മന്ത്രിമാരും വിവിഐപികളും വിവരാവകാശത്തിനു പുറത്തുതന്നെ

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് (ഓഫിസ് ഓര്‍ഡര്‍) റദ്ദാക്കിയാലും മുഖ്യമന്ത്രിയും മന്ത്രിമാരും വിവിഐപികളും ഉന്നത ഉദ്യോഗസ്ഥരും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നു വിലയിരുത്തല്‍. വിജിലന്‍സിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി ഇക്കഴിഞ്ഞ ജനുവരി 27നു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. വിജ്ഞാപനത്തില്‍ വ്യക്തത വരുത്തണമെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി ആഭ്യന്തരവകുപ്പിന് കത്തുനല്‍കി. ഓഫിസ് ഓര്‍ഡര്‍ പിന്‍വലിക്കുന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്ന കേസുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാവുന്നതിനുള്ള തടസ്സം നീങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. വിജിലന്‍സിന് വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ടി ബ്രാഞ്ചിനെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവിലാണ് കേസുകളും അന്വേഷണ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, തന്റെ ഉത്തരവ് പുറത്തിറങ്ങുന്നതിനു മുമ്പ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇറക്കിയ അഞ്ച് ഓഫിസ് ഓര്‍ഡറുകള്‍ പ്രകാരം മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ ഇപ്പോഴും ടി ബ്രാഞ്ചിന്റെ പരിധിയിലാണെന്ന് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, ഭരണനിര്‍വഹണത്തിനായി മാത്രം താന്‍ ഓഫിസ് ഓര്‍ഡര്‍ ഇറക്കിയതു ജനുവരി 18നാണെന്നും അതു കഴിഞ്ഞു 10 ദിവസത്തിനുശേഷമാണു വിജിലന്‍സ് ടി ബ്രാഞ്ചിനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സിലെ വിവാദ കേസുകള്‍ ടി ബ്രാഞ്ചിലേക്കു മാറ്റുന്ന ഓഫിസ് ഓഡര്‍ 1996ലാണ് ആദ്യമിറങ്ങിയത്. പിന്നീട് 2010, 2011, 2013 എന്നീ വര്‍ഷങ്ങളിലും അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍മാര്‍ ഇത്തരത്തില്‍ ഉത്തരവിറക്കി. 2013ല്‍ രണ്ടാമതിറക്കിയ ഓഫിസ് ഓര്‍ഡറില്‍ എല്ലാ സെന്‍സിറ്റീവ് കേസുകളും വിജിലന്‍സ് അന്വേഷണങ്ങളും ദ്രുതപരിശോധനകളും രഹസ്യപരിശോധനകളും ടി ബ്രാഞ്ചിലേക്കു മാറ്റി. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും ഉള്‍പ്പെടുന്ന അമ്പതോളം കേസുകള്‍ ഇവിടെയാണ്. പാമൊലിന്‍ കേസ്, ബാര്‍ കോഴ കേസ്, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, വി എസ് അച്യുതാനന്ദന്‍, മകന്‍ അരുണ്‍ കുമാര്‍, മന്ത്രിമാരായ കെ ബാബു, പി ജെ ജോസഫ്, സി എന്‍ ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, രാഹുല്‍ നായര്‍ ഐപിഎസ്, ടി ഒ സൂരജ് ഐഎഎസ് എന്നിങ്ങനെയുള്ള രഹസ്യാന്വേഷണവും കേസുകളും തന്റെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പേ ടി ബ്രാഞ്ചിലാണെന്നു ശങ്കര്‍ റെഡ്ഡി കത്തില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്കു വിവരാവകാശ നിയമപ്രകാരം മന്ത്രിമാര്‍ ഉള്‍െപ്പടെയുള്ളവരുടെ അഴിമതി സംബന്ധിച്ച വിവരം അറിയണമെങ്കില്‍ ജനുവരി 27നു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി ആരെല്ലാം ഇതിന്റെ പരിധിയില്‍ വരുമെന്നു വ്യക്തമാക്കണമെന്ന് ശങ്കര്‍ റെഡ്ഡി കത്തില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it