മന്ത്രിമാരെ ഒഴിവാക്കിയ നടപടി നിയമക്കുരുക്കിലേക്ക്

തിരുവനന്തപുരം: വിവരാവകാശ നിയമത്തില്‍നിന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിജിലന്‍സ് കേസുകള്‍ ഒഴിവാക്കിയത് വീണ്ടും നിയമക്കുരുക്കിലേക്ക്. തന്റെ ഉത്തരവ് റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി നല്‍കിയ കത്ത് നിയമോപദേശത്തിന് അയക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. വിജ്ഞാപനം ഭേദഗതി ചെയ്യണമെന്ന ഡയറക്ടറുടെ ആവശ്യം ന്യായമാണെന്ന നിഗമനത്തിലാണ് ആഭ്യന്തരവകുപ്പും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കേസുകള്‍ വിവരാവകാശ പരിധിയില്‍നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം വിവാദമായിരുന്നു. ഇതിലേക്ക് നയിച്ചത് വിജിലന്‍സ് ഡയറക്ടറുടെ ഓഫിസ് സര്‍ക്കുലറാണെന്നും ഇത് റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. പക്ഷേ, തന്റെ സര്‍ക്കുലര്‍ പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്നും വിജ്ഞാപനത്തിലാണ് ഭേദഗതി വേണ്ടതെന്നും ചൂണ്ടിക്കാട്ടി ശങ്കര്‍ റെഡ്ഡി കത്തയച്ചതോടെ നിയമപ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുകയാണ്.ശങ്കര്‍ റെഡ്ഡിയുടെ കത്ത് നിയമവകുപ്പിന്റെ പരിഗണനയ്ക്കുവിടാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. വിവരാവകാശ നിയമത്തില്‍ നിന്നും ഏതൊക്കെ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് വ്യക്തമാക്കേണ്ടത് വിജ്ഞാപനത്തിലാണെന്നും ഇതില്‍ വീഴ്ച സംഭവച്ചിണ്ടെന്നുമാണ് ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇതിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് നിയമോപദേശം തേടുന്നത്.
Next Story

RELATED STORIES

Share it