മനോരോഗി ക്ഷേത്രം അശുദ്ധമാക്കി; ജമ്മുവില്‍ സംഘര്‍ഷം

ജമ്മു: മനോരോഗി ക്ഷേത്രം അശുദ്ധമാക്കിയതിനെച്ചൊല്ലി ജമ്മു നഗരത്തില്‍ സംഘര്‍ഷം. ജമ്മുവിലെ രൂപ് നഗര്‍ മേഖലയിലുള്ള പ്രാചീന ക്ഷേത്രമാണ് അശുദ്ധമാക്കിയതെന്ന് പോലിസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി.
അക്രമങ്ങള്‍ വ്യാപിക്കുന്നതു തടയുന്നതിന്റെ ഭാഗമായി മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. പ്രദേശത്ത് മതിയായ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ജമ്മു ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സിംറാസ ദീപ്‌സിങ് പറഞ്ഞു. നഗരത്തില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ഈ അവസ്ഥ തുടരുന്നുവെങ്കില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച ആള്‍ക്കെതിരേ കേസെടുത്തു. ഒരു പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ചൊവ്വാഴ്ച രാത്രി ജനക്കൂട്ടം മൂന്നു വാഹനങ്ങള്‍ കത്തിച്ചിരുന്നു. പോലിസിനു നേരെ കല്ലേറുമുണ്ടായി. അതേസമയം, ശാന്തത പാലിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജനങ്ങളോടഭ്യര്‍ഥിച്ചു. ക്ഷേത്രം മലിനപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജമ്മുവില്‍ ബന്ദാചരിച്ചു.
ഒരു സംഘടനയും ബന്ദിന് ആഹ്വാനംചെയ്തിരുന്നില്ല. വ്യാപാരികള്‍ സ്വയം കടകള്‍ അടയ്ക്കുകയായിരുന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല. ജമ്മു വിഷയം നിയമസഭയിലും അലയടിച്ചു. സഭ ചേര്‍ന്ന ഉടന്‍ ബിജെപി അംഗങ്ങളാണു ബഹളം സൃഷ്ടിച്ചത്. ജമ്മുവില്‍ ചില സാമൂഹികവിരുദ്ധരാണു കുഴപ്പം സൃഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയിറക്കണമെന്നും ബിജെപി എംഎല്‍എ രവീന്ദര്‍ റെയ്‌ന ആവശ്യപ്പെട്ടു. ജമ്മു മേഖലയിലെ കശ്മീരികളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് അംഗം അല്‍താഫ് അഹ്മദ് കല്ലുവും സ്വതന്ത്രാംഗം ശെയ്ഖ് അബ്ദുല്‍ റാഷിദും ആവശ്യപ്പെട്ടത്. ജമ്മുവിലെ പഹല്‍ഗാമില്‍ നാല് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കല്ലു ചോദിച്ചു. ക്ഷേത്രം മലിനമാക്കിയതിനെ സഭ ഒന്നടങ്കം അപലപിക്കണമെന്നും സംസ്ഥാനത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്നും സിപിഎം അംഗം എം വൈ തരിഗാമിയും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it