മന്ത്രിമാരായി രണ്ടു വനിതകള്‍; ചരിത്രമെഴുതി പിണറായി മന്ത്രിസഭ

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: വനിതാ പ്രാതിനിധ്യത്തില്‍ ചരിത്രമെഴുതി പിണറായി വിജയന്‍ മന്ത്രിസഭ. സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു വനിതകള്‍ ഒരുമിച്ച് മന്ത്രിസഭയിലെത്തുന്നത്. ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ഷൈലജ എന്നിവരിലൂടെയാണ് പിണറായി മന്ത്രിസഭ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഫിഷറീസ്, പരമ്പരാഗത വ്യവസായം എന്നീ വകുപ്പുകളാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക്. കെ കെ ഷൈലജയ്ക്ക് ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്.
1957നു ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 97 വനിതാ പ്രതിനിധികള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിപദത്തിലെത്തിയത് ആറു വനിതകള്‍ മാത്രമാണ്. ഈ കാലയളവില്‍ അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒന്‍പതെണ്ണത്തില്‍ വനിതാ പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ശേഷിക്കുന്ന 12 മന്ത്രിസഭകളില്‍ ഓരോ വനിതകള്‍ മാത്രമാണ് മന്ത്രിപദം അലങ്കരിച്ചിട്ടുള്ളത്. അഞ്ചുതവണ മന്ത്രിയായ കെ ആര്‍ ഗൗരിയമ്മയാണ് ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിസ്ഥാനത്തിരുന്നിട്ടുള്ളത്. 1957, 1967, 1980, 1987, 2001 എന്നീ കാലഘട്ടത്തിലാണ് ഗൗരിയമ്മ മന്ത്രിയായിട്ടുള്ളത്. രണ്ടു പ്രാവശ്യം മന്ത്രിപദത്തിലെത്തിയത് കോണ്‍ഗ്രസ്സി ല്‍ നിന്നുള്ള എം ടി പത്മയാണ്. 1991, 1995 കാലയളവിലാണ് എം ടി പത്മ മന്ത്രിപദം വഹിച്ചിട്ടുള്ളത്. 1982ല്‍ എം കമലം 1996ല്‍ സുശീല ഗോപാലനും 2006ല്‍ പി കെ ശ്രീമതിയും, 2011ല്‍ പി കെ ജയലക്ഷ്മിയുമാണ് മന്ത്രിപദത്തിലെത്തിയ മറ്റു വനിതകള്‍.
ഗൗരിയമ്മ നാലു പ്രാവശ്യം കമ്മ്യൂണിസ്റ്റ് പ്രതിനിധിയായിട്ടും 2001ല്‍ യുഡിഎഫ് അംഗമായുമാണ് മന്ത്രിസഭയില്‍ എത്തിയത്. സുശീല ഗോപാലന്‍, പി കെ ശ്രീമതി എന്നിവരും കമ്മ്യൂണിസ്റ്റ് മന്ത്രിമാരാണ്. മറ്റുള്ളവര്‍ യുഡിഎഫ് പ്രതിനിധികളായിരുന്നു. പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ഡിഎഫില്‍ നിന്നുള്ളവരാണ്. മന്ത്രിമാരായ കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കു പുറമെ പ്രതിഭ ഹരി, വീണ ജോര്‍ജ്, അയിഷ പോറ്റി, ഗീത ഗോപി, ഇ എസ് ബിജിമോള്‍, സി കെ ആശ എന്നിവരാണ് വനിതാ പ്രതിനിധികള്‍. നിലവിലെ മന്ത്രിസഭയി ല്‍ 10 ജില്ലകളെ പ്രതിനിധികരിച്ച് മന്ത്രിമാരുണ്ട്. പലരും തൊട്ടടുത്ത മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരുമാണ്.
കണ്ണൂരില്‍ നിന്നാണ് ഏറ്റവും അധികം മന്ത്രിമാരുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അഞ്ചുപേരാണ് കണ്ണൂരിനെ പ്രതിനിധീകരിക്കുന്നത്. തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ക്ക് മൂന്ന് മന്ത്രിമാരുണ്ട്. കൊല്ലത്ത് രണ്ടും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ ഓരോ മന്ത്രിമാരുമുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് എന്നിവയാണ് മന്ത്രിമാരില്ലാത്ത ജില്ലകള്‍.
Next Story

RELATED STORIES

Share it