മന്ത്രിയുടെ വിമാനം വൈകിയത് എയര്‍ ഇന്ത്യ അന്വേഷിക്കും

ദുബയ്: പ്രവാസികള്‍ യാത്രചെയ്യുന്ന വിമാനം 29 മണിക്കൂര്‍ വൈകിയാലും കുലുക്കമില്ലാത്ത എയര്‍ ഇന്ത്യ അരമണിക്കൂര്‍ താമസം നേരിട്ടതിന് അന്വേഷണം ആരംഭിച്ചത് കൗതുകമുണര്‍ത്തുന്നു. കേന്ദ്ര നഗര വികസനമന്ത്രിക്ക് ഡല്‍ഹിയില്‍നിന്നു ഹൈദരാബാദിലേക്ക് പോവേണ്ട എയര്‍ ഇന്ത്യയുടെ എഐ- 544 വിമാനമാണ് പൈലറ്റ് ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് അരമണിക്കൂര്‍ താമസിച്ചത്. ഉച്ചയ്ക്ക് 1.15ന് പോവേണ്ട വിമാനം 1.45നാണ് പുറപ്പെടാനായത്.
സംഭവം മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടത്. എയര്‍ ഇന്ത്യ ചുമതല നിര്‍വഹിക്കാത്തതിനാല്‍ തന്റെ പ്രധാനപ്പെട്ട മീറ്റിങ് നഷ്ടപ്പെട്ടു എന്നായിരുന്നു മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേന്ദ്ര വ്യോമയാനമന്ത്രി മഹേഷ് ശര്‍മ എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വിനി ലൊഹാനിയോട് അന്വേഷണം ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി. എയര്‍ ഇന്ത്യയുടെ ഏറ്റവും ലാഭത്തില്‍ പോവുന്ന കേരള-ഗള്‍ഫ് സെക്റ്ററില്‍ വിമാനം അനിശ്ചിതമായി വൈകിയാലും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കാറില്ല. സാധാരണ നിരക്കിനേക്കാള്‍ മൂന്നിരട്ടി നല്‍കിയാണ് പ്രവാസികളുടെ ദുരിതയാത്ര. പലപ്പോഴും എയര്‍ ഇന്ത്യയുടെ കാലതാമസംമൂലം ബന്ധുക്കളുടെ മൃതദേഹംപോലും കാണാന്‍ അവസരം നഷ്ടപ്പെടാറാണ് പതിവ്. ഇത്തരം സാഹചര്യങ്ങളില്‍ അന്വേഷണംപോലും നടത്താത്ത കമ്പനിയാണ് അരമണിക്കൂര്‍ വൈകിയതിന് അന്വേഷണം നടത്തുന്നത്.
രണ്ടുമാസത്തിനിടെ അബൂദബിയില്‍നിന്ന് മാത്രം മൂന്ന് വിമാനങ്ങളാണ് 24 മണിക്കൂറിലധികം താമസിച്ചത്. ഇക്കഴിഞ്ഞ 14ന് അബൂദബിയില്‍ നിന്നു കൊച്ചിയിലേക്ക് 175 യാത്രക്കാരുമായി പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്-452 വിമാനം 29 മണിക്കൂര്‍ വൈകിയത് യാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it