malappuram local

മന്ത്രിയുടെ വാക്കും പാഴായി; ദുരിതം മാറാതെ നാട്ടുകാര്‍

വെട്ടത്തൂര്‍: ഹൈസ്‌കൂള്‍പടിയില്‍ റോഡ് തകര്‍ന്ന് കാല്‍നട യാത്ര പോലും ദുസ്സഹമാവുന്നു. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഹൈസ്‌കൂള്‍പടിയില്‍ നിന്ന് ഏഴുതല ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡിന്റെ തകര്‍ച്ചയാണ് യാത്ര ദുസ്സഹമാക്കുന്നത്.
പരിസരവാസികളും വിദ്യാര്‍ഥികളുമടക്കം കാല്‍നട യാത്രക്കാരും ഇതുമൂലം ദുരിതത്തിലായി. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്ന റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രദേശത്തെ ഒരു വിഭാഗം ആളുകള്‍ വോട്ട് ബഹിഷ്‌കരണവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്‌നേഹ സംഗമത്തിനിടെ റോഡിന്റെ നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായും മഴമാറിയാല്‍ നവീകരണ പ്രവ്യത്തികള്‍ തുടങ്ങുമെന്നറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് റോഡിന്റെ 160 മീറ്ററോളം വരുന്ന ഏതാനും ഭാഗങ്ങള്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ഫണ്ടില്‍ നിന്നു നവീകരിക്കുക മാത്രമാണ് ചെയ്തത്. ബാക്കി വരുന്ന പലയിടങ്ങളിലും ഇപ്പോഴും കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന നിലയിലാണ്. ഇതോടെ റോഡ് ടാറിങ് നടത്തി ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ശക്തമാവുകയാണ്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it