തുളസി, ലാലി വിന്‍സെന്റ് തുടങ്ങി യുഡിഎഫിലെ പ്രമുഖ വനിതകള്‍ എല്ലാവരും പരാജയം നുണഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് 17ഉം യുഡിഎഫില്‍നിന്ന് ഒമ്പതും എന്‍ഡിഎക്ക് എട്ട് വനിതാ സ്ഥാനാര്‍ഥികളുമാണ് ഉണ്ടായിരുന്നത്. ഇതിനുപുറമെ ആര്‍എംപിയുടെ കെ കെ രമയും മറ്റ് സ്വതന്ത്ര വനിതാ സ്ഥാനാര്‍ഥികളും രംഗത്തുണ്ടായിരുന്നു. എന്‍ഡിഎ ഉയര്‍ത്തിക്കാട്ടിയ സി കെ ജാനു 27,920 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. അതേസമയം, ജമീല പ്രകാശം(കോവളം), കെ കെ ലതിക(കുറ്റിയാടി)എന്നീ എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ നടന്ന 14 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നുണഞ്ഞത് 97 സ്ത്രീകളാണ്. ഇവരില്‍ 57 പേര്‍ ഇടതുപക്ഷ പ്രതിനിധികളും 29 പേര്‍ യുഡിഎഫുകാരുമാണ്. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 1980ല്‍ ആര്‍ സരസ്വതിയമ്മയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥി.
1965ല്‍ മൂന്ന് വനിതകള്‍ വിജയിച്ചെങ്കിലും അന്ന് നിയമസഭ ചേരാതിരുന്നതിനാല്‍ അവര്‍ക്ക് എംഎല്‍എമാര്‍ ആവാന്‍ സാധിച്ചിരുന്നില്ല. 1996ലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ നിയമസഭ കണ്ടത്. 13 പേരാണ് അന്ന് കേരളത്തിലെ വനിതികളെ പ്രതിനിധീകരിച്ചത്. 1967ലും 1977ലും ഒരോ വനിത മാത്രമാണ് സഭയില്‍ എത്തിയത്. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ത്രീ സാന്നിധ്യം ഉണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it