മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ 25ാം പ്രതിയായതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ ഇതു മുന്നാംതവണയാണ് പി ജയരാജന്‍ ജാമ്യംതേടി കോടതിയെ സമീപിക്കുന്നത്. എന്നാല്‍, ആദ്യ രണ്ടുതവണയും പ്രതിചേര്‍ക്കാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. പി ജയരാജനെ പ്രതിചേര്‍ത്തിട്ടില്ലെന്ന് സിബിഐയും കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 21ന് സിബിഐ ജയരാജനെ 25ാം പ്രതിയാക്കി കോടതിക്ക് റിപോര്‍ട്ട് നല്‍കിയതോടെയാണ് മുന്നാംതവണ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. 28ന് ജാമ്യാപേക്ഷയില്‍ വാദംകേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പി ജയരാജനെതിരേ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. യുഎപിഎയും ചാര്‍ജ് ചെയ്തിട്ടുണ്ട്.
കൊലപാതകം നടന്ന് 505 ദിവസമായിട്ടും തെളിവ് ലഭിക്കാത്ത അന്വേഷണസംഘത്തിന് 508ാം ദിവസം തെളിവ് ലഭിച്ചതിന്റെ യുക്തി അശാസ്ത്രീയമാണെന്ന് ജയരാജന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതെ പി ജയരാജന്‍ മാറിനില്‍ക്കുന്നത് എന്തിനാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ചോദിച്ചിരുന്നു.
അതിനിടെ, ഇന്നത്തെ ജാമ്യാപേക്ഷയില്‍ ജയരാജന് അനുകൂലമായി വിധിവന്നില്ലെങ്കില്‍ അത് പാര്‍ട്ടിയെയും അദ്ദേഹത്തെയും പ്രതികൂലമായി ബാധിക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍, ജയരാജന് സിബിഐ മുമ്പാകെ കീഴടങ്ങേണ്ടി വരും. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാം.
എന്നാല്‍, ഇതിനൊക്കെ സിബിഐ അനുവദിക്കുമോയെന്ന കാര്യവും സംശയമാണ്. പ്രതിചേര്‍ത്ത സ്ഥിതിക്ക് ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്യാനായിരിക്കും സിബിഐ നീക്കം നടത്തുകയെന്നറിയുന്നു. കൂടാതെ, ജാമ്യം തള്ളുന്ന കോടതി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ കല്‍പ്പിച്ചാല്‍ അത്, മറ്റൊരു നിയമനടപടി സ്വീകരിക്കുന്നതിന് ജയരാജന് തടസ്സമാവുകയും ചെയ്‌തേക്കും.
Next Story

RELATED STORIES

Share it