മന്ത്രിതല ചര്‍ച്ചയിലെ തീരുമാനം പഞ്ചായത്തുകള്‍ നടപ്പാക്കുന്നില്ല; 28 മുതല്‍ പെട്രോള്‍പമ്പുകള്‍ സമരത്തിലേക്ക്

കൊച്ചി: മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചില ഗ്രാമപ്പഞ്ചായത്തുകള്‍ തയ്യാറാവുന്നില്ലെന്ന് പരാതി. ഇതിന്റെ പശ്ചാത്തലത്തില്‍ ഈമാസം 28 മുതല്‍ സംസ്ഥാനത്തെ താലൂക്ക് അടിസ്ഥാനത്തില്‍ പെട്രോള്‍പമ്പുകള്‍ അടച്ചിട്ട് സമരം നടത്താന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു.
ട്രേഡ് ലൈസന്‍സ് വിഷയത്തില്‍ പെട്രോള്‍പമ്പുകള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ പമ്പുടമകളുടെയും എണ്ണ കമ്പനി മാനേജമെന്റുകളുടെയും സംയുക്ത യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു. പമ്പുകള്‍ക്കുളള ട്രേഡിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പൊതുവായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും; ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ നല്‍കിയ ലൈസന്‍സുകള്‍ ട്രേഡര്‍മാര്‍ ട്രേഡിങ് ലൈസന്‍സ് പുതുക്കുന്ന സമയത്ത് പുതുക്കി സമര്‍പ്പിക്കണമെന്നു തദ്ദേശസ്ഥാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കും. ട്രേഡിങ് ലൈസന്‍സുകള്‍ ഒഴികെയുള്ള മറ്റെല്ലാ ലൈസന്‍സുകളും എടുക്കുന്നതിനും പുതുക്കുന്നതിനും പെട്രോളിയം കമ്പനികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഏകജാലക സംവിധാനം ഉണ്ടാക്കും തുടങ്ങിയവയായിരുന്നു ചര്‍ച്ചയില്‍ തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു പമ്പുടമകള്‍ അന്ന് സമരം പിന്‍വലിച്ചത്.
എന്നാല്‍ ഈ തീരുമാനപ്രകാരം സംസ്ഥാനത്തെ 80 ശതമാനത്തോളം ഗ്രാമപ്പഞ്ചായത്തുകളും പമ്പുകള്‍ക്ക് ട്രേഡ് ലൈസന്‍സുകള്‍ പുതുക്കിനല്‍കിയെങ്കിലും ചില പഞ്ചായത്തുകള്‍ പുതുക്കിനല്‍കുന്നില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യനും സെക്രട്ടറി എം രാധാകൃഷ്ണനും പറഞ്ഞു. ഏപ്രില്‍ 28ആണ് ട്രേഡ് ലൈസന്‍സുകള്‍ എടുക്കേണ്ട അവസാന തിയ്യതി. എന്നാല്‍ ചില ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ട്രേഡ് ലൈസന്‍സ് നല്‍കാതെ ഡീലര്‍മാരെ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരത്തില്‍ ലൈസന്‍സ് അനുവദിക്കാത്ത പഞ്ചായത്തുകള്‍ നിലകൊളളുന്ന താലൂക്കൂകളില്‍ 28ന് ശേഷം പമ്പുകളടച്ച് സമരം ചെയ്യാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കമ്പനികള്‍ എടുത്ത അഗ്നിശമന, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കുന്നതിനായി കമ്പനികളും സര്‍ക്കാരുമായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിവരുകയാണ്. എന്നിട്ടും ട്രേഡ് ലൈസന്‍സ് നല്‍കാതെ ചില പഞ്ചാത്തുകള്‍ ഡീലര്‍മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു. താലൂക്ക് തലത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ജില്ലയിലേക്കും പിന്നീട് സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it