മനോജ് വധത്തില്‍ പങ്കില്ലെന്ന് ജയരാജന്‍; ചോദ്യം ചെയ്യല്‍ ഇടയ്ക്ക് തടസ്സപ്പെട്ടു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇന്നലെയും എട്ടംഗ സിബിഐ സംഘം ചോദ്യം ചെയ്തു. രാവിലെ 10.30നു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് ആറുവരെ നീണ്ടു.
മനോജ് വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും കൊലപാതകത്തില്‍ പാര്‍ട്ടിക്കോ തനിക്കോ യാതൊരു പങ്കുമില്ലെന്നും ജയരാജന്‍ പറഞ്ഞു. 1999ല്‍ തനിക്കു നേരെ നടന്ന അക്രമത്തിനു ശേഷം കിഴക്കേ കതിരൂരില്‍ നിന്നു താമസം മാറിയിട്ടുണ്ട്. അതിനുശേഷം വിക്രമനുമായി യാതൊരു ബന്ധവുമില്ല. വിക്രമന്റെ ഭാര്യയും പിതാവും ആവശ്യപ്പെട്ടതിനനുസരിച്ചാണ് അദ്ദേഹത്തിനായി ചികില്‍സാ സൗകര്യം ഒരുക്കിയത്. മനോജിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണ്. കൊല്ലപ്പെട്ടതിനു ശേഷമാണ് അയാള്‍ പരിവാര്‍ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ പി ജയരാജന്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ചോദ്യം ചെയ്യല്‍ തടസ്സപ്പെട്ടു. 12ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു ശേഷം വൈകീട്ട് മൂന്നുവരെ ചോദ്യം ചെയ്യുന്ന മുറിയിലേക്ക് ജയരാജന്‍ എത്തിയില്ല. പിന്നീട് നാലു മുതല്‍ ആറുവരെ ചോദ്യം ചെയ്തു.
സിബിഐ എസ്പി ജോസ് മോഹന്‍, ഡിവൈഎസ്പി ഹരി ഓംപ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങുന്ന സംഘമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയരാജനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാന്‍ സിബിഐയ്ക്കു തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നല്‍കിയ സമയപരിധി ഇന്നു വൈകീട്ട് ആറിനു തീരും. മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കുന്നതിനാല്‍ പി ജയരാജനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും.
അതേസമയം, മനോജ് വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാരും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. റിമാന്‍ഡ് പ്രതിയായ ജയരാജനെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികില്‍സിക്കാന്‍ സൗകര്യം ഒരുക്കിയത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. അട്ടിമറി ശ്രമത്തിനെതിരേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 14ന് മാര്‍ച്ച് നടത്തുമെന്നും ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it