മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തണം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. കഴിഞ്ഞ മൂന്നുമാസം മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കമ്മീഷണര്‍ ഉത്തരവിട്ടു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച അപേക്ഷ നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചാണ് കമ്മീഷന്റെ ഉത്തരവ്. വിവരങ്ങള്‍ തടഞ്ഞുവച്ച പൊതുഭരണ വകുപ്പിന്റെ നടപടി മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിമര്‍ശിച്ചു.
2016 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 12 വരെയുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനിറ്റ്‌സ് എന്നിവയാണ് ബിനു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ വിവരാവകാശ നിയമത്തിലെ 8(1)(ഐ) വകുപ്പ് പ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നു പൊതുഭരണവകുപ്പ് അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ അതാതു വിഷയം കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കു നല്‍കുകയാണു ചെയ്യുന്നതെന്നും അപേക്ഷകന്‍ അതാതു വകുപ്പുകളെ സമീപിക്കണമെന്നും പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണു ബിനു മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയത്. [related]
മന്ത്രിസഭാ തീരുമാനങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അപേക്ഷകര്‍ക്കു ലഭ്യമാക്കണമെന്ന് അപ്പീല്‍ പരിഗണിച്ച മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു. മന്ത്രിസഭാ തീരുമാനങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ പൊതുഭരണ വകുപ്പിന്റെ വാദം ന്യായീകരിക്കാനാവില്ലെന്നും അതു വിവരാവകാശ നിയമത്തിന്റെ അന്തസത്തയ്ക്കു യോജിച്ചതല്ലെന്നും കമ്മീഷണര്‍ വിമര്‍ശിച്ചു. ഹരജിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉത്തരവ് ലഭിച്ച് 10 ദിവസത്തിനകം സൗജന്യമായി നല്‍കണമെന്നും ഇതുസംബന്ധിച്ച റിപോര്‍ട്ട് കമ്മീഷന്‍ സെക്രട്ടറിക്കു നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. നിലവിലെ നടപടിക്രമം അനുസരിച്ച് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഹരജിക്കാരനു രേഖകള്‍ സൗജന്യമായി പരിശോധിക്കാനും ആവശ്യമായ വിവരങ്ങള്‍ എഴുതിയെടുക്കാനും അവസരം നല്‍കണമെന്നും ഉത്തരവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് കൈക്കൊണ്ട പല തീരുമാനങ്ങളും വിവാദങ്ങളായിരുന്നു. ഈ തീരുമാനങ്ങളാണു പരസ്യപ്പെടുത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it