മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജയരാജനെതിരേ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, കെ പി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പ്രസ്താവിച്ചു.
ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമവിരുദ്ധ നിരോധന നിയമത്തിലെ സെക്ഷന്‍ 15 ബാധകമാണ്. ബോംബോ, സ്‌ഫോടകവസ്തുക്കളോ, മാരകായുധങ്ങളോ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനം നടത്തിയാല്‍ യുഎപിഎയുടെ പരിധിയില്‍ വരും. ഒരാള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ നിരവധിപേര്‍ മരിക്കുകയോ ചെയ്‌തോ എന്നതല്ല ഇതിന്റെ മാനദണ്ഡം. ഉപയോഗിച്ച ബോംബ് നാടനായാലും ഫാക്ടറി നിര്‍മിതമായാലും ഒന്നുതന്നെ. അതിനാല്‍ നാടന്‍ബോംബാണ് സംഭവത്തിന് ഉപയോഗിച്ചതെന്ന വാദത്തില്‍ കഴമ്പില്ല.
യുഎപിഎ സെക്ഷന്‍ 15 പ്രകാരമുള്ള നിര്‍വചനത്തില്‍ ഉള്‍പ്പെടണമെങ്കില്‍ പാര്‍ലമെന്റ് ആക്രമണമോ മുംബൈ സ്‌ഫോടനമോ പോലുള്ള ഭീകരാക്രമണമാവണമെന്നില്ല. ഭീകരപ്രവര്‍ത്തനത്തിന് പ്രത്യേക മാനദണ്ഡം തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്റ് ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നാല്‍ അപ്പോള്‍ പരിഗണിക്കാം. യുഎപിഎ സെക്ഷന്‍ 438 ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കേസ് ഡയറിയുടെ ആറു ഭാഗം പരിശോധിച്ചു. യുഎപിഎ സെക്ഷന്‍ 43 ഡി പ്രകാരം നിരവധി തെളിവുകള്‍ ഹരജിക്കാരനെതിരേയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമാണ് ഹരജിക്കാരന്‍. രണ്ടു തവണ നിയമസഭയിലേക്ക് മല്‍സരിച്ചു ജയിച്ചിട്ടുണ്ട്. കൂടാതെ അംഗവൈകല്യമുള്ള വ്യക്തിയും ഹൃദ്രോഗിയുമാണെന്നും ഹരജിക്കാരന്‍ അറിയിച്ചു.
ഇക്കാര്യങ്ങളില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍, സമ്പന്നനും ദരിദ്രനും ഉയര്‍ന്നവനും താഴ്ന്നവനുമെല്ലാം നിയമത്തിനു മുന്നില്‍ തുല്യരാണ്. അതിനാല്‍ ഹരജിക്കാരന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജയരാജന്റെ ഉറ്റസഹായിയാണ് മുഖ്യപ്രതി വിക്രമന്‍. ജയരാജനെ ആക്രമിച്ച കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് കൊല്ലപ്പെട്ട മനോജ്. അതിനാല്‍ മനോജിനോട് വ്യക്തിവൈരാഗ്യം ഉണ്ടാവാമെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it